‘പ്രാരംഭ ബിന്ദു 2025’ എന്ന പേരില്‍ ഇന്ദിരാ ഭവനില്‍ നടത്തിയ ആദരിക്കല്‍ ചടങ്ങ് മുന്‍ കെപി സി സി പ്രസിഡന്റ് കെ. മുരളീധരന് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും ജവഹര്‍ ബാല്‍ മഞ്ച് ദേശിയ ഭാരവാഹികളെയും ജവഹര്‍ ബാല്‍ മഞ്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ‘പ്രാരംഭ ബിന്ദു 2025’ എന്ന പേരില്‍ ഇന്ദിരാ ഭവനില്‍ നടത്തിയ ആദരിക്കല്‍ ചടങ്ങ് മുന്‍ കെപി സി സി പ്രസിഡന്റ് കെ. മുരളീധരന് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന ഓരോ കുട്ടികളും തങ്ങള്ളുടെ അഭിരുചിക്ക് അനുസരിച്ച് ഉള്ള വിഷയങ്ങളാണ് തുടര്‍ പഠനത്തില്‍ തെരഞ്ഞെടുക്കേണ്ടതെന്നു കെ. മുരളീധരന് പറഞ്ഞു. തെരഞ്ഞെടുക്കുന്ന പഠന വിഷയത്തില്‍ മികവാര്‍ന്ന വിജയം നേടാന്‍ കഠിന പരിശ്രമം നടത്തണം. ഇന്ന് യുവതലമുറയുടെ ഏറ്റവും വലിയ രണ്ടു ശത്രുക്കള്‍ മദ്യവും മയക്കുമരുന്നുമാണ്. ഇതിനെതിരേ വിദ്യാര്‍ഥി സമൂഹം ജാഗരൂകരായിരിക്കണം.
കോളജുകളില്‍ നിന്നും വരുന്ന മക്കളോട് അവരുടെ ഓരോ ദിവസത്തേയും കോളജ് അനുഭവങ്ങള്‍ ചോദിച്ചറിയാന്‍ മാതാപിതാക്കളും തയാറാവണം. മാതാപിതാക്കളും മക്കളും തമ്മിലുള്ള ആത്മബന്ധം കൂടുതല്‍ ദൃഢമാക്കിയാല്‍ കുട്ടികളെ കൂടുതല്‍ നന്മയിലേക്ക് നയിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് എസ് എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയംനേടിയവര്ക്കുളള ഫലകം മുരളീധരന് സമ്മാനിച്ചു. ജവഹര്‍ ബാല്‍ മഞ്ചിന്റെ പുതിയ ഭാരവാഹികളെ ആദരിക്കുന്ന ചടങ്ങ് ജെബിഎം ദേശീയ ചെയര്മാന് ഡോ. ജി. വി ഹരി ഉദ്ഘാടനം ചെയ്തു. ജവഹര്‍ ബാല്‍ മഞ്ച് കേരളാ ചെയര്മാന് സുരേഷ് കെ. കരുണ്‍ അനുമോദന പ്രസംഗം നടത്തി. ജില്ലാ ചെയര്മാന് എ. എസ് ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. പുതിയ സംസഥാന ഭാരവാഹികളായ അമന് അന്‍സാര്‍, ദേവകൃഷ്ണ, സൗരവ് വിഘ്നേഷ്, സ്റ്റെഫാനിയ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ മഹേഷ് തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. പുതിയ പഠനമേഖലയിലേക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ക്കായി ഡോ. ജി.വി ഹരിയുടെ മോട്ടിവേഷന്‍ ക്ലാസുമുണ്ടായിരുന്നു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 400 ലധികം വിദ്യാര്‍ഥികളെയാണ് ചടങ്ങില്‍ ആദരിച്ചത്