മറ്റു ജനാധിപത്യങ്ങളില്‍ നിന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിന് വ്യത്യാസമുണ്ട്. ജനങ്ങള്‍ വലിയ പ്രതീക്ഷയാണ് പൊതുവെ പുലര്‍ത്താറുള്ളത്.
കൊച്ചി: ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിച്ച നീണ്ട വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായ പലതും രാഷ്ട്രീയത്തിലിറങ്ങിയ ആദ്യ വര്‍ഷത്തില്‍ പഠിക്കാന്‍ സാധിച്ചതായി ഡോ. ശശി തരൂര്‍ എം പി. റോട്ടറി ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യ സോണുകളുടെ ഗവര്‍ണര്‍മാരുടെ സമ്മേളനമായ റോട്ടറി ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചി 2024ല്‍ സമാപന ദിവസത്തെ പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യരാഷ്ട്ര സഭയിലെ പ്രവര്‍ത്തനങ്ങളേയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രവര്‍ത്തനങ്ങളേയും താരതമ്യപ്പെടുത്താന്‍ സാധിക്കില്ല. മറ്റു ജനാധിപത്യങ്ങളില്‍ നിന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിന് വ്യത്യാസമുണ്ട്. ജനങ്ങള്‍ വലിയ പ്രതീക്ഷയാണ് പൊതുവെ പുലര്‍ത്താറുള്ളത്.
ഇസ്രായേല്‍ ഗാസ, റഷ്യ യുക്രെയ്ന്‍ തുടങ്ങി ലോകം വലിയ പ്രശ്നങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ലോകത്തിലെ വലിയ പ്രശ്നങ്ങളെല്ലാം ഐക്യരാഷ്ട്രസഭയുടെ മുന്നിലൂടെ കടന്നു പോകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളിലും ഹിന്ദുത്വ പറയുന്നവര്‍ ഇന്ത്യയെന്ന പേരിനെ എതിര്‍ക്കുന്നത് എന്തു കൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും തരൂര്‍ പറഞ്ഞു. സിന്ധു നദിയുമായി ബന്ധപ്പെട്ട പ്രദേശത്തെ ഹിന്ദ് എന്ന് വിളിച്ചത് അറബികളാണ്. ഹിന്ദ് എന്ന വാക്കില്‍ നിന്നാണ് ഹിന്ദു എന്ന പേര് വന്നത്. പാകിസ്താനികളേയും അഫ്ഗാനികളേയും ഉള്‍പ്പെടെ അറബികള്‍ ഹിന്ദികള്‍ എന്നാണ് വിളിക്കാറുള്ളതെന്ന് മൗലാനാ അബുല്‍ കലാമിനെ ഉദ്ധരിച്ച് ശശി തരൂര്‍ പറഞ്ഞു.മലയാളിയാണെങ്കിലും കേരളത്തില്‍ പഠിച്ചിട്ടില്ലാത്തതിനാല്‍ തന്റേത് സാഹിത്യ മലയാളമല്ലെന്നും പ്രാദേശിക മലയാളമാണ് സംസാരിക്കുന്നതെന്നും തരൂര്‍ വ്യക്തമാക്കി.
ഓരോരുത്തരും തങ്ങളുടെ മേഖലകള്‍ എന്താണെന്ന് തിരിച്ചറിഞ്ഞ് സാധിക്കുന്നതില്‍ ഏറ്റവും മികച്ചത് ലോകത്തിന് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജോലികള്‍ ഒന്നുമില്ലെങ്കില്‍ ക്രിക്കറ്റ് കാണാനാണ് തനിക്ക് താത്പര്യമെന്നു പറഞ്ഞ ശശി തരൂര്‍ ടി20 മത്സരങ്ങള്‍ ചെറുകഥ പോലെയും ടെസ്റ്റ് മത്സരങ്ങള്‍ നോവല്‍ പോലെയും ആസ്വദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റോട്ടറി ഇന്റര്‍നാഷണല്‍ മുന്‍ ഡയറക്ടര്‍ എ എസ് വെങ്കിടേഷ് ചര്‍ച്ച നയിച്ചു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജ് മോഹന്‍ നായര്‍ നന്ദി പറഞ്ഞു.സമാപന ചടങ്ങില്‍ റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡന്റ് സ്റ്റെഫാനി എ അര്‍ഷിക്, റോട്ടറി ഇന്റര്‍നാഷണല്‍ ഡയറക്ടര്‍മാരായ അനിരുദ്ധ റോയ് ചൗധരി, രാജു സുബ്രഹ്മണ്യന്‍, ഡയറക്ടറും ട്രഷററുമായ റോണ്ട ബത്ത് സ്റ്റബ്സ്, റോട്ടറി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ജോണ്‍ ഡാനിയേല്‍, കോ ചെയര്‍ ആര്‍ മാധവ് ചന്ദ്രന്‍, റോട്ടറി ഇന്‍കമിംഗ് പ്രസിഡന്റ് സംഗ് കു യന്‍, സെക്രട്ടറി ജോസ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.