കൊച്ചി : താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വധിക്കാന്‍ ശ്രമിച്ച സംഭവത്തെ ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗാസ്ട്രോഎന്ററോളജി കേരള ചാപ്റ്റര്‍ അതിശക്തമായി അപലപിച്ചു. സമൂഹ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരാണ് ഡോക്ടര്‍മാര്‍. ലഭ്യമായ സൗകര്യങ്ങളില്‍ മികച്ച ചികിത്സ നല്‍കാനാണ് എല്ലാക്കാലവും സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ ശ്രമിക്കുന്നത്. എന്നിരുന്നാലും, ചിലപ്പോള്‍ ചില അനിഷ്ടസംഭവങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. അതിന്റെ പേരില്‍ ആശുപത്രിയില്‍ ആക്രമണം നടത്തുന്നതും, ഡോക്ടര്‍മാരെ വധിക്കാന്‍ വരെ മുതിരുന്നതും ഒരിക്കലും അംഗീകരിക്കുവാന്‍ സാധിക്കില്ല.
ഈ പ്രവണതയ്ക്കെതിരെ പരിഷ്കൃത സമൂഹം ഒറ്റക്കെട്ടായി രംഗത്തെത്തണമെന്ന് സംഘടന ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജോലി സ്ഥലത്ത് ഭയരഹിതമായി ജോലിചെയ്യാനുള്ള ഏതൊരു പൗരന്റെയും മൗലികാവകാശം സംരക്ഷിക്കപ്പെടണം. ആക്രമിക്കപ്പെട്ട ഡോക്ടര്‍ക്ക് സംഘടന സമ്പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗാസ്ട്രോഎന്ററോളജി കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. എസ്.ഇസ്മായില്‍, സെക്രട്ടറി ഡോ. എം.രമേശ്, മീഡിയ കോര്‍ഡിനേറ്റര്‍ ഡോ. രാജീവ് ജയദേവന് എന്നിവര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

