ബംഗളുരു സഹായ മെത്രാപ്പോലീത്ത വര്‍ഗ്ഗീസ് മാര്‍ ഫീലക്സിനോസ് ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു.
കൊച്ചി: സുറിയാനി ക്രിസ്ത്യന്‍ സമൂഹത്തിന്റെ വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും നാഴികക്കല്ലായ സെക്കന്തരാബാദ് സെന്റ് ആന്‍ഡ്രൂസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് (വലിയപള്ളി)യുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു. സെന്റ് ആന്‍ഡ്രൂസിന്റെ തിരുനാളിനോടനുബന്ധിച്ചാണ് ജൂബിലി ആഘോഷങ്ങള്‍ക്കും തുടക്കം കുറിച്ചത്. ബംഗളുരു സഹായ മെത്രാപ്പോലീത്ത വര്‍ഗ്ഗീസ് മാര്‍ ഫീലക്സിനോസ് ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു. തെലങ്കാന കേഡറിലെ മലയാളി ഐഎഫ്എസ് ഓഫീസര്‍ പ്രിയങ്ക വര്‍ഗീസ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. സെന്റ് ആന്‍ഡ്രൂസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി ഫാ. ഫാ. ബിനോ സാമുവല്‍ അധ്യക്ഷത വഹിച്ചു.’എക്യുമെനിസവും കാരുണ്യവും’ എന്നതാണ് ജൂബിലി ആഘോഷത്തിലെ പ്രധാന വിഷയം.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി മെഡിക്കല്‍, രക്തദാന ക്യാമ്പുകള്‍, യുവജന കായികമേള, സംഗീത സന്ധ്യ, വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കും. മുന്‍പ് ‘സ്കോട്ടിഷ് ചര്‍ച്ച്’ എന്നറിയപ്പെട്ടിരുന്ന സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച്, സെക്കന്തരാബാദ് കന്റോണ്മെന്റില് താമസിച്ചിരുന്ന ഇംഗ്ലീഷ് സൈനികരുടെയും കുടുംബങ്ങള്‍ക്കും ആരാധന നടത്തുന്നതിനായി 1865ല്‍ ബ്രിട്ടീഷുകാരാണ് നിര്‍മ്മിച്ചത്. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം പള്ളി സര്‍ക്കാര്‍ ഏറ്റെടുക്കുകയും പിന്നീട് സുറിയാനി ക്രിസ്ത്യന്‍ സമൂഹത്തെ ഏല്‍പ്പിക്കുകയും ചെയ്തു. 1948 മാര്‍ച്ച് 5ന്, മാര്‍ത്തോമ്മാ, ഓര്‍ത്തഡോക്സ്, സി.എസ്.ഐ സഭകളിലെ അംഗങ്ങളെ ഉള്‍ക്കൊണ്ടുള്ള ‘യുണൈറ്റഡ് മലയാളം കോണ്ഗ്രിഗേഷന്’ പള്ളി ഔദ്യോഗികമായി ഏറ്റെടുത്തു.1951ല്‍ ഓര്‍ത്തഡോക്സ് ഇടവക സ്ഥാപിക്കപ്പെട്ടു. 2002ല്‍ പഴയ കെട്ടിടം പൊളിച്ചുനീക്കി ഡിസംബര്‍ ഒന്നിന് ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാര്‍ ഐറേനിയോസ് പുതിയ പള്ളിക്ക് തറക്കല്ലിട്ടു. 2005 മാര്‍ച്ചില്‍, കാതോലിക്കാ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട തോമസ് മാര്‍ തിമോത്തിയോസ് പുതിയ പള്ളിയുടെ കൂദാശ നിര്‍വ്വഹിച്ചു.

