തിരുവനന്തപുരം ശാസ്തമംഗലത്താണ് സ്വകാര്യ മേഖലയിലെ യു- സ്ഫിയറിന്റെ ആദ്യപദ്ധതിയായ ഈ പരിശീലന കേന്ദ്രം നിര്‍മ്മിക്കുന്നത്
കൊച്ചി: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഹൈടെക് കണ്‍സ്ട്രക്ഷന്‍ വിഭാഗമായ യു- സ്ഫിയര്‍ കാനഡ ആസ്ഥാനമായ സീനെക്‌സ് ഗ്ലോബല്‍ കമ്പ്യൂട്ടര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പരിശീലന കേന്ദ്രത്തിന്റെ രൂപകല്‍പ്പനയും നിര്‍മ്മാണവും നിര്‍വ്വഹിക്കാനുള്ള കരാറില്‍ ഒപ്പുവെച്ചു. തിരുവനന്തപുരം ശാസ്തമംഗലത്താണ് സ്വകാര്യ മേഖലയിലെ യു- സ്ഫിയറിന്റെ ആദ്യപദ്ധതിയായ ഈ പരിശീലന കേന്ദ്രം നിര്‍മ്മിക്കുന്നത്. ഇതു സംബന്ധിച്ച കരാര്‍ യു -സ്ഫിയര്‍ ഡയറക്ടര്‍ രമേശന്‍ പാലേരിയും സീനെക്‌സ് ഗ്ലോബല്‍ ഡയറക്ടര്‍ മുഹമ്മദ് ഇര്‍ഫാനും ചേര്‍ന്ന് ഒപ്പുവെച്ചു. കേരളത്തിലെ അടിസ്ഥാന സൗകര്യ മേഖലയുടെ വളര്‍ച്ചയും സ്വകാര്യ മേഖലയിലേക്കുള്ള യുസ്ഫിയറിന്റെ പ്രവേശനവും പ്രതിഫലിക്കുന്നതാണ് ഈ പദ്ധതി.
കരാറിന്റെ ഭാഗമായി, സീനെക്‌സ് ഗ്ലോബല്‍ കമ്പ്യൂട്ടര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പരിശീലന കേന്ദ്രത്തിന്റെ സ്ട്രക്ചറല്‍ നിര്‍മ്മാണവും മറ്റ് അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും യു-സ്ഫിയര്‍ ഏറ്റെടുക്കും. ഏഴ് മാസത്തിനുള്ളില്‍ ഈ പ്രവൃത്തി പൂര്‍ത്തിയാക്കും. തുടര്‍ന്ന് മറ്റു പ്രവൃത്തികള്‍കൂടി നിര്‍വ്വഹിച്ച് പരിശീലനകേന്ദ്രം പൂര്‍ണ്ണ സജ്ജമാക്കാനാണു യു-സ്ഫിയര്‍ ലക്ഷ്യമിടുന്നതെന്ന് യു-സ്ഫിയര്‍ സിഒഒ ഫാരിസ് എ. റസാഖ് പറഞ്ഞു.പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ സീനെക്‌സിന്റെ ഇ-ഗവേണന്‍സ്, ഹെല്‍ത്ത്‌കെയര്‍, എനര്‍ജി, സ്മാര്‍ട്ട് മൊബിലിറ്റി തുടങ്ങിയ മേഖലകളിലെ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമാകും തിരുവനന്തപുരത്തെ ഈ ട്രെയിനിംഗ് സെന്റര്‍. ടെക്‌നോളജി മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് കേരളം ഒരു പ്രധാന കേന്ദ്രമായി മാറുന്നുവെന്നതിന്റെ സൂചന കൂടിയാണിതെന്നും എ.ഫാരിസ് പറഞ്ഞു.