സ്‌കൂള്‍ കായികമേളയ്ക്ക് ഒക്ടോബര്‍ 21 ന് തിരുവനന്തപുരത്ത് തുടക്കം

21ന് വൈകുന്നേരം 4.00 മണിക്ക് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ഒളിമ്പിക്‌സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഒരുങ്ങി തലസ്ഥാനം. ഒക്ടോബര്‍ 21  മുതല്‍  28 വരെയാണ് കായികമേള സംഘടിപ്പിക്കുന്നത്. 21ന് വൈകുന്നേരം 4.00 മണിക്ക് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികളുടെയും മാസ്ഡ്രില്ലിന്റെയും റിഹേഴ്‌സല്‍ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വിലയിരുത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍എസ്‌കെ ഉമേഷും റിഹേഴ്‌സല്‍ കാണാനെത്തി. പുത്തരിക്കണ്ടം മൈതാനത്ത് സജ്ജമാക്കിയ ഭക്ഷണപ്പുരയില്‍ വൈകീട്ട് നാല് മണിക്ക് മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ പാലുകാച്ചല്‍ ചടങ്ങ് നടന്നു.ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ മേടയില്‍ വിക്രമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഭക്ഷണപ്പുരയുടെ പ്രവര്‍ത്തനം. രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള വിപുലമായ ഭക്ഷണശാലയാണ് പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയിട്ടുള്ളത്. ഇതടക്കം 4 പാചകപ്പുരകളും പാകം ചെയ്ത ഭക്ഷണം മറ്റ്  നാലിടങ്ങളില്‍ എത്തിച്ചുനല്‍കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.കായികതാരങ്ങളുടെ മാര്‍ച്ച് പാസ്‌റ്റോടെയാകും  ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. തുടര്‍ന്ന് ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാനതാരം ഐ.എം.വിജയന്‍ മന്ത്രി വി.ശിവന്‍കുട്ടിയ്‌ക്കൊപ്പം ദീപശിഖ കൊളുത്തും. പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ആണ് മേളയുടെ ബ്രാന്റ് അംബാസഡര്‍. ചലച്ചിത്ര താരം കീര്‍ത്തി സുരേഷ് മേളയുടെ ഗുഡ്‌വില്‍ അംബാസഡര്‍ ആണ്. ഉദ്ഘാടന ചടങ്ങിന് ശേഷം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികള്‍ അരങ്ങേറും. മൂവായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികളും ഓരോ ജില്ലയില്‍ നിന്നും മുന്നൂറ് കുട്ടികള്‍ പങ്കെടുക്കുന്ന വിപുലമായ മാര്‍ച്ച് പാസ്റ്റുമാണ് ഒരുക്കിയിരിക്കുന്നത്. പതിനാറോളം സബ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മേളയ്ക്കായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.

   ഒക്ടോബര്‍ 22 മുതല്‍ 28 വരെ 12 വേദികളിലായി കായിക മത്സരങ്ങള്‍ നടക്കും.മേളയില്‍ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സിന്റെ ഭാഗമായി 1944 കായിക താരങ്ങള്‍ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങള്‍ പങ്കെടുക്കുന്നു. ഗള്‍ഫ് മേഖലയില്‍ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്‌കൂളുകളില്‍ നിന്നും 35 കുട്ടികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 12 പെണ്‍കുട്ടികള്‍ കൂടി ഈ സംഘത്തില്‍ ഉണ്ടെന്ന പ്രത്യേകതയുമുണ്ട്.ആയിരത്തോളം ഒഫീഷ്യല്‍സും രണ്ടായിരത്തോളം വോളന്റിയേഴ്‌സും കായിക മാമാങ്കത്തിന്റെ ഭാഗമാകുന്നു. സ്‌കൂള്‍ കായിക മേള ചരിത്രത്തില്‍ ആദ്യമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിര്‍വ്വഹിച്ച  തീം സോംഗാണ് ഇത്തവണത്തേത്.
ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വര്‍ണ്ണക്കപ്പാണ് ഇത്തവണ നല്‍കുന്നത്. ഒക്ടോബര്‍ 16 ന് കാസര്‍കോഡ് നീലേശ്വരത്ത് നിന്ന് ആരംഭിച്ച ചീഫ് മിനിസ്‌റ്റേഴ്‌സ് ട്രോഫിയുടെ പര്യടനം മറ്റെല്ലാ ജില്ലകളും താണ്ടി  തിരുവനന്തപുരത്തെത്തിയിരുന്നു.
പത്ത് വര്‍ഷമായി കേരളത്തില്‍ ഉണ്ടായ കായിക നേട്ടങ്ങളെ കുറിച്ചുള്ള സമഗ്ര എക്‌സിബിഷനും അതിന്റെ ഭാഗമായുള്ള ചെറിയ കായിക വിനോദങ്ങളും പുത്തരിക്കണ്ടത്ത് ഭക്ഷണശാലയ്‌ക്കൊപ്പം ഒരുക്കിയിട്ടുണ്ട്. കായിക താരങ്ങളുടെ താമസത്തിനായി എഴുപത്തി നാലോളം സ്‌കൂളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികളുടെ സഞ്ചാരത്തിനായി 142 ബസ്സുകള്‍ വിവിധ സ്‌കൂളുകളില്‍ നിന്നും സജ്ജമാക്കിയിട്ടുണ്ട്. മൈതാനങ്ങളിലും താമസ സ്ഥലത്തും പോലീസിന്റെ നേതൃത്വത്തില്‍ സുരക്ഷ ക്രമീകരിച്ചിട്ടുണ്ട്. നിരോധിത ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നില്ല എന്ന് ഉറപ്പാക്കാന്‍ ഗ്രൗണ്ടുകളിലും താമസ സ്ഥലത്തും എക്‌സൈസിന്റെ പ്രത്യേക ജാഗ്രതാ നിരീക്ഷണം ഉണ്ടായിരിക്കും. മെഡിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കായിക താരങ്ങള്‍ക്ക് കളിസ്ഥലങ്ങളിലും താമസ സ്ഥലത്തും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി, സ്‌പോര്‍ട്‌സ് ആയുര്‍വേദ, ഫിസിയോ തെറാപ്പി, സ്‌പോര്‍ട്‌സ് മെഡിസിന്‍ എന്നിവയുടെ സൗകര്യവും ആംബുലന്‍സ് സര്‍വ്വീസും പ്രത്യേക മെഡിക്കല്‍ ടീം സേവനവും ഏര്‍പ്പാടാക്കിയിട്ടുണ്ട്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു