ജി.ആര്‍. ഗായത്രി
ഈ വനിതാ ദിനത്തില്‍ ഞങ്ങള്‍ക്കും വേണ്ടേ ഒരു മാറ്റം! വേണം, നമുക്കൊരു നല്ല മാറ്റം, നല്ല തുടക്കം. കൊച്ചിയില്‍ സൈക്കിള്‍ ചവിട്ടുന്ന ഈ വനിതാ കുട്ടായ്മ പറയുന്നു. വേണം ഒരു മാറ്റം.
‘ഞങ്ങള്‍ക്ക് വേണം, പുതിയ ആകാശവും ഭൂമിയും ‘ എന്നും രാവിലെ ഞങ്ങള്‍ ഉണരുന്നു , ഭക്ഷണമുണ്ടാക്കുന്നു , വീട്ടുജോലികള്‍ ചെയ്യുന്നു ,കുട്ടികളെ സ്‌കൂളില്‍ വിടുന്നു, ജോലി സ്ഥലത്തേക്ക് ഓടുന്നു…. കൂടെ സന്തതസഹചാരികളായ അസുഖങ്ങളും. വിരസമായ ഈ പതിവ് ജീവിതചര്യക്ക് ഒരു മാറ്റം വേണ്ടേ ?വെറുതെ ഡിപ്രെഷന്‍ അടിച്ചിരിക്കണോ? അല്ല. അതിനുള്ള ഏറ്റവും എളുപ്പ വഴി സൈക്ലിങ് തന്നെ.ഒരു റോഡ് സൈക്കിളും, സേഫ്റ്റി ആക്‌സസറീസും ഉണ്ടെങ്കില്‍ പിന്നൊന്നും ചിന്തിക്കേണ്ട..അതിരാവിലെ ലൈറ്റ് ഓണാക്കിക്കോളൂ.. കൊച്ചി നഗരം സുപ്രഭാതത്തോടെ വരവേല്‍ക്കും.. ഇരുട്ടല്ലേ എന്ന പേടി വേണ്ട, കൂടെയുള്ളത് നല്ല ഫിറ്റ്‌നസ് ഉള്ള ചങ്കന്മാരാണ്.ഈ വനിതാ ദിനത്തില്‍ ഞങ്ങള്‍ക്കും വേണ്ടേ ഒരു മാറ്റം! വേണം, നമുക്കൊരു നല്ല മാറ്റം, നല്ല തുടക്കം. കൊച്ചിയില്‍ സൈക്കിള്‍ ചവിട്ടുന്ന ഈ വനിതാ കുട്ടായ്മ പറയുന്നു. വേണം ഒരു മാറ്റം. എറണാകുളം നഗരത്തിലൂടെ രാവിലെ നാലു മണി മുതല്‍ ആക്ടീവാകുന്ന സൈക്ലിംഗ് ടീമുകള്‍ ഒട്ടേറെ. ആ ടീമുകളില്‍ ഒന്നു സൂക്ഷിച്ചു നോക്കിയാല്‍ രണ്ടുപേരെങ്കിലും വനിതകള്‍ ആയിരിക്കും. അവരൊക്കെ എല്ലാവരെയും പോലെ കുടുംബവും, ജോലിയും ഒരുമിച്ചു കൊണ്ടു പോകുന്നു, കൂടെ ആരോഗ്യവും.എല്ലാവര്‍ക്കും പറയാനുള്ളത് സൈക്ലിങ് തരുന്ന പോസിറ്റീവ് എനര്‍ജിയെ കുറിച്ച് മാത്രം.
വെറുതെ സമയം കളയാനായിരുന്നില്ല ,ഞങ്ങള്‍ സൈക്കിള്‍ ചവിട്ടി തുടങ്ങിയതെന്ന് വിമന്‍സ് സൈക്ലിംഗ് ഗ്രൂപ്പ് കൊച്ചിയിലെ വിദ്യാ മനോജ് പറഞ്ഞു.സൈക്കിള്‍ ചവിട്ടുന്ന 55 മുതല്‍ 80 വയസ്സ് വരെയുള്ളവരിലെ രോഗപ്രതിരോധശേഷി ഇരുപത് വയസ്സുകാരുടെതിനു തുല്യമാണെന്നാണ് ആരോഗ്യ രംഗത്തെ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത് മിക്ക ബോളിവുഡ്,ഹോളിവുഡ് താരങ്ങളുടെ ഫിറ്റ്‌നസ് മന്ത്രവും സൈക്ലിംഗ് തന്നെ. ഹൃദയാഘാതസാധ്യത കുറയ്ക്കുന്നതിനും, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത കൂട്ടുന്നതിനും, ചര്‍മ്മ സൗന്ദര്യത്തിനും, ജീവിതശൈലി രോഗങ്ങളില്‍ നിന്ന് കരകയറാനും, കൊളാജന്റെ ഉല്‍പാദനത്തിനും… പറഞ്ഞാല്‍ തീരാത്തത്ര ഗുണങ്ങള്‍.അങ്ങനെയാണ് സൈക്കിള്‍ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്. അവര്‍ പറയുന്നു.
എല്ലാ ദിവസവും രാവിലെ നാലു മുപ്പതിന് സൈക്ലിങ്ങിന് വീട്ടില്‍ നിന്ന് പുറപ്പെടുന്ന വിദ്യ മനോജ് ആറരയോടെ തിരിച്ചെത്തും.തുടര്‍ന്ന് അടുക്കള തിരക്കുകളും,കുട്ടികളുടെ കാര്യങ്ങളും. പിന്നീട് ജോലി സ്ഥലത്തേക്ക്. എല്ലാത്തിനും സപ്പോര്‍ട്ടായി ഡിഫന്‍സ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് മനോജ് കൂടെയുണ്ട്. ഡെങ്കിപ്പനിയുടെ അനന്തര ഫലമായുണ്ടായ സംസാരശേഷി കുറവും ശ്വാസതടസ്സവും വിദ്യയെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. തുടര്‍ന്നാണ് ഡോക്ടറുടെ നിര്‍ദേശപ്രകാരം നടത്തത്തിലേക്കും,പിന്നീട് സൈക്ലിങ്ങിലേക്കും എത്തിയത്. സൈക്ലിംഗ് തനിക്ക് പൂര്‍ണ്ണ ആരോഗ്യം തിരിച്ചു തന്നുവെന്ന് വിദ്യ പറയുന്നു. സാന്താ സൈക്ലിംഗ് 50 കിലോമീറ്റര്‍ വിജയിയാണ് വിദ്യ.ജോലിത്തിരക്കുകള്‍ക്കിടയില്‍ ശരിയായി വ്യായാമം ചെയ്യാതെ വന്നതോടെ തനിക്ക് വണ്ണം കൂടിയതായി കൂട്ടായ്മയിലെ മറ്റൊരംഗമായ അനുമിത പറയുന്നു.തുടര്‍ന്ന് വ്യായാമത്തിനായി ഓട്ടത്തിലേക്കും പിന്നീട് സൈക്കിളിങ്ങിലേക്കും തിരിഞ്ഞു. സൈക്ലിംഗ് പ്രൊഫഷണല്‍ ട്രെയിനറും, ലാപ് വണ്‍ സൈക്ലിങ് ഷോപ്പ് ഉടമയുമായ സോള്‍വിന്‍ ടോം ആണ് അനുമിതയുടെ ഭര്‍ത്താവ്.സി 3 റേസിംഗ് ടീമംഗങ്ങള്‍ക്കൊപ്പം അനുമിതയും, സോള്‍വിനും സൈക്കിള്‍ ചവിട്ടുന്നു, ഒപ്പം ട്രെയിനിങ്ങും.ഇപ്പോള്‍ വനിതകള്‍ കൂടുതലായി ഗ്രൂപ്പിലേക്ക് എത്തുന്നുണ്ടെന്ന് അനുമിത പറയുന്നു.കെഗ് മിന്നല്‍ ചാലഞ്ച് 2025 രണ്ടാം സ്ഥാനവും, ക്വാര്‍ട്ടര്‍ എവറസ്റ്റിംഗ് വിജയിയുമാണ് അനുമിത.
‘വിമന്‍സ് സൈക്ലിംഗ് ഗ്രൂപ്പ് കൊച്ചി’ യില്‍ ഏകദേശം ഇരുപത് അംഗങ്ങളാണുള്ളത്. ഇടയ്ക്കിടെ ലേഡീസ് ഗ്രൂപ്പ് അന്‍പത് കിലോമീറ്റര്‍ റൈഡുകളും നടത്താറുണ്ട്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വരെയോ, ചാലക്കുടി വരെയോ ആണ് ഗ്രൂപ്പ് റൈഡുകള്‍ നടത്താന്‍ ഇഷ്ടപ്പെടുന്ന ഇടം.ഇടയ്ക്കിടെ ഇവര്‍ വാഗമണ്‍, മൂന്നാര്‍ പോലുള്ള സൈക്ലിംഗ് ട്രിപ്പുകളും നടത്താറുണ്ട്.
ഹൃദയാരോഗ്യം, ക്യാന്‍സര്‍ പ്രതിരോധം, ലഹരിക്കെതിരെ തുടങ്ങി പലവിധ മെസ്സേജുകള്‍ പ്രചരിപ്പിച്ചുകൊണ്ടുള്ള ഒട്ടനവധി സൈക്ലിംഗ് മാരത്തോണുകളും പല ക്ലബ്ബുകളുടെയും ഗ്രൂപ്പുകളുടെയും നേതൃത്വത്തില്‍ നടത്തിവരുന്നു.ഇത് പുതിയൊരു കാലത്തിന്റെ ചുവടു വയ്പ്പാണ്. സ്‌നേഹത്തിന്റെ സൗഹൃദത്തിന്റെ അലയൊലികള്‍ ഉയരുന്ന യാത്രയുടെ സുഗന്ധങ്ങള്‍.