പുരപ്പുറ സൗരോര്‍ജ്ജം:
പ്രോത്സാഹനവുമായി ഫെഡറല്‍ ബാങ്ക് 

സൗരോര്‍ജ്ജ വൈദ്യുത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന എംഎസ്എംഇ സംരംഭങ്ങള്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ആദ്യത്തെ സമഗ്ര സഹകരണ വായ്പാ പദ്ധതിയാണിത്

 

കൊച്ചി: സൗരോര്‍ജ്ജ വൈദ്യുത സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന ചെറുകിട സംരംഭങ്ങള്‍ക്കു സാമ്പത്തിക പിന്തുണ നല്‍കാന്‍ ഹരിത മേഖലയില്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന എന്‍ബിഎഫ്സിയായ ഇകോഫൈയുമായി ഫെഡറല്‍ ബാങ്ക് സഹകരിക്കും. സൗരോര്‍ജ്ജ വൈദ്യുത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന എംഎസ്എംഇ സംരംഭങ്ങള്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ആദ്യത്തെ സമഗ്ര സഹകരണ വായ്പാ പദ്ധതിയാണിത്.

3600 കിലോവാട്ട് പുരപ്പുറ സൗരോര്‍ജ്ജ സംവിധാനങ്ങള്‍ ഓരോ വര്‍ഷവും സ്ഥാപിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓരോ വര്‍ഷവും 2500 ടണ്ണിലേറെ കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കാനും സുസ്ഥിര വികസനം പ്രോല്‍സാഹിപ്പിക്കാനും ഇതിലൂടെ സാധിക്കും. ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളുടെ വൈദ്യുതി ഉപയോഗത്തിന്റെ ഗണ്യമായ പങ്കും പകല്‍ സമയങ്ങളിലാണെന്നതും ഈ നീക്കത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.
സുസ്ഥിര ബിസിനസ് രീതികള്‍ പ്രോല്‍സാഹിപ്പിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഇകോഫൈയുമായുള്ള സഹകരണത്തിലൂടെ ഉയര്‍ത്തിക്കാട്ടപ്പെടുന്നതെന്ന് ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു.

വാണിജ്യ സ്ഥാപനങ്ങള്‍ക്ക് താങ്ങാനാവുന്ന വിധത്തില്‍ സൗരോര്‍ജ്ജ സംവിധാനങ്ങള്‍ക്കായി സാമ്പത്തിക സഹായം നല്‍കുന്നതിലൂടെ വൈദ്യുത ചെലവു കുറക്കാനും ഇന്ത്യയുടെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ നിറവേറ്റാനും സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചെറുകിട, ഇടത്തരം, സൂക്ഷ്മ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയുടെ സമ്പദ്ഘടനയില്‍ ഗണ്യമായ സ്ഥാനമാണുള്ളതെങ്കിലും സുസ്ഥിര ഊര്‍ജ്ജ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ഈ മേഖല വലിയ വെല്ലുവിളികളാണു നേരിടുന്നതെന്ന് ഇകോഫൈ സഹസ്ഥാപകയും മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജശ്രീ നമ്പ്യാര്‍ പറഞ്ഞു.

20 മുതല്‍ 200 കിലോവാട്ട് വരെയുള്ള സൗരോര്‍ജ്ജ സംവിധാനങ്ങള്‍ സ്ഥാപിക്കാനുള്ള സാമ്പത്തിക പിന്തുണയാണ് ഫെഡറല്‍ ബാങ്കുമായുള്ള ഈ സഹകരണത്തിലൂടെ തങ്ങള്‍ ലഭ്യമാക്കുന്നതെന്നും രാജശ്രീ നമ്പ്യാര്‍ പറഞ്ഞു.

 

Spread the love