കരള്‍രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ജയചന്ദ്രന്റെ അന്ത്യം വ്യാഴാഴ്ച രാത്രി 7.50 ഓടെയായിരുന്നു സംഭവിച്ചത്. ജയചന്ദ്രന്റെ സംസ്‌ക്കാരം നാളെ നടക്കും.
തൃശൂര്‍: മലയാളത്തിന്റെ എക്കാലത്തെയും പ്രിയങ്കരനായ ഭാവഗായഗന്‍ പി. ജയചന്ദ്രന്‍ വിടവാങ്ങി. 80 വയസായിരുന്നു. കരള്‍രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ജയചന്ദ്രന്റെ അന്ത്യം വ്യാഴാഴ്ച രാത്രി 7.50 ഓടെയായിരുന്നു സംഭവിച്ചത്. ജയചന്ദ്രന്റെ സംസ്‌ക്കാരം നാളെ നടക്കും. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലായി ഏകദേശം 16,000 ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
1944 മാര്‍ച്ച് മൂന്നിന് സംഗീതജ്ഞനായ രവിവര്‍മ്മ കെച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രകുഞ്ഞമ്മയുടെയും അഞ്ചു മക്കളില്‍ മൂന്നാമനായി എറണാകുളം രവിപുരത്താണ് ജയചന്ദ്രന്‍ ജനിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം ഇരിങ്ങാലക്കുടയിലേക്ക് താമസം മാറുകയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ സ്‌കൂള്‍ യുവജനോല്‍സവങ്ങളില്‍ മൃദംഗം, ലളിതഗാനം, എന്നിവയില്‍ നിരവധി തവണ സമ്മാനങ്ങള്‍ നേടിയിരുന്നു. യുവജനോല്‍സവ വേദിയില്‍ വെച്ചാണ് ജയചന്ദ്രന്‍ തന്റെ സമകാലികനായ ഗായകന്‍ യേശുദാസുമായി പരിചയപ്പെടുന്നത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്നും സുവോളജിയില്‍ ബിരുദം നേടിയശേഷം 66 ല്‍ ചെന്നൈയില്‍ കെമിസ്റ്റായും അദ്ദേഹം ജോലി ചെയ്തിരുന്നു.
65 ല്‍ കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തില്‍ പി ഭാസ്‌കരന്‍ രചിച്ച ‘ ഒരു മുല്ലപ്പൂ മാലയായ് ‘ എന്ന ഗാനം പാടിയാണ് അദ്ദേഹം പിന്നണി ഗാനാലാപന രംഗത്തെത്തുന്നത്. കഴിത്തോഴന്‍ എന്ന ചിത്രത്തിലെ ഗാനമാണ് ആദ്യം പുറത്തുവന്നത്. ഈ ചിത്രത്തിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ധനുമാസ ചന്ദ്രിക വന്നു എന്നു തുടങ്ങുന്ന ഗാനം ജയചന്ദ്രന് ജനഹൃദയങ്ങളില്‍ ഇടം നേടിക്കൊടുത്തു. 67 ല്‍ പുറത്തിറങ്ങിയ ഉദ്യോഗസ്ഥ എന്ന ചിത്രത്തിലെ അനുരാഗ ഗാനം പോലെ എന്ന ഗാനം ജയചന്ദ്രനെ ഏറെ പ്രശസ്തനാക്കി. പണി തീരാത്ത വീടിലെ നീല ഗിരിയുടെ സഖികളെ ജ്വാലാ മുഖികളെ എന്ന ഗാനത്തിലൂടെ 72 ലെ മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡ് ജയചന്ദ്രനെ തേടിയെത്തി. സംഗീത സംവിധായകന്‍ എം.എസ് വിശ്വനാഥനാണ് ജയചന്ദ്രനെ തമിഴ് സിനിമാ ലോകത്ത് അവതരിപ്പിക്കുന്നത്. 73 ല്‍ പുറത്തിറങ്ങിയ മണിയപ്പല്‍ എന്ന ചിത്രത്തിലെ തങ്കച്ചിമിഴ് പോല്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ തമിഴ് ഗാനം. മലയാളത്തിലെയും തമിഴിലെയും ആദ്യ കാലത്തെയും ഇപ്പോഴത്തെയും ഒട്ടു മിക്ക സംഗീത സംവിധായകരുടെയും ഗാനങ്ങള്‍ക്ക് ജയചന്ദ്രന്‍ ശബ്ദം നല്‍കിയിട്ടുണ്ട്. 2008 ല്‍ എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ എഡിഎ- എ വേ ഓഫ് ലൈഫ് എന്ന ചിത്രത്തില്‍ അല്‍ക യാഗ്നിക്കൊപ്പം പാടിക്കൊണ്ടാണ് അദ്ദേഹം ഹിന്ദി സിനിമാ ലോകത്തേയ്ക്ക് പ്രവേശിക്കുന്നത്.
മികച്ച ഗായകനുളള ദേശീയ പുരസ്‌കാരം ഒരു തവണയും അഞ്ചു തവണ സംസ്ഥാന അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കൂടാതെ തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. മലയാള സിനിമയിലെ സമഗ്രസംഭാവനയ്ക്കുള്ള 2020 ലെ ജെ സി ഡാനിയേല്‍ പുരസ്‌ക്കാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ ജയചന്ദ്രനെ ആദരിച്ചിരുന്നു.