ചെമ്മീന്‍ തോട് ശുദ്ധീകരണത്തിന് ഐസിഎആര്‍ സിഫ്റ്റിന്റെ
സാങ്കേതിക പിന്തുണ

കൊച്ചി: രാജ്യത്തിലെ ആദ്യത്തെ ചെമ്മീന്‍ തോട് മാലിന്യസംസ്‌കരണ ജൈവശുദ്ധീകരണശാല സ്ഥാപിക്കുന്നതിന് കൊച്ചിയിലെ കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐസിഎആര്‍ സിഫ്ട് സാങ്കേതിക സൗകര്യമൊരുക്കി. ചെമ്മീന്‍ മാലിന്യ സംസ്‌കരണം കൈകാര്യം ചെയ്യുന്നതില്‍ രാജ്യത്ത് സുസ്ഥിരമായ രീതികള്‍ കുറവാണ്. മാത്രമല്ല ഈ പ്രശ്‌നം പലപ്പോഴും പാരിസ്ഥിതിക പ്രശ്‌നമായി കണക്കാക്കപ്പെടുന്നു.ചെമ്മീന്‍ തോട് മാലിന്യത്തിന്റെ ഉപയോഗങ്ങള്‍ മനസിലാക്കുകയും അതിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് , ഈ ഉപോല്‍പ്പന്നത്തെ മൂല്യവത്തായ വിഭവങ്ങളാക്കി മാറ്റുന്നതിനുള്ള അത്യാധുനിക സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിന് കൊച്ചിയിലെ ഐ സി എ ആര്‍ സിഫ്ട് നേതൃത്വം നല്‍കി.

ഐ സി എ ആര്‍ സിഫ്റ്റിന്റെ ചെമ്മീന്‍ തോട് ജൈവശുദ്ധീകരണശാല സാങ്കേതികവിദ്യ പരിസ്ഥിതി ആഘാതം കുറയ്ക്കുക മാത്രമല്ല, കൃഷി മുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വരെയുള്ള വ്യവസായങ്ങളില്‍ ആവശ്യമായുള്ള കൈറ്റിന്‍, കൈറ്റോസന്‍, ചെമ്മീന്‍ പ്രോട്ടീന്‍ ഹൈഡ്രോലൈസേറ്റ് തുടങ്ങിയ ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്നു.2020ല്‍ ഐ സി എ ആര്‍ സിഫ്റ്റിന്റെ വെരാവല്‍ റിസര്‍ച്ച് സെന്ററില്‍, ഗുജറാത്തിലെ ഇ ഡി ഐ ഐ ല്‍ നിന്നുള്ള യുവസംരംഭകനും ബിരുദധാരിയുമായ അമേയ് നായിക്, ചെമ്മീന്‍ മാലിന്യത്തിന്റെ സാധ്യതകള്‍ പര്യവേക്ഷണം ചെയ്തതോടെയാണ് കഥ ആരംഭിച്ചത്.

ചെമ്മീന്‍, ഞണ്ട്, കണവ മുതലായവയുടെ പുറംതൊലിയില്‍ നിന്ന് വേര്‍പെടുത്തിയ പ്രകൃതിദത്തമായ വസ്തുവാണ് കൈറ്റിന്‍. കൈറ്റിന്‍ ശുദ്ധീകരിച്ചാണ് കൈറ്റോസന്‍ ലഭിക്കുന്നത്. കൊളസ്‌ട്രോള്‍, അമിതഭാരം, അനുബന്ധ ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് അന്തര്‍ദേശീയമായി അംഗീകാരം നേടിയ പ്രകൃതിദത്ത ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നമാണ് കൈറ്റോസന്‍. ഇത് മരുന്നായും മരുന്ന് നിര്‍മ്മാണത്തിലും ഉപയോഗിക്കുന്നു.ഇന്ന്, മുംബൈയിലെ ചെമ്മീന്‍ ജൈവശുദ്ധീകരണ ശാലയായ ലോങ്‌ഷോര്‍ ടെക്‌നോളജീസ് െ്രെപവറ്റ് ലിമിറ്റഡ് പ്ലാന്റ് ദിവസേന രണ്ട് ടണ്‍ ചെമ്മീന്‍ തോട് മാലിന്യം സംസ്‌കരിക്കുകയും ചെമ്മീന്‍ പ്രോട്ടീന്‍ ഹൈഡ്രോലൈസേറ്റ്, കൈറ്റിന്‍, കൈറ്റോസന്‍ എന്നിവ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് പരിസ്ഥിതി മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും സാമ്പത്തിക ലാഭം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇന്ത്യയുടെ മല്‍സ്യസംസ്‌കരണ വ്യവസായത്തിന് പ്രായോഗികമായ പരിഹാരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സിഫ്റ്റിന്റെ സമര്‍പ്പണത്തെ ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നുവെന്ന് സിഫ്ട് ഡയറക്ടര്‍ ഡോ. ജോര്‍ജ്ജ് നൈനാന്‍ പറഞ്ഞു.

Spread the love