കലകളിലെ എഐ സാധ്യത ;
വേവ്‌സ് നിര്‍മിതബുദ്ധി കലാസൃഷ്ടി മത്സരം

നിക്ഷേപകര്‍, സഹകാരികള്‍, വ്യവസായപ്രമുഖര്‍ എന്നിവരുമായി ഇടപഴകല്‍ വളര്‍ത്തുന്നതിനൊപ്പം കലകളിലെ എഐയുടെ പരിവര്‍ത്തന സാധ്യതകള്‍ എടുത്തുകാണിക്കുകയെന്നതാണ് മത്സരത്തിന്റെ ലക്ഷ്യം.

 

ന്യൂഡല്‍ഹി: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവുമായി സഹകരിച്ച് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന നിര്‍മിതബുദ്ധി കലാസൃഷ്ടി മത്സരം കലാകാരന്മാര്‍, ഡസൈനര്‍മാര്‍, എ ഐ തല്‍പ്പരര്‍ എന്നിവരെ ഒരുമിപ്പിച്ച് നിര്‍മിതബുദ്ധിയുടെയും കലാപരമായ ആവിഷ്‌കാരത്തിന്റെയും സംയോജനത്തിന് വഴിയൊരുക്കുന്ന മല്‍സരമെന്ന് അധികൃതര്‍. നിര്‍മിതബുദ്ധി അധിഷ്ഠിത ഉപകരണങ്ങളും സാങ്കേതിക വിദ്യകളുമുപയോഗിച്ച് സര്‍ഗാത്മകതയുടെയും നവീകരണത്തിന്റെയും അതിരുകള്‍ കടന്ന് ആഴമേറിയതും സംവേദനാത്മകവുമായ കലാസൃഷ്ടികളൊരുക്കാന്‍ പങ്കെടുക്കുന്നവര്‍ക്ക് സാധ്യമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിക്ഷേപകര്‍, സഹകാരികള്‍, വ്യവസായപ്രമുഖര്‍ എന്നിവരുമായി ഇടപഴകല്‍ വളര്‍ത്തുന്നതിനൊപ്പം കലകളിലെ എഐയുടെ പരിവര്‍ത്തന സാധ്യതകള്‍ എടുത്തുകാണിക്കുകയെന്നതാണ് മത്സരത്തിന്റെ ലക്ഷ്യം. കലയും സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്നതിലൂടെ ഇത് നിര്‍മിതബുദ്ധി അധിഷ്ഠിത സര്‍ഗാത്മക ആവിഷ്‌കാരത്തിന്റെ മുന്‍നിരയില്‍ ഇന്ത്യയുടെ സ്ഥാനം അടയാളപ്പെടുത്തുന്നു. മാധ്യമ വിനോദ വ്യവസായത്തിലെ നവീകരണം ലക്ഷ്യമിടുന്ന ആഗോള വേദിയായി പ്രവര്‍ത്തിക്കുന്ന ലോക ദൃശ്യ ശ്രാവ്യ വിനോദ ഉച്ചകോടി (വേവ്‌സ്) യുടെ കീഴിലെ മുന്‍നിര സംരംഭമായ ക്രിയേറ്റ് ഇന്‍ ഇന്ത്യ മത്സരങ്ങളുടെ ഭാഗമാണിത്.

വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ 70,000ത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. പ്രമുഖ വ്യാവസായിക വേദിയെന്ന നിലയില്‍, സഹകരണത്തിലും വ്യാപാര അവസരങ്ങളിലും ആഗോള സര്‍ഗാത്മക കേന്ദ്രമായി ഉയര്‍ന്നുവരുന്നതിലും ഉച്ചകോടി രാജ്യത്തെ മുന്നോട്ടുനയിക്കുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. 2025 മെയ് 1 മുതല്‍ 4 വരെ മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലും ജിയോ വേള്‍ഡ് ഗാര്‍ഡന്‍സിലുമായി നടക്കുന്ന ഉച്ചകോടി ദീര്‍ഘവീക്ഷണത്തോടുകൂടിയ ആശയങ്ങള്‍ക്കും ഉയര്‍ന്നുവരുന്ന പ്രതിഭകള്‍ക്കും ഒരു മികച്ച തുടക്കത്തിന് അവസരമൊരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

സൃഷ്ടികള്‍ സമര്‍പ്പിക്കേണ്ട വിധം

കലാസൃഷ്ടിയുടെ സാധ്യതയും സംവേദനക്ഷമതയും പ്രദര്‍ശിപ്പിക്കുന്ന ഒരു മൂലരൂപമോ ചെറുമാതൃകയോ സമര്‍പ്പിക്കുക.ഉപയോഗിച്ച പ്രക്രിയ, പ്രചോദനം, എഐ സാങ്കേതിക വിദ്യകള്‍ എന്നിവ വിശദീകരിക്കുന്ന ഒരു പദ്ധതി വിവരണം ഉള്‍പ്പെടുത്തുക.ചിത്രങ്ങളും ത്രിമാന മാതൃകകളുമടക്കം ദൃശ്യ പ്രാതിനിധ്യം നല്‍കുക.ആശയം വിശദീകരിക്കുന്നതും ഏതെങ്കിലും ചെറുമാതൃകകള്‍ പ്രദര്‍ശിപ്പിക്കുന്നതുമായ ഒരു ഹ്രസ്വവീഡിയോ (5 മിനിറ്റ് വരെ) പങ്കുവെയ്ക്കുക.

അപേക്ഷിക്കേണ്ട അവസാന തീയതി: 2025 മാര്‍ച്ച് 15.

 

Spread the love