മുത്തൂറ്റ് എഫ്എ, കിക്ക്സ്റ്റാര്‍ട്ട് എഫ്‌സി, ശ്രീനിധി ഡെക്കാന്‍ എഫ്‌സി ടീമുകള്‍ ദേശീയ ഗ്രൂപ്പ് സ്റ്റേജിലേക്ക് യോഗ്യത നേടി. മത്സരത്തിന്റെ അടുത്ത ഘട്ടത്തില്‍ മൂന്ന് ടീമുകളും ഡെംപോ എഫ്‌സി, എഫ്‌സി ഗോവ, മുംബൈ സിറ്റി എഫ്‌സി എന്നിവയ്‌ക്കൊപ്പം മാറ്റുരയ്ക്കും
കൊച്ചി: റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗ് (ആര്‍എഫ്ഡിഎല്‍) സോണല്‍ ഗ്രൂപ്പ് സ്‌റ്റേജിന്റെ സമാപന മല്‍സരത്തില്‍ മുത്തൂറ്റ് എഫ്എ, കിക്ക്സ്റ്റാര്‍ട്ട് എഫ്‌സി, ശ്രീനിധി ഡെക്കാന്‍ എഫ്‌സി ടീമുകള്‍ ദേശീയ ഗ്രൂപ്പ് സ്റ്റേജിലേക്ക് യോഗ്യത നേടി. മത്സരത്തിന്റെ അടുത്ത ഘട്ടത്തില്‍ മൂന്ന് ടീമുകളും ഡെംപോ എഫ്‌സി, എഫ്‌സി ഗോവ, മുംബൈ സിറ്റി എഫ്‌സി എന്നിവയ്‌ക്കൊപ്പം മാറ്റുരയ്ക്കും.ടൂര്‍ണമെന്റിന്റെ അവസാന ദിനത്തില്‍, മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ലീഗ് നേതാക്കളായ മുത്തൂറ്റ് എഫ്എയും രണ്ടാം സ്ഥാനക്കാരായ ശ്രീനിധി ഡെക്കാന്‍ എഫ്‌സിയും ഒരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. മുത്തൂറ്റ് എഫ്എയ്ക്കുവേണ്ടി മുഹമ്മദ് സിയാസും ശ്രീനിധി ഡെക്കാന്‍ എഫ്‌സിയുടെ ലാംഗുന്‍ലാല്‍ കിപ്‌ജെനും ഗോളുകള്‍ നേടി.തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ആര്‍എഫ്ഡിഎല്‍ ദേശീയ റൗണ്ടിലേക്ക് യോഗ്യത നേടാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്ന് മുത്തൂറ്റ് എഫ്എയുടെ മുഖ്യ പരിശീലകന്‍ കെ അനീസ് പറഞ്ഞു.
അക്കാദമി ശക്തമായ അടിത്തറ കെട്ടിപ്പടുക്കുകയും ഹൈ പ്രഷര്‍ ഗെയിമുകളില്‍ മികച്ച അനുഭവപരിചയം നേടി എന്നതിന്റെയും പ്രതിഫലനമാണിത്. ദേശീയ റൗണ്ട് രാജ്യത്തുടനീളമുള്ള മികച്ച ടീമുകളെ ഒരുമിച്ച് കൊണ്ടുവരുന്നു. മുത്തൂറ്റ് എഫ്എ കൂടുതല്‍ വൈവിധ്യമാര്‍ന്ന കളിരീതികളും ഉയര്‍ന്ന തലത്തിലുള്ള നൈപുണ്യവും ശാരീരികക്ഷമതയും പ്രകടമാക്കും. നിലവിലെ പ്രകടനം നിലനിര്‍ത്തുകയും ഞങ്ങളുടെ തന്ത്രങ്ങള്‍ നന്നായി നടപ്പിലാക്കുകയും ചെയ്താല്‍, നാഷണല്‍ ഗ്രൂപ്പ് സ്‌റ്റേജില്‍ മികച്ച സ്ഥാനം നേടിയെടുക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആവേശകരമായ മറ്റൊരു മല്‍സരത്തില്‍, കിക്ക്സ്റ്റാര്‍ട്ട് എഫ്‌സി കര്‍ണാടകയും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയും ഒരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ഒരു പോയിന്റിന്റെ ബലത്തില്‍ കിക്ക്സ്റ്റാര്‍ട്ട് എഫ്‌സി അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു.മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ 25ാം മിനിറ്റില്‍ ദേവോ അതോക്പം ബ്ലാസ്‌റ്റേഴ്‌സിന് ലീഡ് നല്‍കിയിരുന്നു. 87ാം മിനിറ്റില്‍ കിക്ക്സ്റ്റാര്‍ട്ട് എഫ്‌സി പ്രെമിഷ് ടി സമനില ഗോള്‍ നേടി. ഗോകുലം കേരള എഫ്‌സിയും റൂട്ട്‌സ് എഫ്‌സിയും തമ്മിലുള്ള മൂന്നാം മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. ആര്‍ഡിഎഫ്എല്‍ നാഷണല്‍ ഗ്രൂപ്പ് സ്‌റ്റേജിലേക്ക് നിലവില്‍ ആറ് ടീമുകള്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു.