വാക്കബിള്‍ കൊച്ചി പദ്ധതിക്ക് തുടക്കം

 

കൊച്ചി: കൊച്ചിയെ കാല്‍നട യാത്ര സൗഹൃദ നഗരമാക്കുന്നതിനായി കൊച്ചി നഗരസഭ വിഭാവനം ചെയ്ത ‘വാക്കബിള്‍ കൊച്ചി’ പദ്ധതിയ്ക്ക് തുടക്കമായി. മേയര്‍ അഡ്വ. എം അനില്‍കുമാര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കൊച്ചി നഗരസഭയുടെ 74 വാര്‍ഡുകളില്‍ നിലവിലെ കാല്‍നട യാത്ര സൗകര്യങ്ങള്‍ ജനപങ്കാളിത്ത ഓഡിറ്റുകളിലൂടെ പഠന വിധേയമാക്കി, അനുയോജ്യമായ കാല്‍നട യാത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതിയാണ് വാക്കബിള്‍ കൊച്ചി. ജി.ഐ.ഇസഡ് ഇന്ത്യയുടെ സാങ്കേതിക സഹകരണത്തോടെ, ഇന്തോ ജര്‍മന്‍ വികസന സഹകരണ പദ്ധതിയായ സസ്‌റ്റൈനബിള്‍ അര്‍ബന്‍ മൊബിലിറ്റി എയര്‍ ക്വാളിറ്റി, ക്ലൈമറ്റ് ആക്ഷന്‍, ആക്‌സിസിബിലിറ്റി പ്രോജക്ടിന് കീഴില്‍ സിഹെഡ് പങ്കാളിത്തത്തോടെയാണ് വാക്കബിള്‍ കൊച്ചി പദ്ധതി നടപ്പിലാക്കുന്നത്.

കൊച്ചി നഗരസഭയുടെ മാസ്റ്റര്‍ പ്ലാന്‍ 2040 മുന്‍നിര്‍ത്തി വാര്‍ഡ് തലത്തില്‍ ഏറ്റവും അധികം കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്ന ‘പ്രയോരിറ്റി വാക്കിങ് നെറ്റ്‌വര്‍ക്ക്’ കണ്ടെത്തുന്നതാണ് പദ്ധതിയുടെ ആദ്യ ഘട്ടം. പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളിലൂടെ നഗരത്തില്‍ മൊത്തം എത്ര കിലോമീറ്റര്‍ റോഡ് നെറ്റ്‌വര്‍ക്ക് ഉണ്ടെന്നും അതില്‍ എത്ര ഫുട്പാത്തുകള്‍ ഉണ്ടെന്നും ഇതില്‍ മോശം അവസ്ഥയിലുള്ള എത്ര ഫുട്പാത്തുകള്‍ ഉണ്ടെന്നും കണ്ടെത്താന്‍ സാധിക്കും. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ നഗരസഭയുടെ എഴുപത്തി നാല് വാര്‍ഡുകളിലെയും പ്രയോരിറ്റി വാക്കിങ് നെറ്റ്‌വര്‍ക്ക് സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് ജനപങ്കാളിത്തത്തോടെ ഓഡിറ്റ് ചെയ്യും. ഇതിനായി വിവിധ സംഘടനകള്‍, വിദ്യാഭ്യാസ ഇതര സ്ഥാപനങ്ങള്‍ എന്നിവരുടെ സഹായം ലഭ്യമാക്കും. അടുത്ത ഘട്ടത്തില്‍ ഓഡിറ്റിലൂടെ ശേഖരിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാകുന്ന രീതിയില്‍ സിഹെഡ് വെബ്‌സൈറ്റില്‍ ഒരു ഡിജിറ്റല്‍ ഡാഷ്‌ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പദ്ധതിക്കായി ഒരു ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പ്ലാന്‍ തയ്യാറാക്കും.കൊച്ചി നഗരസഭ ഫണ്ട്, മറ്റ് ഫണ്ടുകള്‍ എന്നിവ ചെലവഴിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. ഓരോ വര്‍ഷവും പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ചെലവഴിക്കും. പദ്ധതിയുടെ ഭാഗമായി നഗരത്തിലെ നിലവിലുള്ള ഫുട്പാത്തുകള്‍ ഘട്ടം ഘട്ടമായി സഞ്ചാരയോഗ്യമാക്കും. ഓരോ ഡിവിഷനിലും ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന റോഡുകളായിരിക്കും ആദ്യം വികസിപ്പിക്കുക. കൊച്ചി നഗരത്തിന്റെ കാല്‍നട യാത്ര ക്ലേശങ്ങള്‍ പരിഹരിക്കുന്നതിന് വാക്കബിള്‍ കൊച്ചി പദ്ധതി ഒരു പുതിയ കാല്‍വെപ്പാകുമെന്നും ഇതിലൂടെ നടപ്പാതകള്‍, ജംഗ്ഷന്‍ ക്രോസിങ്ങുകള്‍ മുതലായവ മെച്ചപ്പെടുത്തി എല്ലാവര്‍ക്കും സുരക്ഷിതവും, ആയാസരഹിതവും ഭിന്നശേഷി സൗഹൃദവുമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സാധ്യമാകുമെന്നും പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മേയര്‍ പറഞ്ഞു. ജനപങ്കാളിത്ത ഓഡിറ്റുകളിലൂടെ നഗരസഭ നടപ്പിലാക്കുന്ന വാക്കബിള്‍ കൊച്ചി പദ്ധതി, കൊച്ചിയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് ഊര്‍ജമേകുന്ന ഒരു തുടക്കം ആകുമെന്നും മേയര്‍ പറഞ്ഞു.

 

Spread the love