റിയല്‍ടൈം റിമോട്ട് മോണിറ്ററിംഗ്, ക്ലിനിക്കല്‍ കണക്റ്റിവിറ്റി സൗകര്യം എന്നിവയുള്ള റിനാലിക്സ് ആര് ടി 21 മെഷീന് 6.70 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്.
കൊച്ചി: പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ എഐ, ക്ലൗഡ് അധിഷ്ഠിത സ്മാര്‍ട്ട് ഹീമോഡയാലിസിസ് മെഷീന് വിപണിയിറക്കി വൃക്ക പരിചരണ മേഖലയിലെ ടെക് ഇന്നവേഷന്‍ കമ്പനിയായ റെനാലിക്സ് ഹെല്‍ത്ത് സിസ്റ്റംസ്.റിയല്‍ടൈം റിമോട്ട് മോണിറ്ററിംഗ്, ക്ലിനിക്കല്‍ കണക്റ്റിവിറ്റി സൗകര്യം എന്നിവയുള്ള റിനാലിക്സ് ആര് ടി 21 മെഷീന് 6.70 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. താങ്ങാനാവുന്ന നിരക്കില്‍ ഡയാലിസിസ് നടത്താന്‍ കഴിയുന്നതിലൂടെ വൃക്ക പരിചരണം നഗര, ഗ്രാമങ്ങളിലുടനീളം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് റെനാലിക്സ് ഹെല്‍ത്ത് സിസ്റ്റംസിന്റെ സ്ഥാപകനും ഡയറക്ടറുമായ ഡോ. ശ്യാം വാസുദേവ റാവു പറഞ്ഞു.
ഇന്ത്യയില്‍ പൂര്‍ണ്ണമായും രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച ഡയാലിസിസ് മെഷീന് സങ്കീര്‍ണമായ വൃക്ക രോഗമുള്ളവര്‍ക്ക് മികച്ച പരിചരണം നല്‍കുന്നതിന് ക്ലൗഡ് അധിഷ്ഠിത ടെലിനെഫ്രോളജി പ്ലാറ്റ്ഫോമുകള് ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇയു, സിഇ സര്‍ട്ടിഫിക്കേഷനോടെ അതിനൂതന ഡയാലിസിസ് മെഷീന് നിര്‍മ്മിക്കുന്ന ആഗോളതലത്തില്‍ ആറാമത്തെയും ഇന്ത്യയിലെ ആദ്യ കമ്പനിയുമായി റെനാലിക്സ് ഇതോടെ മാറി. ദക്ഷിണാഫ്രിക്ക, അമേരിക്ക, യൂറോപ്പ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് ഡയാലിസിസ് മെഷീന് കയറ്റുമതി ചെയ്യാന്‍ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്.
5,000 മെഷീനുകളുടെ ഉല്പാദന ശേഷി കൈവരിക്കുന്നതിനായി അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 800 കോടി രൂപ നിക്ഷേപിക്കാന്‍ റെനാലിക്സ് പദ്ധതിയിടുന്നു. 2028 സാമ്പത്തിക വര്‍ഷത്തോടെ 1500 മെഷീനുകളുടെ അധിക ശേഷി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഓഹരി വില്പനയിലൂടെ ഫണ്ട് സ്വരൂപിക്കാനും പദ്ധതിയുണ്ട്. ബാംഗളൂരിലും മൈസൂരിലും മുംബൈയിലും കമ്പനിക്ക് നിലവില്‍ ഉല്പാദന യൂണിറ്റുകളുണ്ട്.