അന്താരാഷ്ട്ര സമ്മേളനത്തിന് ആദിശങ്കര ഇന്‍സ്റ്റിറ്റിയൂട്ടില്‍ തുടക്കം

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ ദീപം തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.ആത്മീയ നേതാവും എഴുത്തുകാരനുമായ പദ്മഭൂഷണ്‍ കമലേഷ് ഡി പട്ടേല്‍ (ഡാജി) ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

 

കൊച്ചി: ‘സുസ്ഥിര ഭാവിക്ക് വേണ്ടിയുള്ള ആജീവനാന്ത പഠനം പരിസ്ഥിതി, സമ്പദ്‌വ്യവസ്ഥ, സമൂഹം’ എന്ന വിഷയത്തില്‍ ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിന് കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ ദീപം തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.ആത്മീയ നേതാവും എഴുത്തുകാരനുമായ പദ്മഭൂഷണ്‍ കമലേഷ് ഡി പട്ടേല്‍ (ഡാജി) ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

‘ജീവിതത്തിലെ എല്ലാ പാഠങ്ങളും ആര്‍ക്കും നമ്മെ പഠിപ്പിക്കാന്‍ കഴിയില്ലെന്നും ജീവിതം ആശ്ചര്യങ്ങള്‍ നിറഞ്ഞതാണെന്നും കമലേഷ് ഡി പട്ടേല്‍ പറഞ്ഞു. ആശ്ചര്യങ്ങളോട് പ്രതികരിക്കാന്‍ ആര്‍ക്കും നമ്മെ തയ്യാറാക്കാന്‍ കഴിയില്ല. സുസ്ഥിരമായ നിലനില്‍പ്പിന് തുടര്‍ച്ചയായ പഠനം ആവശ്യമാണ്. സ്വയം നിരീക്ഷിക്കാനുള്ള കഴിവും സ്വന്തം ജീവിതത്തിലുള്ള താല്‍പ്പര്യവും ഇതിന് അനിവാര്യമാണും കമലേഷ് ഡി പട്ടേല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ദി പവര്‍ ഓഫ് പാരഡോക്‌സ്’ ചടങ്ങില്‍ പ്രകാശനം ചെയ്തു.ദുബായ് സായിദ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദ് എ ബിന്‍ ഫഹദ് ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു

അയര്‍ലന്‍ഡ് എഎസ്ഇഎം ഹോണറബ്ള്‍ ചെയര്‍ പ്രൊഫ. സീമസ് ഓ’ ട്വാമ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
എന്‍ഐടി കാലിക്കറ്റിന്റെയും ഐഐഐടി കോട്ടയത്തിന്റെയും ഡയറക്ടര്‍ പ്രൊഫ. ഡോ. പ്രസാദ് കൃഷ്ണയും ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു. ആദി ശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ്, ഡോ. എം. എസ്. മുരളി, ഡോ. ജേക്കബ് ജോര്‍ജ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.ഏഷ്യായൂറോപ്പ് മീറ്റിംഗ് (എഎസ്ഇഎം) ലൈഫ്‌ലോംഗ് ലേണിംഗ് ഓര്‍ഗനൈസേഷനില്‍ ഇന്ത്യ 2007 മുതല്‍ അംഗമാണെങ്കിലും ഇതാദ്യമായാണ് കേരളത്തില്‍ ഈ വിഷയത്തില്‍ ഒരു ആഗോള കോണ്‍ഫറന്‍സ് അരങ്ങേറുന്നത്. പതിനെട്ടു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പരിസ്ഥിതി, സമ്പദ് വ്യവസ്ഥ, സമൂഹം എന്നിവയുടെ വിവിധ പശ്ചാത്തലങ്ങളില്‍ ലൈഫ്‌ലോംഗ് ലേണിംഗും സുസ്ഥിരതയും തമ്മിലുള്ള പരസ്പരബന്ധത്തിന്റെ വിവിധ വശങ്ങളാണ് കോണ്‍ഫറന്‍സിലെ പ്രബന്ധങ്ങള്‍ക്കും പ്രഭാഷണങ്ങള്‍ക്കും വിഷയമാവുക.ജനുവരി 8നു സമ്മേളനം സമാപിക്കും.

 

Spread the love