വീട്ടമ്മമാരെയും യുവ സംരംഭകരെയും സമീപത്തെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്ന ഹൈപ്പര്ലോകല് മാര്‍ക്കറ്റ് പ്ലാറ്റ്ഫോമാണ് ട്രസ്റ്റോര്.
തിരുവനന്തപുരം: സ്ത്രീകളെ സാങ്കേതിക വിദ്യയുടെ നൂതന രംഗങ്ങളിലേക്ക് പ്രോത്സാഹിപ്പിക്കുന്നതിനായി ടിങ്കര്‍ഹബ് സംഘടിപ്പിച്ച ‘ടിങ്ക് ഹെര്‍ ഹാക്ക്’ തിരുവനന്തപുരം ജില്ലയിലെ വിവിധ കോളേജുകളില്‍ സമാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ വനിതാ ഓഫ് ലൈന്‍ ഹാക്കത്തോണായി അറിയപ്പെടുന്ന ഈ പരിപാടിയില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാന്‍ സൗകര്യമൊരുക്കുന്നതിനായി മൂന്ന് ഘട്ടങ്ങളിലായാണ് ഹാക്കത്തോണ്‍ സംഘടിപ്പിച്ചത്. വിവിധ വേദികളിലായി നടന്ന പരിപാടിയില്‍ നിരവധി വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു. എല്‍ ബി എസ് ക്യാമ്പസില്‍ നടന്ന എഡിഷനില്‍ മാത്രം ഏകദേശം 100 വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു. ഒരു രാത്രി മുഴുവന്‍ നീണ്ട ഹാക്കത്തോണില്‍ പുതിയ സാങ്കേതിക വിദ്യകള്‍ പഠിക്കാനും പ്രോജക്റ്റുകള്‍ വികസിപ്പിക്കാനും വിദ്യാര്‍ത്ഥിനികള്‍ക്ക് അവസരം ലഭിച്ചു.കേരള സ്റ്റാര്‍ട്ടപ്പ് മിഷന്, സമാഗത ഫൗണ്ടേഷന്, ഐ ഇ ഡി സി, ഐ ഇ ഇ ഇ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ അവതരിപ്പിച്ച ശ്രദ്ധേയമായ പ്രോജക്റ്റുകളില്‍ ട്രസ്റ്റോര്, ലൂമിന് ജേണല്‍ എന്നിവ ഉള്‍പ്പെടുന്നു. വീട്ടമ്മമാരെയും യുവ സംരംഭകരെയും സമീപത്തെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്ന ഹൈപ്പര്ലോകല് മാര്‍ക്കറ്റ് പ്ലാറ്റ്ഫോമാണ് ട്രസ്റ്റോര്. ഒരേസമയം പലര്‍ക്കും എഴുതാനും ചിത്രങ്ങള്‍ വരയ്ക്കാനും കഴിയുന്ന തത്സമയ സഹകരണ ഡിജിറ്റല്‍ ജേണലാണ് ലൂമിന് ജേണല്‍.

