ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സിനു പകരം മൂന്നാര്‍ ഡി.എഫ്.ഒ. നേരിട്ട് ഹാജരായി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ ആവശ്യപ്പെട്ട വ്യക്തമായ വിശദീകരണങ്ങള്‍ ലഭ്യമല്ലെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു.
കൊച്ചി: ജനവാസ മേഖലയില്‍ വന്യജീവികള്‍ നടത്തുന്ന അതിക്രമങ്ങള്‍ തടയുന്നതിനായി വനം വകുപ്പ് സ്വീകരിക്കുന്ന പ്രതിരോധ നടപടികളെ കുറിച്ച് ആവശ്യപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത വനംവകുപ്പ് മേധാവിക്ക് (ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ്) മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷവിമര്‍ശനം. ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സിനു പകരം മൂന്നാര്‍ ഡി.എഫ്.ഒ. നേരിട്ട് ഹാജരായി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ ആവശ്യപ്പെട്ട വ്യക്തമായ വിശദീകരണങ്ങള്‍ ലഭ്യമല്ലെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു.
ഉത്തരവ് അനുസരിക്കാന്‍ ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സിന് ബാധ്യതയുണ്ട്. ഇത്തരം നടപടികള്‍ ഗൗരവമായി എടുക്കും. 10 ദിവസത്തിനകം കമ്മീഷന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ് ഒപ്പിട്ട് സമര്‍പ്പിക്കണം. ഇല്ലെങ്കില്‍ മേല്‍നടപടിയിലേക്ക് പ്രവേശിക്കുമെന്നും ഉത്തരവില്‍ പറയുന്നു.മൂന്നാര്‍ ഡി. എഫ്.ഒ. ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ എറണാകുളം ജില്ലയിലുണ്ടായ വന്യജീവി ആക്രമണത്തിന്റെ വ്യക്തമായ കണക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.
വിഷയത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ ഒരുഅഡീഷണല്‍ റിപ്പോര്‍ട്ട് കൂടി മൂന്നാഴ്ചക്കകം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സിനു വേണ്ടി ഡി.എഫ്.ഒ. റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനും ജില്ലാ കളക്ടര്‍ക്ക് വേണ്ടി സീനിയര്‍ ഉദ്യോഗസ്ഥനും മാര്‍ച്ച് 25ന് രാവിലെ 10 ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ ഹാജരാകണമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദ്ദേശിച്ചു.കുട്ടമ്പുഴ ഉരുളന്‍തണ്ണിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കോടിയാട്ട് എല്‍ദോസ് വര്‍ഗീസ് മരിച്ച സാഹചര്യത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.