ശ്വാസകോശത്തില്‍ ചതവ് ; ഉമാ തോമസ് വെന്റിലേറ്ററില്‍ തുടരും

ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകള്‍ അല്‍പം കൂടിയിട്ടുണ്ട്. വയറിന്റെ സ്‌കാനിംഗില്‍ കുടുതല്‍ പ്രശ്‌നങ്ങളില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു

 

കൊച്ചി: ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും അപകടനനില തരണം ചെയ്തിട്ടില്ലാത്തതിനാല്‍ വെന്റിലേറ്ററില്‍ തുടരുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി..ഇന്ന് രാവിലെ നടത്തിയ സി.ടി സ്‌കാന്‍ പരിശോധനയില്‍ തലയുടെ പരിക്കിന്റെ അവസ്ഥ കുടുതല്‍ ഗുരുതരമായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകള്‍ അല്‍പം കൂടിയിട്ടുണ്ട്. വയറിന്റെ സ്‌കാനിംഗില്‍ കുടുതല്‍ പ്രശ്‌നങ്ങളില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. രോഗിയുടെ വൈറ്റല്‍സ് സ്റ്റേബിള്‍ ആണെങ്കിലും ശ്വാസകോശത്തിന്റെ ചതവ് കാരണം കുറച്ചു ദിവസം കൂടി വെന്റിലേറ്റര്‍ ആവശ്യമാണ്.ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ശ്വാസകോശത്തിന്റെ ചതവിനായി ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള ചികില്‍സകള്‍ക്കാണ് നിലവില്‍ പ്രാധാന്യം നല്‍കുന്നതെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡിന് പുറമേ ഉമാ തോമസിന്റെ ചികില്‍സയ്ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ കൂടി സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള കോട്ടയം മെഡിക്കല്‍ കോളേജിലേയും എറണാകുളം മെഡിക്കല്‍ കോളേജിലേയും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഇതിനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തി ചികില്‍സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

കലൂര്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച വൈകുന്നേരം നടന്ന ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് 12000 നര്‍ത്തകര്‍ പങ്കെടുത്ത ഭരതനാട്യ പരിപാടിയുടെ ഉദ്ഘാടനം ചടങ്ങില്‍ പങ്കെടുക്കനായിട്ടായിരുന്നു ഉമാ തോമസ് എത്തിയത്. സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്നും 20 അടിയോളം താഴ്ചയിലേക്കാണ് ഉമാ തോമസ് വീണത്. കോണ്‍ക്രീറ്റില്‍ തലയടിച്ചു വീണ ഉമാ തോമസിനെ ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

 

Spread the love