സൂപ്പര്‍ കപ്പ്: മുന്നൊരുക്കവുമായി  കേരള ബ്ലാസ്‌റ്റേഴ്‌സ്; പ്രീസീസണ്‍ ക്യാമ്പ് ഗോവയില്‍  തുടങ്ങി

ഹെഡ് കോച്ച് ഡേവിഡ് കാറ്റലയുടെ നേതൃത്വത്തില്‍ താരങ്ങളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലും ടീമിന്റെ ഏകോപനം മെച്ചപ്പെടുത്തുന്നതിലുമാണ് നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കൊച്ചി: വരാനിരിക്കുന്ന സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി ഗോവയില്‍ പ്രീസീസണ്‍ ക്യാമ്പിന് തുടക്കമിട്ടു. ഗോവയിലെ പാരാ ഗ്രൗണ്ടിലാണ് ടീം പരിശീലന സെഷനുകള്‍ ആരംഭിച്ചത്. ഹെഡ് കോച്ച് ഡേവിഡ് കാറ്റലയുടെ നേതൃത്വത്തില്‍ താരങ്ങളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലും ടീമിന്റെ ഏകോപനം മെച്ചപ്പെടുത്തുന്നതിലുമാണ് നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സീസണിലെ ആദ്യ പ്രധാന പോരാട്ടമായ സൂപ്പര്‍ കപ്പിന് മുന്നോടിയായി ടീമിനൊപ്പം ചേര്‍ന്ന പുതിയ കളിക്കാര്‍ക്ക് ടീമുമായി പൊരുത്തപ്പെടാനുള്ള സുപ്രധാന അവസരം കൂടിയാണ് ഈ ക്യാമ്പ്. മുഖ്യ പരിശീലകന്‍ ഡേവിഡ് കാറ്റലയും പരിശീലക സംഘവും ക്യാമ്പിനായി ഗോവയിലെത്തിയിട്ടുണ്ട്. വിദേശ താരങ്ങളായ അഡ്രിയാന്‍ ലൂണ, നോഹ സദൗയി, ദുസാന്‍ ലഗതോര്‍, പുതുതായി ടീമിലെത്തിയ സ്പാനിഷ് സ്‌ട്രൈക്കര്‍
കോള്‍ഡോ ഒബിയേറ്റ  എന്നിവരും ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.ദേശീയ ടീമിന്റെ ഡ്യൂട്ടിയിലായതിനാല്‍ ഏതാനും ഇന്ത്യന്‍ താരങ്ങളെ കൂടാതെ ലഭ്യമായ മറ്റെല്ലാ താരങ്ങളും പരിശീലനത്തിനായി ഗോവയിലെത്തിയിട്ടുണ്ട്. ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി സീനിയര്‍ ഇന്ത്യന്‍ ദേശീയ ടീമിനൊപ്പമാണ് മധ്യനിര താരം ഡാനിഷ് ഫാറൂഖ്. കൂടാതെ, യുവതാരങ്ങളായ വിബിന്‍ മോഹനന്‍, കോറോ സിംഗ്, ബികാഷ് യുമ്‌നം, മുഹമ്മദ് സഹീഫ്, മുഹമ്മദ് ഐമന്‍, സുമിത് ശര്‍മ്മ, ശ്രീകുട്ടന്‍ എം.എസ് എന്നിവര്‍ ഇന്ത്യയുടെ അണ്ടര്‍23 ടീമിനൊപ്പമാണ് ദേശീയ ഡ്യൂട്ടിയിലുള്ളത്. സച്ചിന്‍ സുരേഷ്, അര്‍ഷ് ഷെയ്ഖ്, നോറ ഫെര്‍ണാണ്ടസ്, അല്‍ സാബിത്ത്. നവോച്ച സിംഗ്, ഐബാന്‍ഭ ഡോഹ്ലിംഗ്, ഫ്രെഡി ലാല്‍വമ്മാവിയ, മുഹമ്മദ് അസ്ഹര്‍, സന്ദീപ് സിംഗ്, അമാവിയ, അമെ റാണവാഡെ, പ്രബീര്‍ ദാസ്, ബികാഷ് സിംഗ്, നിഹാല്‍ സുധീഷ്, ഹോര്‍മിപാം റുയിവാഹ് എന്നിവരും ഗോവയില്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്‌
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു