ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികളും, ശ്വാസകോശ രോഗികളും ഉള്ള പഞ്ചായത്തായി വടവുകോട് പുത്തന്‍കുരിശ് മാറിയിരിക്കുന്നു. കുടിവെള്ളത്തില്‍ പോലും വിഷം കലര്‍ന്ന അവസ്ഥയാണ് പഞ്ചായത്തിലുള്ളത്.
കൊച്ചി: വരാന്‍ പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ട്വന്റി20 പാര്‍ട്ടി വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന പാര്‍ട്ടിയുടെ വടുവുകോട് പുത്തന്‍കുരിശ് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. ട്വന്റി20 അധികാരത്തിലെത്തിയാല്‍ വടവുകോട് പുത്തന്‍ കുരിശ് പഞ്ചായത്തിലെ മാലിന്യ പ്രശനം എന്നെന്നേക്കുമായി പരിഹരിക്കുമെന്നും സാബു എം. ജേക്കബ്ബ് പറഞ്ഞു. മാറിമാറി ഭരിക്കുന്ന ഇടതു വലതു മുന്നണികള്‍ വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും കമ്പനികളില്‍ നിന്നും ഭീമമായ തുകകള്‍ കൈപറ്റി നാടിനെ മാലിന്യത്തില്‍ മുക്കിയിരിക്കുകയാണ്.
ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികളും, ശ്വാസകോശ രോഗികളും ഉള്ള പഞ്ചായത്തായി വടവുകോട് പുത്തന്‍കുരിശ് മാറിയിരിക്കുന്നു. കുടിവെള്ളത്തില്‍ പോലും വിഷം കലര്‍ന്ന അവസ്ഥയാണ് പഞ്ചായത്തിലുള്ളത്. ഇന്ന് ഏറ്റവും കൂടുതല്‍ വരുമാനമുളള പഞ്ചായത്താണ് വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തെങ്കിലും പ്രദേശത്ത് ഒരു വഴിവിളക്കോ നല്ല ഒരു റോഡോ ഉണ്ടാക്കാന്‍ മുന്നണികള്‍ക്ക് സാധിച്ചിട്ടില്ലെന്നും സാബു എം. ജേക്കബ്ബ് പറഞ്ഞു. പാര്‍ട്ടി വൈസ് പ്രസിഡന്റ് വി. ഗോപകുമാര്‍, സ്‌റ്റേറ്റ് കമ്മിറ്റി എക്‌സിക്യൂട്ടീവ് മെമ്പര്‍ അഡ്വ. ചാര്‍ളി പോള്‍, ജില്ലാ കോര്‍ഡിനേറ്റര്‍ പി. വൈ അബ്രാഹം, കുന്നത്ത് നാട് നിയോജകമണ്ഡലം പ്രസിഡന്റ് ജിബി എബ്രാഹം, നിയോജകമണ്ഡലം കമ്മിറ്റിയംഗങ്ങളായ പി.വൈ മത്തായി, പീറ്റര്‍ കെ. ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

