മത്സ്യ ഫെഡിനെ അമുല്‍ മാതൃകയില്‍ വികസിപ്പിക്കാന്‍ തയ്യാര്‍ : കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ 

കേരളത്തില്‍ നിലവില്‍ സിഎംഎഫ്ആര്‍ഐക്ക് പുറമെ കോട്ടയം ഐഐഐടി, പാലക്കാട് ഐഐടി എന്നിവിടങ്ങളിലും നൈപുണ്യ പരിശീലന കോഴ്‌സുകള്‍ നടപ്പിലാക്കുന്നുണ്ട്.

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തില്‍ മത്സ്യ ഫെഡിനെ അമുലിന് സമാനമായ മാതൃക സഹകരണ സ്ഥാപനമായി മാറ്റിയെടുക്കാന്‍ കേന്ദ്ര ഗവണ്മെന്റ് തയ്യാറാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് സഹമന്ത്രി  ജോര്‍ജ്ജ് കുര്യന്‍. കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിനു കീഴില്‍ തിരുവനന്തപുരത്തെ വിഴിഞ്ഞത്തുള്ള സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (സിഎംഎഫ്ആര്‍ഐ) നടപ്പാക്കുന്ന പ്രധാന്‍ മന്ത്രി വിരാസത് കാ സംവര്‍ദ്ധന്‍ (പിഎം വികാസ്) പദ്ധതിക്ക് കീഴിലെ മത്സ്യ ശക്തി പ്രോജക്ടിന്റെ ഭാഗമായുള്ള ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഗവണ്മെന്റ് സമീപിച്ചാല്‍ ഇതിനാവശ്യമായ ഫണ്ട് ലഭ്യമാക്കുമെന്നും അദ്ദേഹം പറ!ഞ്ഞു. കേന്ദ്ര  സംസ്ഥാന ഗവണ്മെന്റുകള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമാണ് ഈ മേഖലയില്‍ വികസനം സാധ്യമാവുകയുള്ളൂവെന്നും കേന്ദ്ര സഹമന്ത്രി അഭിപ്രായപ്പെട്ടു. മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നൈപുണ്യ പരിശീലന അവസരങ്ങില്‍ ഉണ്ടാകുന്ന വിടവ് നികത്താനാണ് പിഎം വികാസ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്‌റ്റൈപെന്‍ഡോട് കൂടി സൗജന്യമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തില്‍ നിലവില്‍ സിഎംഎഫ്ആര്‍ഐക്ക് പുറമെ കോട്ടയം ഐഐഐടി, പാലക്കാട് ഐഐടി എന്നിവിടങ്ങളിലും നൈപുണ്യ പരിശീലന കോഴ്‌സുകള്‍ നടപ്പിലാക്കുന്നുണ്ട്. സ്വയം തൊഴില്‍ കണ്ടെത്തുക, ഗവണ്മെന്റ് തലത്തില്‍ ആവിശ്യമുള്ളിടത്ത് പിന്തുണ നല്‍കുക എന്നതാണ് പദ്ധതിയ്ക്ക് കീഴില്‍ പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലൈവ്‌ലിഹുഡ് സ്‌കില്‍ ട്രെയിനിങ് (ഉപജീവന പരിശീലനം) സ്വയം സഹായ, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ആരോഗ്യം ഉള്‍പ്പടെയുള്ള എല്ലാ മേഖലയിലും തൊഴില്‍ കണ്ടെത്താന്‍ ഗുണഭോക്താക്കളെ സഹായിക്കും. 1,51,000 പേര്‍ക്ക് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ മുഴുവന്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കായി ഏറ്റവും ആധുനികമായ സംവിധാനങ്ങളാണ് കേന്ദ്ര ഗവണ്‍മെന്റ് ഒരുക്കിയിട്ടുള്ളതെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. വിഴിഞ്ഞം സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും മേധാവിയുമായ ഡോ ബി. സന്തോഷ്, ഫിഷറീസ് സര്‍വ്വേ ഓഫ് ഇന്ത്യ ഡിജി ഡോ. ശ്രീനാഥ് കെ. ആര്‍, ഫിഷറീസ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഡോ. കെ. മുഹമ്മദ് കോയ, സീനിയര്‍ സയന്റിസ്റ്റ് ഡോ. എസ്. സൂര്യ, സയന്റിസ്റ്റ് അംബരീഷ് പി. ഗോപ് എന്നിവര്‍ പങ്കെടുത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു