കെഫോണിന്റെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി വനിതാ സംരംഭകര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും അവരുടെ സംരംഭങ്ങളെ വിപുലീകരിക്കാനും സാമ്പത്തിക വളര്‍ച്ചയില്‍ കൂടുതല്‍ സജീവ പങ്കാളികളാകാനും ഈ കൂട്ടായ്മ സഹായകരമാകും.
തിരുവനന്തപുരം: വനിതാ സംരംഭകരുടെ ഡിജിറ്റല്‍ ശാക്തീകരണവും സംരംഭകത്വ വികസനവും ലക്ഷ്യമിട്ട് കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ്‌വര്‍ക്ക് ലിമിറ്റഡ് (കെഫോണ്‍), തിരുവനന്തപുരം മാനേജ്‌മെന്റ് അസോസിയേഷന്‍ (ടി.എം.എ), വിമണ്‍ എന്‍ട്രപ്രണേഴ്‌സ് നെറ്റ്‌വര്‍ക്ക് (ഡബ്ല്യു.ഇ.എന്‍) എന്നിവര്‍ തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. കരാറിന് മൂന്ന് വര്‍ഷത്തെ കാലാവധിയുണ്ടാകും. കൂട്ടായ്മയുടെ ഭാഗമായി വനിതാ സംരംഭക സംഘടനകള്‍ക്കും വനിതകള്‍ നേതൃത്വം നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും കെഫോണ്‍ ശൃംഖലയിലൂടെ ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനും സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുവാന്‍ സഹായിക്കുന്നതിനുമായി വിവിധ പദ്ധതികള്‍ നടപ്പാക്കും. കൂടാതെ ഡിജിറ്റല്‍ ടെക്‌നോളജീസ്, ഇകൊമേഴ്‌സ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ പരിശീലന പരിപാടികള്‍, വര്‍ക്ക്‌ഷോപ്പുകള്‍, സെമിനാറുകള്‍, അവബോധ ക്യാമ്പയ്‌നുകള്‍ എന്നിവയും സംഘടിപ്പിക്കും. കൂടാതെ കെഫോണ്‍ ഇന്‍ഫ്രാസ്ട്രക്ടച്ചര്‍ ഉപയോഗപ്പെടുത്തി ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനായി കെഫോണ്‍ എക്‌സ്‌ക്ലൂസിവ് ‘ഷീ ടീം’ ശാക്തീകരണവും ഈ കൂട്ടായ്മ ലക്ഷ്യമിടുന്നു. ‘കെഫോണിന്റെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി വനിതാ സംരംഭകര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും അവരുടെ സംരംഭങ്ങളെ വിപുലീകരിക്കാനും സാമ്പത്തിക വളര്‍ച്ചയില്‍ കൂടുതല്‍ സജീവ പങ്കാളികളാകാനും ഈ കൂട്ടായ്മ സഹായകരമാകുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെഫോണ്‍ മാനേജിങ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു പറഞ്ഞു. തിരുവനന്തപുരം മാനേജ്‌മെന്റ് അസോസിയേഷനില്‍ നടന്ന ചടങ്ങില്‍ കെഫോണ്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു, തിരുവനന്തപുരം മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് എസ്. എന്‍ രഘുചന്ദ്രന്‍ നായര്‍, വിമണ്‍ എന്‍ട്രപ്രണേഴ്‌സ് നെറ്റ്‌വര്‍ക്ക് പ്രസിഡന്റ് റെസ്മി മാക്‌സിം എന്നിവര്‍ പങ്കെടുത്തു.

