മത്സ്യമേഖലയിലെ സുസ്ഥിരത: സഹകരണം അനിവാര്യം

കടലുമായും ആവാസവ്യവസ്ഥയുമായും ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ നല്‍കുന്ന വിവരങ്ങള്‍ ശാസ്ത്രീയ ഗവേഷണം കൂടുതല്‍ കാര്യക്ഷമമാക്കും. ചെറുമത്സ്യബന്ധന നിയന്ത്രണം കര്‍ശനമായി
നടപ്പാക്കണമെന്നും ശില്‍പശാല അഭിപ്രായപ്പെട്ടു.

കൊച്ചി: സമുദ്രമല്‍സ്യ മേഖലയില്‍ സുസ്ഥിര രീതികള്‍ നടപ്പാക്കാന്‍ ശാസ്ത്രജ്ഞരുടെയും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെയും സഹകരണം അനിവാര്യമാണെന്ന് നിര്‍ദേശം. കേരളത്തിലെ സമുദ്രമത്സ്യ മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) നടന്ന ശില്‍പശാലയിലാണ് അഭിപ്രായം.
മത്സ്യലഭ്യതയെ കുറിച്ച് സിഎംഎഫ്ആര്‍ഐ നടത്തുന്ന ശാസ്ത്രീയ വിവരശേഖരണത്തിനൊപ്പം മത്സ്യത്തൊഴിലാളികള്‍ മീന്‍പിടുത്ത വിവരങ്ങള്‍ കൈമാറുന്നത് ഡേറ്റശേഖരണം കുറ്റമറ്റതാക്കും. കടലുമായും ആവാസവ്യവസ്ഥയുമായും ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ നല്‍കുന്ന വിവരങ്ങള്‍ ശാസ്ത്രീയ ഗവേഷണം കൂടുതല്‍ കാര്യക്ഷമമാക്കും. ചെറുമത്സ്യബന്ധന നിയന്ത്രണം കര്‍ശനമായി
നടപ്പാക്കണമെന്നും ശില്‍പശാല അഭിപ്രായപ്പെട്ടു.

സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് കടലില്‍ മത്സ്യസമ്പത്തിന്റെ വിന്യാസത്തില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത മുപ്പത് വര്‍ഷത്തിനകം ഈ മാറ്റം കൂടുതലായി കാണപ്പെടും. പല മീനുകളുടെയും ലഭ്യതയിലും അളവിലും മാറ്റങ്ങളുണ്ടാകും. സമുദ്രമത്സ്യ മേഖലയിലെ പ്രതിസന്ധിക്ക് ശാസ്ത്രീയരീതികളിലൂടെ പരിഹാരം കണ്ടെത്താനാണ് സിഎംഎഫ്ആര്‍ഐ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍, മത്സ്യത്തൊഴിലാളികള്‍ പങ്കുവെക്കുന്ന വിവരങ്ങളും നിര്‍ദേശങ്ങളും പഠനവിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡോ ടി എം നജ്മുദ്ധീന്‍ വിഷയാവതരണം നടത്തി. ചെറുമത്സ്യ ബന്ധനം തടയുന്നതിന് വലയുടെ കണ്ണിവലിപ്പം കര്‍ശനമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. തീരക്കടലുകളില്‍ രാത്രികാലങ്ങളിലെ മീന്‍പിടുത്തം നിരോധിക്കണമെന്ന് മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികള്‍ പറഞ്ഞു. രാത്രികാലങ്ങളിലാണ് പല അശാസ്ത്രീയ മീന്‍പിടുത്ത രീതികളും നടക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള യാനങ്ങള്‍ക്ക് നിയന്ത്രണം വേണം.

കടല്‍ മണല്‍ ഖനനം മത്സ്യമേഖലയെ പ്രതിസന്ധിയിലാക്കും. ആവാസവ്യവസ്ഥയിലെ മാറ്റങ്ങള്‍ പഠനവിധേയമാക്കണം. നിയന്ത്രണങ്ങള്‍ക്ക് ദേശീയതലത്തില്‍ ഏകോപിത സംവിധാനമുണ്ടാകണമെന്നും അവര്‍ പറഞ്ഞു. ഡോ ശോഭ ജോ കിഴിക്കൂടന്‍, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ഡോ ആശ അഗസ്റ്റിന്‍, ഡോ സി രാമചന്ദ്രന്‍, ഡോ ലിവി വില്‍സണ്‍, കുമ്പളം രാജപ്പന്‍, ടി വി ജയന്‍, ആന്റണി കുരിശിങ്കല്‍, രാജു ആശ്രയം, സിബി പൊന്നൂസ്, കെ പി സെബാസ്റ്റ്യന്‍, എ ഡി ഉണ്ണികൃഷ്ണന്‍, ചാള്‍സ് ജോര്‍ജ്, സതീശന്‍ എന്‍ എം എന്നിവര്‍ സംസാരിച്ചു.

 

Spread the love