സ്വച്ഛ് സര്‍വേക്ഷന്‍ നാഷണല്‍ റാങ്കിംഗ്: കേരളത്തില്‍ കൊച്ചി ഒന്നാമത്

ദേശീയ തലത്തില്‍ 50-ാം സ്ഥാനമാണ് കൊച്ചിക്ക് ലഭിച്ചിട്ടുള്ളത്. 416-ാം സ്ഥാനത്ത് നിന്നാണ് കൊച്ചി 50-ാം സ്ഥാനത്തേക്ക് എത്തിയത്.
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ നഗരശുചിത്വ സര്‍വ്വേയുടെ 9-ാം പതിപ്പായ സ്വച്ഛ് സര്‍വ്വേക്ഷന്‍ 2024 പ്രകാരം, കേരളത്തിലെ ഏറ്റവും മികച്ച ശുചിത്വ നഗരമായി കൊച്ചി നഗരസഭയെ തെരഞ്ഞെടുത്തതായി കൊച്ചി മേയര്‍ അഡ്വ. എം.അനില്‍കുമാര്‍ പറഞ്ഞു. ദേശീയ തലത്തില്‍ 50-ാം സ്ഥാനമാണ് കൊച്ചിക്ക് ലഭിച്ചിട്ടുള്ളത്. 416-ാം സ്ഥാനത്ത് നിന്നാണ് കൊച്ചി 50-ാം സ്ഥാനത്തേക്ക് എത്തിയത്. 2024 വര്‍ഷത്തെ സര്‍വ്വേയില്‍ 4 പ്രധാന ഘടകങ്ങളായിരുന്നു മാനദണ്ഡമാക്കിയിരുന്നത്. ആദ്യത്തെ 2 ഘടകങ്ങളില്‍ നഗരശുചിത്വം സംബന്ധിച്ച് പൗരന്മാരില്‍ നിന്നും ലഭ്യമാക്കിയ പൊതുജനാഭിപ്രായമാണ് ഉള്‍പ്പെടുന്നത്. മാലിന്യ സംസ്‌കരണ സൗകര്യങ്ങളുടെ വിലയിരുത്തലാണ് മൂന്നാമത്തെ ഘടകം. നാലാം ഘട്ടമായി നടത്തിയിട്ടുള്ളത് നേരിട്ടുള്ള ഫീല്‍ഡ് പരിശോധനയാണ്. ശുചിത്വം, നഗരസൗന്ദര്യവത്കരണം, ജൈവ-അജൈവ മാലിന്യ സംസ്‌കരണം, മലിന ജല സംസ്‌കരണം തുടങ്ങി നിരവധി ഘടകങ്ങള്‍ പരിശോധനയില്‍ ഉള്‍പ്പെടുന്നുണ്ട്.

സ്വച്ഛ് സര്‍വേക്ഷണ്‍ ആരംഭിച്ചതിന് ശേഷം, ആദ്യമായാണ് കേരളത്തിലെ ഒരു നഗരം, ദേശീയതലത്തില്‍ 50-ാം സ്ഥാനത്തെത്തുന്നതെന്ന് മേയര്‍ പറഞ്ഞു. ഒന്നാം സ്ഥാനത്ത് എത്താന്‍ ഇനിയും പലതും ചെയ്യാനുണ്ട്. ബ്രഹ്മപുരത്ത് ഉയരുന്ന സി.ബി.ജി പ്ലാന്റ് പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ വലിയൊരു മുന്നേറ്റം  നടത്താന്‍ സാധിക്കുമെന്നും മേയര്‍ വ്യക്തമാക്കി. കേരളത്തിലെ മറ്റ് നഗരങ്ങളെക്കാള്‍ മുന്നിലെത്തുന്നതിന് കൊച്ചിയെ സഹായിച്ചത്, ബ്രഹ്മപുരം കേന്ദ്രീകരിച്ച് നടത്തി വരുന്ന മാലിന്യ സംസ്‌ക്കരണ പദ്ധതികളാണ്. ബ്രഹ്മപുരത്തെ ബയോമൈനിംഗ് പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ബ്രഹ്മപുരത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന 100 ടണ്‍ ശേഷിയുള്ള ബി.എസ്.എഫ് പ്ലാന്റും, വിവിധയിടങ്ങളിലുള്ള ബോട്ടില്‍ ബൂത്തുകള്‍, ആര്‍.ആര്‍.എഫ് പ്ലാന്റുകള്‍, കണ്ടെയ്നര്‍ എം.സി.എഫുകള്‍ എന്നിവയും മാലിന്യ സംസ്‌കരണ രംഗത്തെ അനുകരണീയ മാതൃകകളാണ്. വില്ലിംഗ്ടണ്‍ ഐലന്റ്, എളംകുളം തുടങ്ങിയ സ്ഥലങ്ങളിലെ എഫ്.എസ്.ടി.പി, കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഒ.ഡബ്ല്യു.സി പ്ലാന്റ് തുടങ്ങിയവയും, സര്‍വ്വേ അംഗങ്ങളുടെ ഫീല്‍ഡ് പരിശോധയില്‍ ഉള്‍പ്പെട്ടിരുന്നു.
നിലവില്‍ ശുചിത്വം, മാലിന്യ സംസ്‌കരണം, നഗരസൗന്ദര്യവത്കരണം തുടങ്ങിയ മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാക്കുന്നതിന് നഗരസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വരും വര്‍ഷങ്ങളിലും, കൂടുതല്‍ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമാകാന്‍ കൊച്ചി നഗരസഭയ്ക്ക് കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ട്.നഗരസഭയ്ക്ക് ഇപ്പോള്‍ ലഭിച്ചിട്ടുള്ള അംഗീകാരത്തിന് പിന്നില്‍ നിരവധിപേരുടെ കഠിന പ്രയത്നമുണ്ടെന്നും മേയര്‍ പറഞ്ഞു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു