വിദ്യാഭ്യാസ മേഖലയില്‍ നൂതന സംസ്‌കാരം വളര്‍ത്തിയെടുക്കാനും സാങ്കേതികവിദ്യയെ അധ്യാപന രീതികളുമായി സംയോജിപ്പിച്ച് സര്‍ഗാത്മകത പ്രചോദിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് പദ്ധതി.
ന്യൂഡല്‍ഹി: അധ്യാപകരെയും പ്രിന്‍സിപ്പല്‍മാരെയും ഭരണകര്‍ത്താക്കളെയും ശാക്തീകരിക്കുക ലക്ഷ്യമിട്ട് സാംസങ് സാമൂഹിക നേതൃത്വ പരിപാടിയായ ഗാലക്‌സി എംപവേഡ് എന്ന പേരില്‍ പദ്ധതിക്ക് രൂപം നല്‍കി.
വിദ്യാഭ്യാസ മേഖലയില്‍ നൂതന സംസ്‌കാരം വളര്‍ത്തിയെടുക്കാനും സാങ്കേതികവിദ്യയെ അധ്യാപന രീതികളുമായി സംയോജിപ്പിച്ച് സര്‍ഗാത്മകത പ്രചോദിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് പദ്ധതി. ഓണ്‍ഗ്രൗണ്ട്, ഓണ്‍ലൈന്‍ പഠന പരിപാടികളിലൂടെ ഇത് നാളത്തെ ക്ലാസ് മുറികള്‍ക്കായി അധ്യാപകരെ സജ്ജരാക്കും. ഏറ്റവും പുതിയ സാങ്കേതികവിദ്യയും ആധുനിക അധ്യാപനരീതികളും സ്വീകരിക്കാന്‍ അധ്യാപകരെ സഹായിക്കുന്ന ഭാവിയിലേക്കുതകുന്ന ക്ലാസ് മുറികള്‍ സൃഷ്ടിച്ചുകൊണ്ട് വിദ്യാഭ്യാസത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള സാംസങിന്റെ പ്രതിജ്ഞാബദ്ധത വ്യക്തമാക്കുന്നതാണ് ഈ പരിപാടിയെന്ന് സാംസങ് ഇന്ത്യയുടെ എംഎക്‌സ് ബിസിനസ് സീനിയര്‍ വൈസ് പ്രസിഡന്റ് രാജു പുല്ലന്‍ പറഞ്ഞു.
അധ്യാപകര്‍ക്ക് പ്രയോജനം ചെയ്യുക മാത്രമല്ല, വിദ്യാഭ്യാസ നവീകരണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കാന്‍ സ്‌കൂളുകളെ സഹായിക്കാനും പര്യാപ്തമാണ് ഗാലക്‌സി എംപവേഡ്. അധ്യാപന രീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെയും സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്ന പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെയും സ്‌കൂളുകള്‍ക്ക് പ്രസക്തി നിലനിര്‍ത്താനും സമൂഹത്തില്‍ അംഗീകാരം നേടാനും കഴിയും. തികച്ചും സൗജന്യമായാണ് ഗാലക്‌സി എംപവേഡ് പ്രോഗ്രാം സാംസങ് അധ്യാപകര്‍ക്കും സ്‌കൂളുകള്‍ക്കും ലഭ്യമാക്കുന്നത്.വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും അവരില്‍ എന്നെന്നും നിലനില്‍ക്കുന്ന സ്വാധീനമാകുന്നതിനുമുള്ള ഉപാധികളാണ് ഗാലക്‌സി എംപവേഡിലൂടെ സാംസങ് നല്‍കുന്നതെന്നും രാജു പുല്ലന്‍ പറഞ്ഞു.
ഗാലക്‌സി എംപവേഡിന് കീഴില്‍ 2024 ഡിസംബര്‍ മുതല്‍ 2,700ലധികം അധ്യാപകര്‍ക്ക് തത്സമയ പരിശീലന സെഷനുകള്‍ വഴി ഇന്ത്യയിലുടനീളം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്. 2025നകം രാജ്യത്തെ 20,000 അധ്യാപകരെ ശാക്തീകരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഡല്‍ഹി ഘട്ടത്തില്‍ 250 സ്‌കൂളുകളില്‍ സാംസങ് ഈ പരിപാടി വിജയകരമായി പൂര്‍ത്തീകരിച്ചു. ആദ്യഘട്ടത്തില്‍ മഹാത്തത്വ എജ്യുക്കേഷനല്‍ അഡ്വൈസറി, സ്റ്റാര്‍ എന്നിവയുമായി പങ്കാളിത്തത്തിനു പുറമെ, അധ്യാപകരെ സഹായിക്കാന്‍ പ്രത്യേക പരിശീലകരെയും അക്കാദമിക് വിദഗ്ധരെയും സാംസങ് നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.