രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രീ-ഹോസ്പിറ്റല്‍ വൈദ്യസഹായത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ മെഡിസിന്‍’ എന്ന പ്രത്യേക മേഖലയില്‍ സംസ്ഥാനതല സന്നദ്ധസേനയ്ക്ക് പരിശീലനം നല്‍കും.
കൊച്ചി: കേരളത്തില്‍ ദുരന്തനിവാരണ സന്നദ്ധത ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പായി, രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രീ-ഹോസ്പിറ്റല്‍ വൈദ്യസഹായത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ മെഡിസിന്‍’ എന്ന പ്രത്യേക മേഖലയില്‍ സംസ്ഥാനതല സന്നദ്ധസേനയ്ക്ക് പരിശീലനം നല്‍കും. ചൊവ്വാഴ്ച കൊച്ചിയില്‍ നടന്ന ഒരു ഉന്നതതല പരിശീലന ശില്‍പശാലയോടെ ഈ സംരംഭത്തിന് തുടക്കമായി. 14 ജില്ലകളില്‍ നിന്നുള്ള 50-ല്‍ അധികം തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകര്‍ ഇതില്‍ പങ്കെടുത്തു.എഡ്യൂകെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സസ്, യുകെ ആസ്ഥാനമായുള്ള പ്രോമിത്യൂസ് മെഡിക്കല്‍ ഇന്റര്‍നാഷണല്‍, യുഎഇയില്‍ നിന്നുള്ള റെസ്പോണ്‍സ് പ്ലസ് മെഡിക്കല്‍ സര്‍വീസസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ശില്‍പശാല, കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി (കെഎസ്ഡിഎംഎ) സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്. സംസ്ഥാനത്ത് സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള ദുരന്ത പ്രതികരണത്തിന്റെ നട്ടെല്ലായ സിവില്‍ ഡിഫന്‍സ്, ആപ്ദാ മിത്ര സന്നദ്ധ ഗ്രൂപ്പുകളില്‍ നിന്നാണ് പങ്കാളികളെ തിരഞ്ഞെടുത്തിട്ടുള്ളത്. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു.
വയനാട്ടിലെ ഉരുള്‍പൊട്ടലിലും ബ്രഹ്മപുരത്തെ തീപിടിത്ത ദുരന്തത്തിലും പ്രാദേശിക സന്നദ്ധപ്രവര്‍ത്തകര്‍ നല്‍കിയത് മാതൃകാപരമായ സംഭാവനകളാണ്. സമൂഹത്തിന്റെ തയ്യാറെടുപ്പും പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകരുമാണ് കേരളത്തിലെ ദുരന്ത പ്രതികരണത്തിന്റെ പ്രധാന സ്തംഭങ്ങലെന്നും അദ്ദേഹം പറഞ്ഞു.ദുരന്തനിവാരണത്തില്‍ ‘സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ മെഡിസിന്‍’ ഒരു പുതിയ മന്ത്രമാണെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ച എഡ്യൂകെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സസിന്റെ മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കിളിയമണ്ണില്‍ പറഞ്ഞു. യുകെയിലെ ചീഫ് മെഡിക്കല്‍ ഓഫീസറും എസ്എആര്‍ മെഡിസിന്‍ രംഗത്തെ ആഗോള അതോറിറ്റിയുമായ പ്രൊഫ. റിച്ചാര്‍ഡ് ലിയോണ്‍, യുഎഇയിലെ റെസ്പോണ്‍സ് പ്ലസ് മെഡിക്കല്‍ സിഇഒ ഡോ. റോഹില്‍ രാഘവന്‍, യുകെയില്‍ നിന്നുള്ള ജെസ് ഹാര്‍വുഡ്, അബുദാബിയില്‍ നിന്നുള്ള റാല്‍ഫ് മൈക്കിള്‍ എ. ഇഗ്നേഷ്യോ, കെഎസ്ഡിഎംഎയിലെ ഹസാര്‍ഡ് അനലിസ്റ്റ് പ്രദീപ് ജി.എസ്, വിരമിച്ച ഫയര്‍ഫോഴ്സ് ഓഫീസര്‍ പ്രദീപ് പാമ്പലത്ത് എന്നിവരും സംസാരിച്ചു.

