45,589 പുരപ്പുറ സോളാര്‍ ഇന്‍സ്റ്റലേഷനുകളാണ് 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ കമ്പനി നേടിയത്.
കൊച്ചി: 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് മുന്‍നിര പുരപ്പുറ സോളാര്‍ കമ്പനിയായ ടാറ്റ പവര്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ്. 45,589 പുരപ്പുറ സോളാര്‍ ഇന്‍സ്റ്റലേഷനുകളാണ് 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ കമ്പനി നേടിയത്. 2025 സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ കൈവരിച്ച 8838 ഇന്‍സ്റ്റലേഷനുകളെ അപേക്ഷിച്ച് 416 ശതമാനം വര്‍ധനയാണ് ഇത്. ടാറ്റ പവര്‍ കമ്പനി ലിമിറ്റഡിന്റെ ഉപസ്ഥാപനമാണ് ടാറ്റ പവര്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ്. 2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ ഇന്‍സ്റ്റലേഷനുകള്‍ ടാറ്റ പവര്‍ റിന്യൂവബിള്‍ എനര്‍ജിയെ ആകെ 204,443 പുരപ്പുറ സോളാര്‍ ഇന്‍സ്റ്റലേഷനുകളിലേക്ക് എത്തിച്ചു. ഇതിലൂടെ മൊത്തം ശേഷി 3.4 ജിഗാവാട്ടായി വര്‍ദ്ധിച്ചു.
400ലധികം നഗരങ്ങളിലായി 604 ചാനല്‍ പങ്കാളികളുടെ ശക്തമായ ശൃംഖലയും 560 നഗരങ്ങളിലായി 240 അംഗീകൃത സേവന പങ്കാളികളും ടാറ്റ പവര്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡിനുണ്ടെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. 1.8 ലക്ഷത്തിലധികം വരുന്ന ഗാര്‍ഹിക മേഖലയില്‍ നിന്നുള്ള ഉപഭോക്താക്കള്‍ ഉള്‍പ്പെടെ, രണ്ട് ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട് കമ്പനിക്ക്. സോളാര്‍ നിര്‍മ്മാണ മേഖലയില്‍ വിപുലീകരണം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് ടാറ്റ പവര്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ്. 4.3 ജിഗാവാട്ട് സെല്ലുകളുടെയും മൊഡ്യൂളുകളുടെയും മികച്ച നിര്‍മ്മാണ ശേഷികൊണ്ടും, 3.4 ജിഗാവാട്ടിന് മുകളില്‍ ശേഷിയുള്ള പുരപ്പുറ സോളാര്‍ ഇന്‍സ്റ്റലേഷനുകളിലൂടെയും രാജ്യത്തിന്റെ ശുദ്ധവും സുസ്ഥിരവുമായ ഊര്‍ജ്ജ ഭാവിയിലേക്കുള്ള ത്വരിതഗതിയിലുള്ള പരിവര്‍ത്തനത്തെ മുന്നോട്ട് നയിക്കുകയാണ് ടാറ്റ പവര്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ് എന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

