കെട്ടിടങ്ങള്‍ക്കാവിശ്യമായ നിര്‍മാണ സാമഗ്രികളുടെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ ആഗോള ബിസിനസ് വിപണിയുമായി ബന്ധിപ്പിക്കാനുള്ള മികച്ച അവസരമാണ് വൈബ്രന്റ് ബില്‍ഡ്‌കോണ്‍ എക്‌സ്‌പോ വഴി ലഭിക്കുന്നത്.
കൊച്ചി: കെട്ടിട നിര്‍മാണത്തിന് ആവശ്യമായ വസ്തുക്കളുടെ വിപണി വിപുലീകരണം സാധ്യമാക്കുക, ഇന്ത്യയില്‍ നിര്‍മിക്കുന്ന വസ്തുക്കളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുക, വിദേശ വിപണികള്‍ കണ്ടെത്തുക, നൂതന രീതിയിലുള്ള നിര്‍മാണസാമഗ്രികളുടെ പ്രദര്‍ശനം എന്നീ ലക്ഷ്യത്തോടെ രാജ്യതലസ്ഥാനത്തു ഏപ്രില്‍ 13മുതല്‍ 16വരെ നടക്കുന്ന ‘വൈബ്രന്റ് ബില്‍ഡ്‌കോണ്‍ 2025’ എക്‌സ്‌പോയുടെ മുന്നോടിയായി കൊച്ചിയില്‍ ഈ മാസം 22ന് റോഡ്‌ഷോ സംഘടിപ്പിക്കും. കെട്ടിടങ്ങള്‍ക്കാവിശ്യമായ നിര്‍മാണ സാമഗ്രികളുടെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ ആഗോള ബിസിനസ് വിപണിയുമായി ബന്ധിപ്പിക്കാനുള്ള മികച്ച അവസരമാണ് വൈബ്രന്റ് ബില്‍ഡ്‌കോണ്‍ എക്‌സ്‌പോ വഴി ലഭിക്കുന്നത്.
രാജ്യത്തിനകത്തും പുറത്തുമുള്ള പ്രശസ്ത ആര്‍ക്കിടെക്റ്റുകള്‍, ബില്‍ഡര്‍മാര്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ എക്‌സ്‌പോയുടെ ഭാഗമാകും. സുസ്ഥിരത, നവീകരണം, ഡിജിറ്റലൈസേഷന്‍ എന്നിവയില്‍ കേന്ദ്രീകരിച്ചുള്ള വൈബ്രന്റ് ബില്‍ഡ്‌കോണ്‍ 2025 എക്‌സ്‌പോ, സര്‍ക്കാരിന്റെ മെയ്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികളുടെ ചുവടുപിടിച്ചാണ് നടത്തുന്നത്. പ്രാദേശിക ബിസിനസ് സാധ്യതകളെക്കുറിച്ചും വിപണന മേഖലകളെ വിപുലപ്പെടുത്തുന്നതിനെക്കുറിച്ചും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനാണ് റോഡ്‌ഷോ സംഘടിപ്പിക്കുന്നത്.
സെറാമിക്, ടൈലുകള്‍, സാനിറ്ററിവെയറുകള്‍, മാര്‍ബിള്‍, കല്ല്, ഗ്രാനൈറ്റ്, ഹാര്‍ഡ്‌വെയര്‍, ബാത്ത് ഫിറ്റിംഗുകള്‍, സിങ്ക്, പൈപ്പ്, പ്ലൈവുഡ്, ലാമിനേറ്റുകള്‍, ഫ്‌ലോറിംഗ്, തടി, പെയിന്റിങ്ങുകള്‍, ജിപ്‌സം ബോര്‍ഡ്, പശ, രാസവസ്തുക്കള്‍, വിന്‍ഡോ സെക്ഷനുകള്‍, വാതിലുകള്‍ എന്നിങ്ങനെ ഒരു കെട്ടിടത്തിനാവശ്യമായ നിര്‍മാണ ഉപകരണങ്ങളുടെ രാജ്യത്തെ ഏറ്റവും വലിയ എക്‌സ്‌പോയാണ് ഡല്‍ഹിയില്‍ നടക്കുന്നത്.