മല്‍സ്യബന്ധനത്തിന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിദേശട്രോളറുകള്‍ അനുവദിക്കില്ല: കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍

മല്‍സ്യമന്ത്രാലയവും ഐ.എസ്.ആര്‍.ഒയുമായി ചേര്‍ന്ന് സാറ്റലൈറ്റ് വഴി ബോട്ടിലേക്ക് സന്ദേശം നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയാണെന്നും ഇതിന്റെ ആദ്യപടിയായി മാര്‍ച്ച് 31 ന് മുമ്പായി ഒരു ലക്ഷം ബോട്ടുകളില്‍ സൗജന്യമായി ട്രാന്‍സ്‌പോണ്ടറുകള്‍ ഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

 

കൊച്ചി: ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ ഒരു വിദേശ ട്രോളറുകളെയും അനുവദിക്കില്ലെന്നും മല്‍സ്യതൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിച്ചു മാത്രമെ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുകയുള്ളുവെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു. അഖില കേരള ധീവര സഭ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ സ്മരണികയുടെ പ്രകാശനവും 75 വയസ് പിന്നിട്ട ധീവര സഭയുടെ മുന്‍കാല സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളെ ആദരിക്കലും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മല്‍സ്യതൊഴിലാളികള്‍ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട് അവര്‍ കടലിലേക്ക് പോയിക്കഴിഞ്ഞാല്‍ കരയിലുള്ളവരുമായി യാതൊരു വിധ ബന്ധവുമില്ല എന്നതാണ്. ഇതിന് പരിഹാരമായി മല്‍സ്യമന്ത്രാലയവും ഐ.എസ്.ആര്‍.ഒയുമായി ചേര്‍ന്ന് സാറ്റലൈറ്റ് വഴി ബോട്ടിലേക്ക് സന്ദേശം നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയാണെന്നും ഇതിന്റെ ആദ്യപടിയായി മാര്‍ച്ച് 31 ന് മുമ്പായി ഒരു ലക്ഷം ബോട്ടുകളില്‍ സൗജന്യമായി ട്രാന്‍സ്‌പോണ്ടറുകള്‍ ഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ ആറായിരം ബോട്ടുകളിലാണ് ആദ്യം ഘടിപ്പിക്കുക. കടലില്‍ തങ്ങള്‍ എവിടെയാണെന്ന് മല്‍സ്യതൊഴിലാളികള്‍ക്ക് കരയിലുള്ളവര്‍ക്ക്് സന്ദേശം നല്‍കാന്‍ ഈ ഉപകരണം വഴി സാധിക്കും. കടലില്‍ വെച്ച് എന്തെങ്കിലും അപകടങ്ങളോ അസുഖങ്ങളോ ഉണ്ടായാല്‍ ഹെലികോപ്‌റുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ രക്ഷപെടുത്താന്‍ സാധിക്കും. മീന്‍പിടുത്തം നടത്തുന്നതിനിടയില്‍ രാജ്യത്തിന്റെ അതിര്‍ത്തി കടന്നു പോയാല്‍ ആ വിവരം അപ്പോള്‍ തന്നെ ബോട്ടിലുള്ളവരെ അറിയിക്കും. കടലില്‍ ഏതു ഭാഗത്താണ് മല്‍സ്യലഭ്യതയെന്ന വിവരവും ഈ ഉപകരണം വഴി ലഭിക്കും. കടലില്‍ എന്തു സംഭവിച്ചാലും ഈ ഉപകരണം വഴി മല്‍സ്യതൊഴിലാളികള്‍ക്ക് അറിയാന്‍ സാധിക്കും.ട്രാന്‍സ് പോണ്ടറുകള്‍ ഘടിപ്പിക്കുന്നതിനായി വരുന്ന ചിലവിന്റെ 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരും വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അറിയുന്നതിനായുള്ള ആധുനിക സെന്ററുകള്‍ സ്ഥാപിക്കുന്നതിനുളള നടപടികളുമായും സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. ഇതിനായി കേരളത്തില്‍ 36 വില്ലേജുകളെയാണ് കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 200 നോട്ടിക്കല്‍ മൈലില്‍ മീന്‍പിടിക്കുന്നതിനായി ഷിപ്പിംഗ് മന്ത്രാലയുമായി ചേര്‍ന്ന് ആധുനിക സംവിധാനമുളള വലിയ വെസലുകള്‍ നിര്‍മ്മിച്ച് മല്‍സ്യതൊഴിലാളികള്‍ക്ക് നല്‍കുമെന്നും കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.

 

 

Spread the love