30ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മിനി മാരത്തണിന്റെ ഫാളാഗ് ഓഫ് മുതിര്‍ന്ന ശിശുരോഗ വിദഗ്ധനും ചൈല്‍ഡ് കെയര്‍ സെന്ററിന്റെ ആദ്യ ഡയറക്ടറുമായ ഡോ. എം.വേണുഗോപാല്‍ നിര്‍വ്വഹിച്ചു.
കൊച്ചി : എറണാകുളം പനമ്പിള്ളി നഗറിലെ റോട്ടറി ബാലഭവനില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് കെയര്‍ സെന്റര്‍ 30-ാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്നു. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് കൊച്ചി ശാഖ, റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്റെ സഹകരണത്തോടെയാണ് ചൈല്‍ഡ് കെയര്‍ സെന്റര്‍ നടത്തുന്നത്. കുട്ടികളിലെ പഠനവൈകല്യ നിര്‍ണയം, നിവാരണം, ശ്രവണ വൈകല്യ നിര്‍ണയം, നിവാരണം, നവജാത ശിശുക്കളിലെ ശ്രവണവൈകല്യം കണ്ടു പിടിക്കുന്നതിനുള്ള കേന്ദ്രീകൃത ശ്രവണവൈകല്യ നിര്‍ണയ പദ്ധതി തുടങ്ങിയ മേഖലകളിലാണ് ചൈല്‍ഡ് കെയര്‍ സെന്ററിന്റെ പ്രധാന പ്രവര്‍ത്തനം.1995-ല്‍ ആണ് ചൈല്‍ഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.
എത്ര പഠിപ്പിച്ചിട്ടും നിസ്സാര തെറ്റുകള്‍ ആവര്‍ത്തിക്കുക, ചോദിച്ചാല്‍ ശരിയായ ഉത്തരം പറയുന്ന കുട്ടി എഴുതാന്‍ ബുദ്ധിമുട്ടുക, ബുദ്ധിയുണ്ടായിട്ടും പരീക്ഷയില്‍ മാര്‍ക്ക് കിട്ടാതിരിക്കുക, എല്ലാത്തിനും മിടുക്കനായ കുട്ടി പഠിത്തത്തില്‍ മാത്രം പിന്നോട്ടുപോകുക, ഇവയിലെതെങ്കിലും ലക്ഷണം ഒരു കുട്ടിയില്‍ കാണുകയാണെങ്കില്‍ ശിക്ഷിക്കുന്നതിനുമുമ്പ് ഒരുനിമിഷം ആലോചിക്കണം, കുട്ടിക്ക് പഠനവൈകല്യം ഉണ്ടോ എന്ന്, അത് കുട്ടിയുടെ ഉഴപ്പോ മടിയോ ആയിരിക്കണമെന്നില്ല എന്ന് സാരം. തലച്ചോറിന്റെ എല്ലാ ഭാഗങ്ങളും വേണ്ടവിധം ഏകോപനത്തോടെ പ്രവര്‍ത്തിക്കാത്തതാണ് പഠനവൈകല്യത്തിന്റെ മൂലകാരണം. സാമ്യമുളള അക്കങ്ങളും അക്ഷരങ്ങളും തെറ്റിക്കുന്നത് ഇതിന് ഉദാഹരണമാണ്. ണ -ന് പകരം ങ എഴുതുക, ഡ യ്ക്ക് പകരം സ എഴുതുക. ജ ക്ക് പകരം എഴുതുക, കണക്കില്‍ ആറും ഒമ്പതും തമ്മില്‍ മാറിപ്പോവുക എന്നിങ്ങനെയാണിത് പ്രതിഫലിക്കുക. എഴുത്തില്‍ മാത്രമാകണമെന്നില്ല സംസാരം, കേള്‍വി, വ്യാകരണത്തിന്റെ പ്രയോഗം, എന്നിവയിലും കുട്ടികള്‍ക്ക് പ്രശ്നം ഉണ്ടാകാം. സാധാരണ സ്‌കൂളിലെത്തുമ്പോഴാണ് ഈ ന്യൂനത പുറത്ത് വരാറുള്ളത്. ഇതിന് പ്രത്യേകിച്ച് മരുന്നൊന്നും ഇല്ല. പ്രത്യേക പഠനരീതി സ്വീകരിച്ചാല്‍ നല്ല മാറ്റം കാണാം.
പഠന നിലവാരം ഉയര്‍ത്തുകയും ചെയ്യാം. എത്രയും പെട്ടെന്ന് തന്നെ കണ്ടെത്തുക എന്നതാണ് ഏറ്റവും പ്രധാനം. വിദ്യാഭ്യാസ വിദഗ്ധര്‍, മനഃശാസ്ത്രജ്ഞര്‍, ശിശുരോഗ വിദഗ്ധര്‍, മനോരോഗ വിദഗ്ധര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ഭാഷ-സംസാര വിദഗ്ധര്‍ തുടങ്ങിയവരുടെ കൂട്ടായ്മയിലാണ് ചൈല്‍ഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഡയറക്ടര്‍ ഡോ.എബ്രാഹം കെ. പോള്‍ പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി നിശ്ശബ്ദ സേവനമാണ് നടത്തിവരുന്നത്.
ചൈല്‍ഡ് കെയര്‍ മുന്നോട്ട് വച്ച പല നൂതന ആശയങ്ങളും പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയും, ശിശുസൗഹൃദ സംസ്ഥാനമെന്ന നേട്ടം കൈവരിക്കാന്‍ ഇത് ഉപകരിക്കുകയും ചെയ്തിട്ടുണ്ട്. 30ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച മിനി മാരത്തണിന്റെ ഫാളാഗ് ഓഫ് മുതിര്‍ന്ന ശിശുരോഗ വിദഗ്ധനും ചൈല്‍ഡ് കെയര്‍ സെന്ററിന്റെ ആദ്യ ഡയറക്ടറുമായ ഡോ. എം.വേണുഗോപാല്‍ രാജേന്ദ്രമൈതാനിക്ക് സമീപമുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നിര്‍വ്വഹിച്ചു. എറണാകുളം നഗരത്തിലെ 30 ല്‍ പരം ശിശുരോഗ വിദഗ്ധര്‍ പങ്കെടുത്തു.