ശബരിമല ഉള്‍പ്പെടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ കാണിക്കയായി സമര്‍പ്പിക്കുന്ന സ്വര്‍ണം, വെള്ളി, ചെമ്പ്, വജ്രങ്ങള്‍, രത്‌നങ്ങള്‍ തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കളുടെ കൃത്യമായ കണക്ക് രേഖപ്പെടുത്തണം.
കൊച്ചി : ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന അഴിമതി, സ്വര്‍ണാപഹരണം എന്നിവ സംബന്ധിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ ബജരംഗ ലാല്‍ ബാഗ്‌റ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ കാര്യം ആവശ്യപ്പെട്ട് വിശ്വഹിന്ദുപരിഷത്ത് കേരള ഘടകം ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു. ശബരിമല ഉള്‍പ്പെടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ കാണിക്കയായി സമര്‍പ്പിക്കുന്ന സ്വര്‍ണം, വെള്ളി, ചെമ്പ്, വജ്രങ്ങള്‍, രത്‌നങ്ങള്‍ തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കളുടെ കൃത്യമായ കണക്ക് രേഖപ്പെടുത്തണം. ഇതുവരെ ഇത്തരം വഴിപാടുകള്‍ അലക്ഷ്യമായാണ് കൈകാര്യം ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ഇവയൊക്കെ വന്‍തോതില്‍ അപഹരിച്ചിരിക്കാനും സാദ്ധ്യതയുണ്ട്.
ക്ഷേത്ര സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്‍ ചുമതലയൊഴിയുമ്പോഴും പകരം ചുമതലക്കാര്‍ എത്തുമ്പോഴും ഹാന്റ് ഓവര്‍, ടേക്കിംഗ് ഓവര്‍ രേഖകള്‍ ഉണ്ടാവണം. ഇത്തരത്തിലുള്ള കഴിഞ്ഞ 20വര്‍ഷത്തെ രേഖകള്‍ സി.എ.ജി ഓഡിറ്റിംഗിന് വിധേയമാക്കണമെന്നും വി.എച്ച്.പി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മതേതര രാജ്യത്ത് ഹിന്ദു മതത്തിന്റെ ആരാധനാലയങ്ങള്‍ മാത്രം സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതില്‍ അനൗചിത്യമുണ്ട്. ഈ കാര്യം പുന:പരിശോധിക്കണമെന്നും ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ട് വി.എച്ച്.പി ദേശവ്യാപക പ്രചാരണ പ്രക്ഷോഭ പരിപാടികള്‍ നടത്തുന്നുണ്ട്. ക്ഷേത്ര സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന സ്വാശ്രയ സംവിധാനം നിലവില്‍ വരണം. അതില്‍കൂടി സാമൂഹിക ധാര്‍മിക സേവന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നതാണ് വി.എച്ച്.പിയുടെ ആശയം. 11 സംസ്ഥാനങ്ങളിലെ 50,000ല്‍പ്പരം ഹൈന്ദവ ക്ഷേത്രങ്ങള്‍ അതത് സര്‍ക്കാരുകളുടെ നിയന്ത്രണത്തിലാണെന്നും ബജരംഗലാല്‍ ബാഗ്‌റ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.അനില്‍ വിളയിലും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

