കൊച്ചി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള വനിതകളില്‍ 90 ശതമാനവും തങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് സമ്പാദിക്കുന്നതിന് മാറ്റിവെയ്ക്കുന്നതായി സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണ ഇന്ത്യയിലെ വനിതാ സംരംഭകരുടെ പ്രതീക്ഷകളേയും വെല്ലുവിളികളേയും സാമ്പത്തിക രീതികളേയും കുറിച്ച് ഡിബിഎസ് ബാങ്ക് ഹാക്ദര്‍ശകുമായി സഹകരിച്ചു നടത്തിയ സര്‍വ്വേയിലെ
സമഗ്ര റിപ്പോര്‍ട്ടിലാണ്് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 2025ലെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഈ റിപ്പോര്‍ട്ട് ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ ‘വുമണ്‍ ആന്‍ഡ് ഫിനാന്‍സ്’ (ഡബ്ല്യുഎഎഫ്) പഠനം 2024ന്റെ തുടര്‍ച്ചയാണ്.
സാമ്പത്തിക തീരുമാനങ്ങളുടെ കാര്യത്തില്‍ വനിതകള്‍ക്കുള്ള സ്വാതന്ത്ര്യം വര്‍ധിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 18 ശതമാനം പേര്‍ സാമ്പത്തിക തീരുമാനങ്ങള്‍ സ്വതന്ത്രമായി കൈക്കൊള്ളുമ്പോള്‍ 47 ശതമാനം പേര്‍ ഭര്‍ത്താവുമായി ചേര്‍ന്നു സംയുക്തമായി തീരുമാനങ്ങള്‍ എടുക്കുന്നു. അതേ സമയം 24 ശതമാനം പേര്‍ ഭര്‍ത്താവാണ് എല്ലാ സാമ്പത്തിക തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്നു വെളിപ്പെടുത്തി. 11 ശതമാനം പേര്‍ അടുത്ത കുടുംബാംഗങ്ങളുമായി ഇക്കാര്യത്തില്‍ ഉപദേശം തേടുന്നു.തങ്ങളുടെ വരുമാനത്തിന്റെ ഒരു പങ്കു സമ്പാദിക്കാനായി മാറ്റിവെയ്ക്കുന്നതായി 90 ശതമാനം പേര്‍ വെളിപ്പെടുത്തിയപ്പോള്‍ അതില്‍ 57 ശതമാനം പേര്‍ പ്രതിമാസ വരുമാനത്തിന്റെ 20 ശതമാനത്തില്‍ താഴെ മാത്രമാണു സമ്പാദിക്കുന്നതെന്നും വ്യക്തമാക്കി.
33 ശതമാനം പേര്‍ 20 ശതമാനത്തിനും 50 ശതമാനത്തിനും ഇടയിലാണു സമ്പാദിക്കുന്നത്. 5 ശതമാനം പേര്‍ വരുമാനത്തിന്റെ 50 ശതമാനത്തിലേറെ സമ്പാദിക്കുന്നു.സമ്പാദ്യം നടത്തുന്നവരില്‍ 56 ശതമാനവും ബാങ്ക് നിക്ഷേപങ്ങളാണ് തിരഞ്ഞെടുക്കുന്നത്. 39 ശതമാനം പേര്‍ സ്വാശ്രയ സംഘങ്ങളുടെ പദ്ധതികളില്‍ പങ്കെടുക്കുന്നുണ്ട്. 18 ശതമാനം പേര്‍ പണം എങ്ങും നിക്ഷേപിക്കാതെ തന്നെ സൂക്ഷിക്കുകയുമാണെന്നും ഡിബിഎസ് ബാങ്ക് ഇന്ത്യ മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സ്ട്രാറ്റജിക് മാര്‍ക്കറ്റിങ് ആന്റ് കമ്യൂണിക്കേഷന്‍സ് മേധാവിയുമായ അസ്മത് ഹബീബുള്ള പറഞ്ഞു.