കാഴ്ച പരിമിതര്‍ക്ക് എ.ഐ കണ്ണട

മുന്നിലുള്ള കാഴ്ച്ചകള്‍ തിരിച്ചറിഞ്ഞ് വ്യഖ്യാനിക്കുന്ന വോയ്‌സ് അസിസ്റ്റന്റ് കണ്ണടയിലുണ്ട്

 

കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബലിന്റെ പദ്ധതിയായ ‘പ്രോജക്റ്റ് സൂര്യ’യുടെ ഭാഗമായി കാഴ്ച്ച പരിമിതിയുള്ളവര്‍ക്കായി 65 സ്മാര്‍ട്ട് ഓണ്‍ കണ്ണടകള്‍ ഇന്‍ഫോപാര്‍ക്ക് തപസ്യ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.ഹൈബി ഈഡന്‍ എം.പി. വിതരണോത്ഘാടനം നിര്‍വഹിച്ചു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ അന്ധതയെ മറികടന്ന് സ്വതന്ത്രവും, ആശ്രയമില്ലാത്തതുമായ ജീവിതത്തിന് സാഹചര്യമൊരുക്കുന്ന സന്നദ്ധ പ്രവര്‍ത്തനം ഏറെ മാതൃകാപരമാണെന്ന് ഹൈബി ഈഡന്‍ എം പി പറഞ്ഞു.

ഉമാ തോമസ് എം.എല്‍.എ, റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ ജെ.ജെ. തോമസ്, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബല്‍ പ്രസിഡന്റ് ഡോ. സുജിത് ജോസ്, വോയിസ് ഓഫ് സ്‌പെഷ്യലി ഏബിള്‍ട് പീപ്പിള്‍ സ്ഥാപകന്‍ പ്രണവ് ദേശായി, സണ്‍ബോട്ട് ഇന്നോവേഷന്‍സ് സ്ഥാപകന്‍ സുകേത് അമീന്‍, രൂപക് ഫ്രാന്‍സിസ് പാറക്കല്‍എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

കാഴ്ച പരിമിതര്‍ക്കായി ക്യാമറ, സെന്‍സര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) എന്നിവ സംയോജിപ്പിച്ച് പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്ണടകളാണ് സ്മാര്‍ട്ട് ഓണ്‍.വോയിസ് ഓഫ് സ്‌പെഷ്യലി ഏബിള്‍ട് പീപ്പിള്‍  സംഘടനയാണ് റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബലിന് സ്മാര്‍ട്ട് ഓണ്‍ കണ്ണടകള്‍ സംഭാവന ചെയ്തത്.അന്ധത മറികടക്കുന്ന ഈ സാങ്കേതിക വിപ്ലവം കൂടുതല്‍ ആവശ്യക്കാരില്‍ എത്തിക്കാന്‍ സമൂഹത്തിന് സാധിക്കണമെന്ന് റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബല്‍ പ്രസിഡന്റ് ഡോ. സുജിത് ജോസ് പറഞ്ഞു.

മുന്നിലുള്ള കാഴ്ച്ചകള്‍ തിരിച്ചറിഞ്ഞ് വ്യഖ്യാനിക്കുന്ന വോയ്‌സ് അസിസ്റ്റന്റ് കണ്ണടയിലുണ്ട്. ജി.പി.എസ് നാവിഗേഷന്‍, തടസ്സങ്ങള്‍ തിരിച്ചറിയില്‍, വിവിധ റെകഗ്നിഷന്‍ ശേഷികള്‍ എന്നിവ വഴി പരസഹായമില്ലാതെ യാത്ര ചെയ്യാന്‍ ഇത് സഹായിക്കും. മാത്രമല്ല, കാഴ്ച്ച പരിമിതര്‍ക്ക് വേണ്ടി വായന സാധ്യമാക്കാനും കണ്ണടയ്ക്ക് കഴിയും. സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിച്ചാണ് ഇത് ഉപയോഗിക്കുന്നത്.

 

 

Spread the love