തായ്‌വാനീസ് വിദ്യാര്‍ത്ഥി ജെഫ്രി ഹോ ‘ലോകത്തിലെ ഏറ്റവും മികച്ച കോഡര്‍’‘ടോപ്പ് വുമണ്‍ കോഡര്‍’ കിരീടം ഇന്ത്യക്കാരി അങ്കിത വര്‍മ്മയും ‘ടോപ്പ് എമര്‍ജിംഗ് കോഡര്‍’ കിരീടം ചൈനയില്‍ നിന്നുള്ള ഷൗ ജിങ്കായ്യും നേടി
കൊച്ചി: ഐടി സേവനങ്ങള്‍, കണ്‍സള്‍ട്ടിംഗ്, ബിസിനസ് സൊല്യൂഷന്‍സ് എന്നിവയിലെ ആഗോള മുന്‍നിരക്കാരായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ചെന്നൈയിലെ ടിസിഎസ് സിരുശേരി കാമ്പസില്‍ സംഘടിപ്പിച്ച ആഗോള കോഡിംഗ് മത്സരമായ കോഡ് വിറ്റയുടെ വിജയികളെ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് മത്സരത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയ കോഡ്‌വിറ്റ 2025ല്‍ തായ്‌വാനില്‍ നിന്നുള്ള 24 കാരനായ ജെഫ്രി ഹോ വിജയിയായി. ജെഫ്രി ഹോയ്ക്ക് 10,000 ഡോളര്‍ ക്യാഷ് പ്രൈസ് ലഭിച്ചു. രണ്ടും മൂന്നുംസ്ഥാനങ്ങളിലെത്തിയ ചിലിയില്‍ നിന്നുള്ള മാര്‍ട്ടിന്‍ ആന്‍ഡ്രിഗെറ്റി, ഇഗ്‌നാസിയോ മുനോസ് എന്നിവര്‍ക്ക് യഥാക്രമം 7,000 ഡോളര്‍, 3,000 ഡോളര്‍ എന്നിങ്ങനെയാണ് സമ്മാനത്തുക.
മികച്ച വനിതാ കോഡറായി ഇന്ത്യയില്‍ നിന്നുള്ള അങ്കിത വര്‍മ്മ, ടോപ്പ് എമര്‍ജിംഗ് കോഡറായി ചൈനയില്‍ നിന്നുള്ള ഷൗ ജിങ്കായ് എന്നിവരെയും തിരഞ്ഞെടുത്തു. മികച്ച മൂന്ന് കോഡര്‍മാര്‍ക്ക് ടിസിഎസ് റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ ടീമിനൊപ്പം നേരിട്ട് ഇന്റേണ്‍ഷിപ്പ് ചെയ്യാനുള്ള അവസരവും ലഭിക്കും. കോഡ്‌വിറ്റയില്‍ മൂന്ന് റൗണ്ട് കോഡിംഗ് വെല്ലുവിളികളാണുള്ളത്. ഒന്നാം റൗണ്ടില്‍ നിന്ന് മുന്നേറാന്‍ മത്സരാര്‍ത്ഥികള്‍ കുറഞ്ഞത് ഒരു വെല്ലുവിളിയെങ്കിലും പരിഹരിക്കണം.
രണ്ടാം റൗണ്ടില്‍, അവര്‍ പുതിയ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നു. ഏറ്റവും മികച്ച 25 മത്സരാര്‍ത്ഥികള്‍ മാത്രമേ അവസാന റൗണ്ടിലേക്ക് എത്തുകയുള്ളൂ.ടിസിഎസ് കോഡ്‌വിറ്റയില്‍ പങ്കെടുക്കുന്നവരുടെ കോഡിംഗ് കഴിവുകള്‍ വെല്ലുവിളിക്കുക മാത്രമല്ല, യഥാര്‍ത്ഥ സാഹചര്യങ്ങളിലെ ആപ്ലിക്കേഷനുകളും വളര്‍ന്നുവരുന്ന സാങ്കേതിക പ്രവണതകളും മനസിലാക്കുന്നതിനുള്ള സവിശേഷമായ അവസരം അവര്‍ക്ക് ലഭ്യമാക്കുക കൂടി ചെയ്യുന്നുണ്ടെന്ന് ടിസിഎസ് ചീഫ് ടെക്‌നോളജി ഓഫീസര്‍ ഹാരിക്ക് വിന്‍ പറഞ്ഞു.