സംസ്ഥാനത്തെ സമ്പൂര്‍ണ്ണ ആരോഗ്യ ടൂറിസം (ഹോളിസ്റ്റിക് വെല്‍നസ്) കേന്ദ്രമായി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പി. രാജീവ് പറഞ്ഞു
കൊച്ചി: ടൂറിസം മേഖലയിലെ ആഗോള പ്രശസ്തിക്ക് പിന്നാലെ, ആയുര്‍വേദ ചികിത്സാ രംഗത്തും കേരളത്തെ ലോകത്തിന്റെ മുന്‍നിരയിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതമാക്കിയതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.കേരള ഹെല്‍ത്ത് ടൂറിസം ആന്‍ഡ് ഗ്ലോബല്‍ ആയുര്‍വേദ സമ്മിറ്റ് ആന്‍ഡ് എക്സ്പോ 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ തനത് ചികിത്സാ രീതിയായ ആയുര്‍വേദത്തെ ആധുനിക വൈദ്യശാസ്ത്രവുമായി സമന്വയിപ്പിച്ച് സംസ്ഥാനത്തെ സമ്പൂര്‍ണ്ണ ആരോഗ്യ ടൂറിസം (ഹോളിസ്റ്റിക് വെല്‍നസ്) കേന്ദ്രമായി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആയുര്‍വേദ സമ്പദ് വ്യവസ്ഥ കുതിച്ചുയരും. നിലവിലെ 15,000 കോടി രൂപയില്‍ നിന്ന് കേരളത്തിന്റെ ആയുര്‍വേദ സമ്പദ് വ്യവസ്ഥ 2031ഓടെ 60,000 കോടി രൂപയായി വര്‍ധിക്കുമെന്ന് സിഐഐ ഗ്ലോബല്‍ ആയുര്‍വേദ സമ്മിറ്റ് ചെയര്‍മാനും ധാത്രി ആയുര്‍വേദ എം.ഡിയുമായ ഡോ. സജികുമാര്‍ അറിയിച്ചു. 2047ഓടെ ഇത് 5 ലക്ഷം കോടി രൂപയിലെത്താന്‍ സാധ്യതയുണ്ടെന്നും, ആയുര്‍വേദം സാങ്കേതികവിദ്യയുടെ പിന്തുണയുള്ള ആഗോള അംഗീകാരമുള്ള ആരോഗ്യ ശാസ്ത്രമായി വളര്‍ന്നു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 5.6 ട്രില്യണ്‍ ഡോളറാണ് നിലവിലെ ആഗോള വെല്‍നസ് സമ്പദ്വ്യവസ്ഥയുടെ മൂല്യം. ആയുര്‍വേദ ചികിത്സാരംഗത്ത് കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ഓണ്‍ലൈനിലൂടെ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപ്റാവു ജാദവ് അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ആയുര്‍വേദ സമ്പദ്വ്യവസ്ഥയുടെ മൂല്യം 43 ബില്യണ്‍ ഡോളറാണ്. രാജ്യത്തിന്റെ ജിഡിപിയിലേക്ക് ആയുര്‍വേദ മേഖലയുടെ സംഭാവന 2047ഓടെ 5 ശതമാനമായി ഉയരുമെന്ന് ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കോട്ടേച്ച അറിയിച്ചു. ഗുണനിലവാരത്തില്‍ കേരളത്തിന് നേട്ടം ആയുര്‍വേദവും ആധുനിക വൈദ്യശാസ്ത്രവും സംയോജിപ്പിച്ചുള്ള ലോകോത്തര ചികിത്സ നല്കുന്ന ഏക കേന്ദ്രമായി കേരളത്തെ ഉയര്‍ത്തിക്കാട്ടേണ്ടതുണ്ടെന്ന് കോട്ടക്കല്‍ ആര്യവൈദ്യശാല ട്രസ്റ്റി പി.എം. വാരിയര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടെന്നത് ഇന്ത്യയില്‍ കേരളത്തിന് മാത്രമുള്ള നേട്ടമാണെന്നും മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ എം.ഡി. ഡോ. പി.വി. ലൂയിസ് ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങളുള്ളത് ദക്ഷിണേന്ത്യയിലാണെന്ന് സിഐഐയുടെ ദക്ഷിണമേഖല ചെയര്മാന് തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു. കേരളത്തിലെ ആരോഗ്യ സംവിധാനങ്ങള്‍ മികച്ചതാണെന്നും തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ ലോകോത്തര നിലവാരമുള്ള ആശുപത്രികളും സൗകര്യങ്ങളും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ആരോഗ്യപരിപാലനം വേഗത്തില്‍ ലഭ്യമാകുന്ന സാഹചര്യമാണുള്ളതെന്നും ആരോഗ്യ സേവനങ്ങള്‍ക്കായി ആര്‍ക്കും കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും ആസ്റ്റര്‍ മെഡിസിറ്റി സിഇഒയും സിഐഐ കേരള ആരോഗ്യസമിതിയുടെ സഹകണ്‍വീനറുമായ നളന്ദ ജയദേവ് പറഞ്ഞു.
സി.ഐ.ഐ കേരള ചെയര്മാന് വികെസി റസാഖ് ഉ സംസാരിച്ചു. സി.ഐ.ഐ കേരള ചാപ്റ്റര്‍, ആയുഷ് മന്ത്രാലയം, കേരള സര്‍ക്കാര്‍ എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ഉച്ചകോടിയില്‍ 16 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

