‘വികസിത്  കൃഷി സങ്കല്‍പ്പ് അഭിയാന്‍’ :  സിഫ്റ്റിലെ 47 ശാസ്ത്രജ്ഞര്‍ പദ്ധതിയുടെ ഭാഗമാകും

മെയ് 29ന് തുടങ്ങി ജൂണ്‍ 12 വരെ നീളുന്ന ക്യാമ്പയ്‌നില്‍ ശാസ്ത്രജ്ഞരും വിദഗ്ദ്ധരും ഉദ്യോഗസ്ഥരും രാജ്യത്തുടനീളമുള്ള കര്‍ഷകരെ നേരില്‍ കാണുകയും കൃഷി മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യും.
കൊച്ചി: രാജ്യത്തെ ഒന്നരക്കോടി കര്‍ഷകരുമായി കാര്‍ഷിക ശാസ്ത്രജ്ഞരും വിദഗ്ദ്ധരും നേരിട്ട് സംവദിക്കുന്ന ‘ വികസിത്  കൃഷി സങ്കല്‍പ്പ് അഭിയാന്‍ ‘ പദ്ധതിയില്‍  കേന്ദ്ര മല്‍സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആര്‍ സിഫ്റ്റ്   ഭാഗമാകും. മെയ് 29ന് തുടങ്ങി ജൂണ്‍ 12 വരെ നീളുന്ന ക്യാമ്പയ്‌നില്‍ ശാസ്ത്രജ്ഞരും വിദഗ്ദ്ധരും ഉദ്യോഗസ്ഥരും രാജ്യത്തുടനീളമുള്ള കര്‍ഷകരെ നേരില്‍ കാണുകയും കൃഷി മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യും.മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംവദിക്കുന്നതിനായി    കേന്ദ്ര മല്‍സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ സിഫ്റ്റിലെ  47  ശാസ്ത്രജ്ഞര്‍ 14 ജില്ലകളില്‍ ആയിരത്തിലധികം  ഗ്രാമങ്ങളില്‍ എത്തിച്ചേരും. ഈ സംരംഭം ഏകദേശം കേരളത്തിലെ  രണ്ട് ലക്ഷത്തോളം  കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുമെന്ന് സിഫ്റ്റ്  ഡയറക്ടര്‍ ഡോ. ജോര്‍ജ്ജ് നൈനാന്‍ അറിയിച്ചു.

വിവിധ സര്‍ക്കാര്‍ ക്ഷേമ പദ്ധതികളെക്കുറിച്ചും പരിപാടികളെക്കുറിച്ചും കര്‍ഷകരെ അറിയിക്കുകയും നൂതന സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതിന് അവരെ സജ്ജരാക്കുകയും ചെയ്യും.  മത്സ്യ സംസ്‌കരണത്തിലും മൂല്യവര്‍ദ്ധനവിലും സംരംഭക അവസരങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിലും സിഫ്റ്റിലെ   ശാസ്ത്രജ്ഞര്‍  പ്രധാന പങ്ക് വഹിക്കും.731 കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, 113 ഐസിഎആര്‍ സ്ഥാപനങ്ങള്‍, സംസ്ഥാന തല വകുപ്പുകള്‍, കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് എന്നിവയിലെ ഉദ്യോഗസ്ഥര്‍, കൂടാതെ നൂതന കര്‍ഷകരും ഈ പ്രചാരണത്തില്‍ പങ്കുചേരും.  കര്‍ഷകര്‍ അവര്‍ നേരിടുന്ന   വെല്ലുവിളികള്‍ പങ്കിടുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ഫീല്‍ഡ് തല പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും. ഇത് ഭാവി ഗവേഷണ മേഖലയ്ക്ക് വിജ്ഞാനപ്രദമാകും. രാസവളങ്ങളുടെ സന്തുലിതമായ ഉപയോഗം, പ്രാദേശിക സാഹചര്യങ്ങള്‍ മനസ്സിലാക്കല്‍, ഗവേഷണ വിവരങ്ങള്‍ കൃത്യമായി ഉപയോഗപ്പെടുത്തല്‍, ഗുണനിലവാരമുള്ള വിത്തുകളുടെ ഉപയോഗം തുടങ്ങി ഉല്‍പദാനക്ഷമത കൂട്ടുന്നതിനാവശ്യമായ കാര്യങ്ങള്‍ കര്‍ഷകകരുമായി പങ്കുവെക്കും.കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു