കൈകളുടെയും കാലുകളുടെയും മസില്‍ ചുരുങ്ങുന്ന രോഗമുള്ള അനന്തുവിനെ സംഘാടകര്‍ താങ്ങിപ്പിടിച്ചാണ് വേദിയില്‍ എത്തിച്ചത്.
കൊച്ചി: വൈദ്യശാസ്ത്രത്തിന് പോലും കണ്ടെത്താന്‍ കഴിയാത്ത രോഗത്തെ നിശ്ചയദാര്‍ഢ്യം കൊണ്ട് പൊരുതി തോല്‍പ്പിച്ചാണ് വയനാട് മാനന്തവാടി സുധര്‍മ്മ ഹൗസില്‍ എസ് അനന്തു(28) സ്ഥിരവരുമാനമുള്ള ജോലിയെന്ന തന്റെ ചിരകാല സ്വപ്‌നം നേടിയെടുത്തത്. പതിനഞ്ചാമത് ദേശീയ തല റോസ്ഗാര്‍ മേളയുടെ ഭാഗമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് (സിബി ഐസി) തിരുവനന്തപുരം സോണിന്റ നേതൃത്വത്തില്‍ എറണാകുളം ടി.ഡി.എം ഹാളില്‍ സംഘടിപ്പിച്ച മേളയില്‍ കേന്ദ്ര പെട്രോളിയം ആന്റ് ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയില്‍ നിന്നും ബാങ്ക് ഓഫ് ബറോഡയില്‍ ക്ലാര്‍ക്കായുള്ള നിയമന ഉത്തരവ് ഏറ്റുവാങ്ങിയപ്പോള്‍ വിധി സമ്മാനിച്ച പേരറിയാത്ത രോഗം പോലും അനന്തുവിന്റെ കണ്ണുകളില്‍ വിരിഞ്ഞ വിജയത്തിളക്കത്തില്‍ മുട്ടു മടക്കി. കൈകളുടെയും കാലുകളുടെയും മസില്‍ ചുരുങ്ങുന്ന രോഗമുള്ള അനന്തുവിനെ സംഘാടകര്‍ താങ്ങിപ്പിടിച്ചാണ് വേദിയില്‍ എത്തിച്ചത്. ഏഴാം വയസിലാണ് ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ രോഗം അനന്തുവില്‍ കണ്ടെത്തുന്നത്. നടക്കുമ്പോള്‍ ഒരു വശം ചെരിഞ്ഞു പോകുന്നതുപോലെയായിരുന്നു തുടക്കം.
ആദ്യമേയൊന്നും ആരും ഇത് കാര്യമാക്കിയില്ല. പിന്നീട് കാല്‍പാദം പാടെ ചരിഞ്ഞതോടെ അമ്മ സജിമോള്‍ അന്തുവിനെ ആശുപത്രിയില്‍ കാണിച്ചു. ക്രമേണ കൈകളുടെയും സ്വാധീനം കുറഞ്ഞു തുടങ്ങി നിരവധി ആശുപത്രികള്‍ കയറിയിറങ്ങി ഒട്ടേറെ പരിശോധനകള്‍ നടത്തിയെങ്കിലും രോഗം എന്താണെന്ന് മാത്രം കണ്ടുപിടിക്കാന്‍ സാധിച്ചില്ല. എല്‍.ഐ.സി ഏജന്റായ സജിമോളുടെ വരുമാനത്തിലായിരുന്നു അനന്തുവും സഹോദരി അര്‍ച്ചനയും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. വാടകവീട്ടിലായിരുന്നു താമസം. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നുവെങ്കിലും ബംഗളുരുവിലെ നിംഹാന്‍സില്‍ അനന്തുവിനെ എത്തിച്ചു പരിശോധന നടത്തിയെങ്കിലും എന്താണ് രോഗമെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ സ്‌കൂള്‍, കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അനന്തു എങ്ങനെയും ഒരു ജോലി നേടാനുള്ള ശ്രമം ആരംഭിച്ചു. എന്തെങ്കിലും ബിസിനസ് ചെയ്യാമെന്നായിരുന്നു തുടക്കത്തില്‍ തീരുമാനിച്ചതെങ്കിലും ശാരീരിക വെല്ലുവിളികള്‍ അതിനു തടസമാകുമെന്നേ ബോധ്യമായതോടെ ജോലി നേടാനായിരുന്നു പിന്നീടുള്ള ശ്രമം.
ഡെവലപ്‌മെന്റ് എക്കണോമിക്‌സില്‍ ബിരുദം നേടിയിരുന്നതിനാല്‍ ആ വഴിയ്ക്കുള്ള ജോലിയ്ക്ക് ശ്രമം ആരംഭിച്ചു. അമ്മ സജിമോളുടെ നിര്‍ദ്ദേശം പ്രകാരം ബാങ്ക് ജോലിയ്ക്കുള്ള കോച്ചിംഗിന് ചേര്‍ന്ന് പഠനം ആരംഭിച്ചു. 2021 മുതല്‍ മൂന്നു തവണ ഐബിപിഎസ്- ക്ലാര്‍ക്ക് പരീക്ഷ എഴുതിയെങ്കിലും മൂന്നു തവണയും മെയിന്‍സില്‍ പരാജയപ്പെട്ടു. പ്രിലിംസ് മാത്രമാണ് അനന്തുവിന് വിജയിക്കാന്‍ സാധിച്ചത്. പഠനത്തിനായി നല്ലൊരു തുക ചിലവായെങ്കിലു വിജയിക്കാന്‍ കഴിയാതെ വന്നതോടെ അന്തുവിന്റെ മനസ് മടുത്തുവെങ്കിലും അമ്മ സജിമോള്‍ അന്തുവിനെ വീണ്ടും പ്രോല്‍സാഹിപ്പിച്ചുകൊണ്ടിരുന്നു. 2024 ല്‍ നടന്ന പരീക്ഷയില്‍ പ്രിലിംസും മെയിന്‍സും പാസായി തന്റെ സ്വപ്‌നത്തിലേക്കുള്ള ആദ്യ പടി കടന്നു. ഇന്നലെ എറണാകുളത്ത് നടന്ന റോസ്ഗാര്‍ മേളയില്‍ ബാങ്ക് ഓഫ് ബറോഡ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയില്‍ നിന്ന് അനന്തു നിയമന ഉത്തരവ് ഏറ്റുവാങ്ങിയത്. സുഹൃത്തുക്കളുടെയും മറ്റും സഹായത്തോടെയും ബാങ്കില്‍ നിന്നും വായ്‌പെടുത്തും സ്വന്തമായി ഒരു വീടു നിര്‍മ്മിച്ച് വാടക വീടുക തേടിയുള്ള യാത്രയ്ക്ക് അനന്തു വിരാമം ഇട്ടിരുന്നു. കടങ്ങള്‍ വീട്ടണം അസിസ്റ്റന്റ് മാനജര്‍ തസ്തികയിലേക്കുളള പരീക്ഷ എഴുതി പാസാകണം അതിനാണ് ഇനിയുളള തന്റെ ശ്രമമെന്നും അനന്തു പറഞ്ഞു.