സിബിഐ പോലെയുള്ള ഏജന്‍സി കേസിന്റെ അന്വേഷണം ഉടന്‍ തന്നെ ഏറ്റെടുത്തില്ല എങ്കില്‍ നിലവിലെ കേസ് അന്വേഷണം യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തിച്ചേരാനുള്ള സാധ്യതയുടെ വാതില്‍ അടയ്ക്കും
ആലപ്പുഴ: തിരക്ക് പിടിച്ച് തന്ത്രിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഹൈക്കോടതിയില്‍ ഉള്‍പ്പെടെ പ്രത്യേക അന്വേഷണ സംഘം ഹാജരാക്കിയിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ശബരിമലയിലെ മോഷണത്തില്‍ പ്രത്യക്ഷ പങ്കാളിത്തം ആരോപിച്ചിട്ടില്ലാത്ത വ്യക്തിയാണ് തന്ത്രി, എന്നാല്‍ വളരെ പെട്ടെന്ന് തന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനമെടുത്തതിന് പിന്നില്‍ സര്‍ക്കാരിന്റെ താല്പര്യമാണെന്നാണ് വ്യക്തമാക്കപ്പെടുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശബരിമല മോഷണ കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ തന്ത്രിയെ അറസ്റ്റ് ചെയ്തത് ദുരൂഹമായ നടപടിയാണ്. മുന്‍ ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്ദാസിനെയൊ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്് പ്രശാന്തിനെയോ അറസ്റ്റ് ചെയ്യുന്നതിന് യാതൊരു താല്പര്യവും കാണിക്കാത്ത എസ്ഐടി ഇപ്പോള്‍ എടുത്ത നടപടി പൊതുസമൂഹത്തിന് വിശ്വസിക്കാന്‍ സാധിക്കാത്ത ഒന്നാണ്.
കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നുതന്നെയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ നിലപാട്. നിയമം അതിന്റെ വഴിക്ക് കൂടി പോകണം. എന്നാല്‍ തന്ത്രിയുടെ അറസ്റ്റോടു കൂടി അന്വേഷണം അവസാനിപ്പിച്ച് തിരക്കുപിടിച്ച് കുറ്റപത്രം സമര്‍പ്പിക്കുക എന്നുള്ളത് ഇടതുപക്ഷ സര്‍ക്കാരിന് നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുക്കി കൊടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്നും അഡ്വ. അനില്‍ വിളയില്‍ വ്യക്തമാക്കി. സിബിഐ പോലെയുള്ള ഏജന്‍സി ഈ കേസിന്റെ അന്വേഷണം ഉടന്‍ തന്നെ ഏറ്റെടുത്തില്ല എങ്കില്‍ നിലവിലെ കേസ് അന്വേഷണം യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തിച്ചേരാനുള്ള സാധ്യതയുടെ വാതില്‍ അടയ്ക്കും. ശബരിമലയിലെ യുവതി പ്രവേശന സമയത്ത് തന്നെ മുഖ്യമന്ത്രി അടക്കമുള്ള ഇടത് നേതാക്കന്മാര്ക്ക് തന്ത്രിയോട് വിരോധം ഉണ്ടായിരുന്നു. അന്ന് തീര്‍ക്കാന്‍ സാധിക്കാതിരുന്ന അവരുടെ വിരോധം ശബരിമല കൊള്ളയുടെ മറവില്‍ നടപ്പാക്കിയിരിക്കുകയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അഡ്വ. അനില്‍ വിളയില്‍ വ്യക്തമാക്കി.

