കള്ള് ഷാപ്പ് : സര്‍ക്കാര്‍ നയം
ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നുവെന്ന് കള്ള് ഷാപ്പ് ലൈസന്‍സി അസോസിയേഷന്‍ 

ഭക്ഷണം കഴിക്കാന്‍ വരുന്ന കുടുംബത്തോടൊപ്പം കുട്ടികള്‍ ഉണ്ടെങ്കില്‍ അബ്കാരി നിയമവും ചട്ടവും പറഞ്ഞ് ചില ഉദ്യോഗസ്ഥര്‍ ഷാപ്പ് ലൈസന്‍സിയുടെയും വില്‍പ്പനക്കാരുടെയും മേല്‍ കേസെടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

 

കൊച്ചി: കള്ള് ഷാപ്പുകള്‍ കുടുംബസമേതം വന്ന് ഭക്ഷണം കഴിക്കാവുന്ന ഇടമാക്കണമെന്ന സര്‍ക്കാര്‍ നയം ചില ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണെന്ന് കള്ള് ഷാപ്പ് ലൈസന്‍സി അസോസിയേഷന്‍ എറണാകുളം ജില്ലാ സമ്മേളനം കുറ്റപ്പെടുത്തി. ഭക്ഷണം കഴിക്കാന്‍ വരുന്ന കുടുംബത്തോടൊപ്പം കുട്ടികള്‍ ഉണ്ടെങ്കില്‍ അബ്കാരി നിയമവും ചട്ടവും പറഞ്ഞ് ചില ഉദ്യോഗസ്ഥര്‍ ഷാപ്പ് ലൈസന്‍സിയുടെയും വില്‍പ്പനക്കാരുടെയും മേല്‍ കേസെടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത് വ്യവസായത്തെ പിന്നോട്ടടിപ്പിക്കുന്ന സമീപനമാണെന്നും കള്ള് ഷാപ്പ് ലൈസന്‍സി അസോസിയേഷന്‍ എറണാകുളം ജില്ലാ സമ്മേളനം ചൂണ്ടിക്കാട്ടി.

കള്ള് ഷാപ്പുകളുടെ ദൂര പരിധി 200 മീറ്റര്‍ ആയികുറയ്ക്കുക, അട്ടപ്പാടിയിലെ തെങ്ങുകളും ചെത്താന്‍ അനുവദിക്കുക, ഷാപ്പുകളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ രാത്രി 10 വരെയാക്കുക, കള്ള്ഷാപ്പുകളുടെ ലൈസന്‍സ് ദീര്‍ഘകാല അടിസ്ഥാനത്തില്‍ നല്‍കുക, സ്റ്റാര്‍ച്ച് കേസില്‍ പിഴ അടച്ച് തീര്‍പ്പാക്കാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പെരുമ്പാവൂര്‍ ഫാസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റായി കെ.സി.രാജരത്‌നത്തിനെയും, സെക്രട്ടറിയായി ജോമി പോളിനെയും വീണ്ടു തിരഞ്ഞെടുത്തു.

 

 

Spread the love