ലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെനല്‍റ്റിയിലൂടെ ഹെസ്യൂസ് ഹിമിനെസും (40ാം മിനിറ്റ്), നോഹ സദോയിയുമാണ് (64) ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്.
ഭുവനേശ്വര്‍: നിലവിലെ ചാമ്പ്യന്‍മാരായ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് കലിംഗ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടറില്‍. രണ്ട് ഗോളിനാണ് കരുത്തരായ ഈസ്റ്റ് ബംഗാളിനെ ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. സ്പാനിഷ് പരിശീലകന്‍ ദവീദ് കറ്റാലയ്ക്ക് കീഴില്‍ ആദ്യ കളിക്കിറങ്ങിയ മഞ്ഞപ്പട മിന്നുംജയത്തോടെ അദ്ദേഹത്തിന് കീഴിലെ പ്രയാണം തുടങ്ങി. ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെനല്‍റ്റിയിലൂടെ ഹെസ്യൂസ് ഹിമിനെസും (40ാം മിനിറ്റ്), നോഹ സദോയിയുമാണ് (64) ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. ഏപ്രില്‍ 26ന് നടക്കുന്ന ക്വാര്‍ട്ടറില്‍ ഐഎസ്എല്‍ ജേതാക്കളായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളി.പരിശീലകന്‍ ദവീദ് കറ്റാല തന്റെ അരങ്ങേറ്റ മത്സരത്തില്‍ യുവത്വത്തിനും പരിചയസമ്പത്തിനും ഊന്നല്‍ നല്‍കിയാണ് ടീമിനെ തെരഞ്ഞെടുത്തത്. ഗോള്‍കീപ്പറായി സച്ചിന്‍ സുരേഷ് എത്തിയപ്പോള്‍ പ്രതിരോധത്തില്‍ ഹോര്‍മിപാം, മിലോസ് ദ്രിന്‍സിച്ച്, ബികാഷ് യുംനം, ദുസാന്‍ ലാഗറ്റോര്‍ എന്നിവരെത്തി. മധ്യനിരയില്‍ മലയാളി താരം വിബിന്‍ മോഹനനൊപ്പം ഡാനിഷ് ഫറൂഖിയും ചേര്‍ന്നു. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയ്ക്ക് കൂടുതല്‍ ചുമതല നല്‍കി. ഒരേ സമയം ആക്രമിക്കാനും ആവശ്യമെങ്കില്‍ പ്രതിരോധിക്കാനും ലൂണയ്ക്ക് പരിശീലകന്‍ സ്വാതന്ത്രം നല്‍കി. നോഹ സദൂയിയും നവോച്ച സിങ്ങും ഇരുവശത്തും അണിനിരന്നു. ഗോളടിക്കാന്‍ ഹെസ്യൂസ് ഹിമിനെസും.പ്രഭ്‌സുഖന്‍ സിങ് ഗില്ലായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ഗോളി. അന്‍വര്‍ അലി, ലാല്‍ചുങ്കുഗ, മുഹമ്മദ് റാകിപ്, ഹെക്ടര്‍ യൂസ്‌തെ, ജീക്‌സണ്‍ സിങ്, റിച്ചാര്‍ഡ് സെലിന്, ദിമിത്രോസ് ഡയമന്റാകോസ്, റാഫേല്‍ മെസി ബൗളി, മഹേഷ് സിങ്, മലയാളിയായ പി വിഷ്ണു എന്നിവരായിരുന്നു ആദ്യ ഇലവനില്‍ ഉള്‍പ്പെട്ട മറ്റ് ടീം അംഗങ്ങള്‍.
കളി തുടക്കത്തില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് മിന്നി. രണ്ടാം മിനിറ്റില്‍ മികച്ച അവസരം കിട്ടി. വലതുവശത്തുനിന്നും നോഹ നല്‍കിയ മനോഹര ക്രോസ് ഹിമിനെസിന് മുതാലക്കാനായില്ല. 19ാം മിനിറ്റില്‍ വീണ്ടും സമാനമായി നോഹയുടെ ക്രോസുണ്ടായി. ഇത്തവണ ഡാനിഷിന് പിഴച്ചു. പിന്നാലെ കിട്ടിയ തുറന്ന അവസരത്തില്‍ ഹിമിനെസിനും ലക്ഷ്യം കണാനായില്ല. ഇതിനിടെ ഈസ്റ്റ് ബംഗാള്‍ ചില മിന്നല്‍ നീക്കങ്ങള്‍ നടത്തിയെങ്കിലും ഇതെല്ലാം ബ്ലാസ്‌റ്റേഴ്‌സിന്റെ ഉറച്ച പ്രതിരോധം നിഷ്പ്രഭമാക്കി. 33ാം മിനിറ്റിലും നോഹയുടെ കൃത്യതയാര്‍ന്ന പാസ് മുതലക്കാന്‍ ഹിമിനെസിന് സാധിച്ചില്ല. 38ാം മിനറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് കൊതിച്ച നിമിഷമെത്തി. അപകടകാരിയായ നോഹയുടെ മുന്നേറ്റം തടയാനുള്ള കൊല്‍ക്കത്തന്‍ പ്രതിരോധക്കാരന്‍ അന്‍വര്‍ അലിയുടെ നീക്കം പിഴച്ചു. അന്‍വറിന്റെ ചവിട്ടില്‍ നോഹ നിലത്തുവീണതോടെ റഫറി പെനല്‍റ്റി വിധിച്ചു. ആദ്യത്തെ കിക്ക് ഉന്നംകണ്ടിരുന്നില്ല. എന്നാല്‍ സാങ്കേതിക പിഴവിനെ തുടര്‍ന്ന് വീണ്ടും കിക്കെടുക്കാന്‍ ഹിമിനെസിനോട് റഫറി ആവശ്യപ്പെട്ടു. ഇത്തവണ സ്പാനിഷുകാരന് തെറ്റിയില്ല. മൂര്‍ച്ചയേറിയ ഷോട്ട് വലയില്‍ വിശ്രമിച്ചു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തില്‍ മുന്നിലെത്തി. ലീഡുയര്‍ത്താനുള്ള ശ്രമം ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ന്നു.
രണ്ടാംപകുതിയില്‍ ഒരു മാറ്റവുമായാണ് മഞ്ഞപ്പട എത്തിയത്. ഹോര്‍മിപാമിന് പകരം ഐബാന്‍ബ ദോഹ്‌ലിങ് സ്ഥാനംപിടിച്ചു. ഇടവേള കഴിഞ്ഞും ബ്ലാസ്‌റ്റേഴ്‌സ് ആധിപത്യം തുടര്‍ന്നു. 56ാം മിനിറ്റില്‍ ഹിമിനെസ് ഈസ്റ്റ് ബംഗാള്‍ വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായിരുന്നു. ഇതിനിടെ 57ാം മിനിറ്റില്‍ പരിക്കേറ്റ ലൂണ പിന്‍മാറി. ഫ്രെഡിയാണ് പകരമെത്തിയത്. 64ാം മിനിറ്റില്‍ ഉഗ്രന്‍ ഗോളിലൂടെ നോഹ ബ്ലാസ്‌റ്റേഴ്‌സിന്റെ ലീഡുയര്‍ത്തി. വലതുഭാഗത്തുനിന്നും ഐബാന്‍ നല്‍കിയ പന്തുമായി ബോക്‌സിന് മുന്നിലൂടെ മുന്നേറി. രണ്ട് ഈസ്റ്റ് ബംഗാള്‍ പ്രതിരോധക്കാരെ വെട്ടിമാറ്റിയുള്ള ഇടംകാലടി വലകുലുക്കി. കൊല്‍ക്കത്തന്‍ ഗോളി ഗില്ലിന് കാഴച്ചക്കാരനാകാനെ സാധിച്ചുള്ളു. കളിയിലുടനീളം മിന്നുംപ്രകടനം നടത്തിയ നോഹ അര്‍ഹിച്ച ഗോളാണ് കുറിച്ചത്.
എഴുപതാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മാറ്റം വരുത്തി. ഹിമിനെസിന് പകരം ക്വാമി പെപ്രയും ഡാനിഷിന് പകരം മലയാളി താരം മുഹമ്മദ് സഹീഫുമെത്തി. 74ാം മിനിറ്റില്‍ നോഹ ഒരിക്കല്‍ക്കൂടി വല കുലുക്കിയെങ്കിലും ഓഫ്‌സൈഡായി. 86ാം മിനിറ്റില്‍ വിബിനിന് പകരം മലയാളി മുന്നേറ്റക്കാരന്‍ എം എസ് ശ്രീക്കുട്ടനും ബ്ലാസ്‌റ്റേഴ്‌സിനായി ഇറങ്ങി. പ്രതിരോധം ഉറപ്പിച്ച് ബ്ലാസ്‌റ്റേഴ്‌സ് നിലനിന്നതോടെ തിരിച്ചുവരാനുള്ള ഈസ്റ്റ് ബംഗാളിന്റെ മോഹം പൊലിഞ്ഞു.