സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കൊച്ചിയില്‍, 14ന് കിക്കോഫ്

കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്
കൊച്ചി: 61ാമത് സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട് വേദിയാവും. ഒക്ടോബര്‍ 14നാണ് കിക്കോഫ്. 21വരെയാണ് നോക്കൗട്ട് അടിസ്ഥാനത്തില്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുക. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊച്ചി സീനിയര്‍ ചാമ്പ്യന്‍ഷിപ്പിന് വേദിയൊരുക്കുന്നത്. 14ന് രാവിലെ 7.30ന് ഉദ്ഘാടന മത്സരത്തില്‍ കാസര്‍ഗോഡ് വയനാടിനെ നേരിടും. വൈകിട്ട് 3.45ന് മലപ്പുറംപത്തനംതിട്ട മത്സരം. ദിവസവും രണ്ട് മത്സരങ്ങള്‍ വീതമാണുള്ളത്. ആദ്യറൗണ്ടില്‍ ജയിക്കുന്ന ടീമുകള്‍ ക്വാര്‍ട്ടര്‍ പ്രവേശനം നേടും. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ കോട്ടയം, തിരുവനന്തപുരം ടീമുകള്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 19,20 തീയതികളിലാണ് സെമിഫൈനല്‍, കലാശക്കളി 21ന് വൈകിട്ട് 3.45ന്. മത്സരങ്ങളെല്ലാം ഗോള്‍ മലയാളം യൂട്യൂബ് ചാനലില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.

2026 ജനുവരിയില്‍ നടക്കുന്ന സന്തോഷ് ട്രോഫിക്കുള്ള പരിശീലന ക്യാമ്പിലേക്ക് ഈ ടൂര്‍ണമെന്റില്‍ നിന്നായിരിക്കും കളിക്കാരെ തിരഞ്ഞെടുക്കുക.കാലിക്കറ്റ് എഫ്‌സിയാണ് ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. ഫോര്‍സ കൊച്ചി അസോസിയേറ്റ് സ്‌പോണ്‍സറാണ്. ഡ്രീംസ് എഫ്‌സി കൊച്ചി, വിഗാര്‍ഡ്, ഹൈകോണ്‍ എന്നിവരുടെ പിന്തുണയും ചാമ്പ്യന്‍ഷിപ്പിനുണ്ട്. ചാമ്പ്യന്‍ഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനായി പി.വി ശ്രീനിജന്‍ എംഎല്‍എ ചെയര്‍മാനായി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും, വിവിധ കമ്മിറ്റികളുടെ നേത്യത്വത്തില്‍  മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി വിജു ചൂളയ്ക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ എഐഎഫ്എഫ് സെക്രട്ടറിയും ചാമ്പ്യന്‍ഷിപ്പിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ പി.അനില്‍കുമാര്‍, ഡിഎഫ്എ വൈസ് പ്രസിഡന്റ് വി.പി ചന്ദ്രന്‍, ജോ.സെക്രട്ടറി എസ്.എസ് നൗഷാദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു