മോഷണക്കേസ് അന്വേഷണ
ഉദ്യോഗസ്ഥര്‍ക്ക് നിയമ സംരക്ഷണം നല്‍കണം : സ്‌പൈസസ്സ് ട്രേഡേഴ്‌സ് ഫെഡറേഷന്‍ 

ഇക്കഴിഞ്ഞ ജനുവരി 3ന് പുലര്‍ച്ചെയാണ് കട്ടപ്പന ജ്യോതിഷ് ജംഗ്ഷനിലെ ബിബിന്‍ മാത്യു എന്നയാളുടെ ഉടമസ്ഥതയിലുള്ള ആര്‍.എം.എസ് സ്‌പൈസസ്സില്‍ മോഷണം നടന്നത്.

 

തൊടുപുഴ :  കട്ടപ്പനയിലെ ആര്‍.എം.എസ് സ്‌പൈസസ്സ് എന്ന സ്ഥാപനം കുത്തിത്തുറന്ന് 120 കിലോ ഏലക്ക മോഷ്ടിച്ച കാമാക്ഷിപുരം എസ്.ഐ എന്ന കുപ്രസിദ്ധ മോഷ്ടാവിനെയും കൂട്ടാളിയെയും പിടികൂടി തൊണ്ടി മുതല്‍ കണ്ടെടുക്കാന്‍ ശ്രിമിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിയമ സംരക്ഷണം ഉറപ്പാക്കണമെന്ന് സ്‌പൈസസ്സ് വ്യാപാരികളുടെ സംഘടനയായ സ്‌പൈസസ്സ് ട്രേഡേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എ.ജോസഫ്, ജനറല്‍ സെക്രട്ടറി ബിബിന്‍ മാത്യു, ജോയിന്റ് സെക്രട്ടറി ചന്ദ്രന്‍ പനയ്ക്കല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരി 3ന് പുലര്‍ച്ചെയാണ് കട്ടപ്പന ജ്യോതിഷ് ജംഗ്ഷനിലെ ബിബിന്‍ മാത്യു എന്നയാളുടെ ഉടമസ്ഥതയിലുള്ള ആര്‍.എം.എസ് സ്‌പൈസസ്സില്‍ മോഷണം നടന്നത്. കട്ടപ്പനയില്‍ നിന്നും മോഷ്ടിച്ചെടുത്ത പെട്ടി ഓട്ടോറിക്ഷയിലാണ് കാമാക്ഷിപുരം എസ്.ഐ എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും ചേര്‍ന്ന് സ്ഥാപനത്തിന്റെ ജനല്‍ തകര്‍ത്ത് ചാക്കില്‍ സൂക്ഷിച്ചിരുന്ന ഏലക്ക മോഷ്ടിച്ചത്. മോഷണത്തിനായി ഉപയോഗിച്ച പെട്ടി ഓട്ടോറിക്ഷ പിന്നീട് ചെറുതോണി പാലത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സ്ഥാപനത്തിലെ സി.സി.ടിവി ഫൂട്ടേജില്‍ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ കട്ടപ്പന പോലീസ് എട്ട് കിലോമീറ്ററോളം നടന്ന് പ്രതിയുടെ വീട് വളഞ്ഞെങ്കിലും പ്രതി പടക്കം എറിഞ്ഞ് ഭീകരാന്തരീഷം സൃഷ്ടിച്ച് പോലീസിന് പിടികൊടുക്കാതെ ഓടി രക്ഷപെട്ടു.

തുടര്‍ന്ന് പ്രതിയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പട്ടിക ജാതി പീഢനം ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. നിയമത്തിന്റെ പഴുതില്‍ പിടിച്ച് മോഷണകേസിലെ പ്രതിയെ രക്ഷിക്കാനായി ഉന്നയിക്കുന്ന ആരോപണം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ഒരേസമയം രണ്ട് മോഷണം നടത്തിയ പ്രതിയെ എന്തുവിലകൊടുത്തും അറസ്റ്റ് ചെയ്യണമെന്നും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന ഒരു നടപടിയും മേലുദ്യോഗസ്ഥരുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടാവരുതെന്നും സംഘടന നേതാക്കള്‍ ആവശ്യപ്പെട്ടു.

കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന ഏലക്ക അവധിക്ക് വില്പന നടത്തിയും വിദേശ വിപണികളെയും ആശ്രയിച്ച് വിപണനം നടത്തുന്നതുകൊണ്ട് സ്‌റ്റോറുകളില്‍ മാസങ്ങളോളം സൂക്ഷിക്കേണ്ടിവരും. കര്‍ഷകര്‍ക്ക് മുഴുവന്‍ തുകയും നല്‍കി സംഭരിക്കുന്ന ഏലക്ക മോഷണം പോയാല്‍ ട്രേഡര്‍മാര്‍ക്കുണ്ടാകുന്ന നഷ്ടം വളരെ വലുതാണ്. വിശ്വാസ്യതയുള്ള സ്‌പൈസസ്സ് ഡീലര്‍മാരെ നിലനിറുത്തിയില്ലെങ്കില്‍ വരള്‍ച്ച കൊണ്ടും വന്യജീവി ആക്രമണം കൊണ്ടും നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്ന ഏല കര്‍ഷകര്‍ കൊടിയ ദാരിദ്രത്തില്‍ അകപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

Spread the love