സ്രാവ് പിടിത്തം: സിഎംഎഫ്ആര്‍ഐ പഠന സമിതി രൂപീകരിക്കും

വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതിയെ തുടര്‍ന്ന് വിവിധയിനം സ്രാവ്തിരണ്ടിയിനങ്ങളുടെ  മത്സ്യബന്ധനം, വ്യാപാരം, കയറ്റുമതി എന്നിവയില്‍ നിയന്ത്രണമുണ്ട്.
കൊച്ചി: ഇന്ത്യയില്‍ സ്രാവ് പിടിത്തവും വ്യാപാരവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) പഠന സമിതി രൂപീകരിക്കും. വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതിയെ തുടര്‍ന്ന് വിവിധയിനം സ്രാവ്തിരണ്ടിയിനങ്ങളുടെ  മത്സ്യബന്ധനം, വ്യാപാരം, കയറ്റുമതി എന്നിവയില്‍ നിയന്ത്രണമുണ്ട്. അവ അപ്രതീക്ഷിതമായി മീന്‍പിടുത്ത വലകളില്‍ കുടുങ്ങുന്നത് ഉള്‍പ്പെടെ മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും അവരുടെ ഉപജീവനം സംരക്ഷിക്കുന്നതിനുമായി പഠനം നടത്തുന്നതിനണ് സമിതി. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തിന് ശാസ്ത്രീയമായ പരിഹാരം കാണുന്നതിന് കമ്മിറ്റി പഠനം നത്തുമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. സിഎംഎഫ്ആര്‍ഐ നടത്തിയ സ്രാവ്തിരണ്ടി സംരക്ഷണവും മത്സ്യത്തൊഴിലാളി ഉപജീവനമാര്‍ഗ്ഗവും എന്ന വിഷയത്തില്‍ നടന്ന പങ്കാളിത്ത ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശില്‍പശാലയില്‍ നടന്ന ചര്‍ച്ചയില്‍, ജൈവവൈവിധ്യ സംരക്ഷണവും തീരദേശ സമൂഹങ്ങളുടെ ഉപജീവന സുരക്ഷയും ഉറപ്പാക്കുന്ന രീതിയില്‍ സന്തുലിതവും പ്രായോഗികവുമായി സമീപനമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്ന് സിഎംഎഫ്ആര്‍ഐ നിര്‍ദേശിച്ചു. മത്സ്യബന്ധനം ദശലക്ഷക്കണക്കിന് തീരദേശ കുടുംബങ്ങളുടെ ജീവനാഡിയാണ്.

കരയില്‍ നിന്ന് വ്യത്യസ്തമായി, വല വലിച്ചെടുക്കുന്നതുവരെ അനധികൃത മീന്‍പിടിത്തം പ്രവചിക്കാനോ നിയന്ത്രിക്കാനോ കഴിയില്ല. സംരക്ഷിത ജീവികളെ ആകസ്മികമായി പിടികൂടുന്നതിനുള്ള കര്‍ശനമായ ശിക്ഷാ നടപടി പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ പട്ടിക നാലില്‍ ഉള്‍പ്പെട്ട സ്രാവിനെ പിടിച്ചതുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്കിടയിലും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കിടയിലും ആശയക്കുഴപ്പമുണ്ടായി. ഇവയുടെ കയറ്റുമതിയിലാണ് നിയന്ത്രണമുള്ളത്. പിടിക്കുന്നതിനും ആഭ്യന്തര വ്യാപാരത്തിനും നിയന്ത്രണമില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കല്‍, മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തത്തോടെയുള്ള നിരീക്ഷണം, മീന്‍പിടിത്തത്തിലെ സ്വയം നിയന്ത്രണം, പങ്കാളിത്ത സംരക്ഷണപദ്ധതികള്‍, സ്ഥിരമായ ശാസ്ത്രീയ വിലിയിരുത്തല്‍, കയറ്റുമതിക്ക് ആവശ്യമായ ശാസ്ത്രാധിഷ്ടിത കണ്ടെത്തലുകള്‍ (നോണ്‍ ഡെട്രിമെന്റല്‍ ഫൈന്‍ഡിംഗ്) തയ്യാറാക്കല്‍ എന്നിവ നിയമം ഫലപ്രദമായി നടപ്പാകാകുന്നതിന് ആവശ്യമാണെന്ന് സിഎംഎഫ്ആര്‍ഐ നിര്‍ദേശിച്ചു.മത്സ്യത്തൊഴിലാളികള്‍, എന്‍ഫോഴ്‌സ്‌മെന്റ് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സിഎംഎഫ്ആര്‍ഐയിലെ ഫിന്‍ഫിഷ് ഫിഷറീസ് വിഭാഗം മേധാവി ഡോ ശോഭ ജോ കിഴക്കൂടന്‍, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍  അനില്‍ രാജ് ആര്‍, ലോങ്‌ലൈന്‍ ആന്‍ഡ് ഗില്‍നെറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എ.എം. നൗഷാദ്, സെക്രട്ടറി എം. മജീദ് എന്നിവര്‍  സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു