ദീര്‍ഘകാലമായി ഒമാനില്‍ താമസിക്കുന്ന ഷോണാല്‍ ഗള്‍ഫ് മേഖലയിലുടനീളം ഒമ്പത് വര്‍ഷത്തിലധികം റേസിംഗ് പരിചയത്തോടെയാണ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ എത്തിയത്.
കൊച്ചി: മീക്കോ മോട്ടോര്‍സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച എഫ്. എം. എസ്. സി. ഐ.(ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ് ഓഫ് ഇന്ത്യ) റോട്ടാക്‌സ് മാക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിയായി മലയാളി ഷോണാല്‍ കുനിമേല്‍. കോയമ്പത്തൂരില്‍ നടന്ന ദേശിയ കാര്‍ട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം റൗണ്ടില്‍ ആവേശകരമായ വിജയമാണ് ഇന്ത്യന്‍ റേസിംഗ് രംഗത്തേ ഭാവി വാഗ്ദാനമായ 14 വയസുകാരന്‍ ഷോണാല്‍ നേടിയത്.
ദീര്‍ഘകാലമായി ഒമാനില്‍ താമസിക്കുന്ന ഷോണാല്‍ ഗള്‍ഫ് മേഖലയിലുടനീളം ഒമ്പത് വര്‍ഷത്തിലധികം റേസിംഗ് പരിചയത്തോടെയാണ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ എത്തിയത്. യുഎഇ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലുടനീളമുള്ള ടോപ്ടയര്‍ കാര്‍ട്ടിംഗ് സര്‍ക്യൂട്ടുകളില്‍ പങ്കെടുക്കുകയും യുഎഇ റോട്ടാക്‌സ് മാക്‌സ് ചലഞ്ച് ഓവറോള്‍ ചാമ്പ്യന്‍, ഐഎഎംഇ യുഎഇ ചാമ്പ്യന്‍, ഒമാന്‍ റോട്ടാക്‌സ് മാക്‌സ് ചലഞ്ച് ചാമ്പ്യന്‍, ദുബായ് ഒപ്ലേറ്റ് ചാമ്പ്യന്‍ തുടങ്ങിയ ധാരാളം വിജയങ്ങളും ഷോണാല്‍ നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്. പരിശീലകന്‍ പ്രീതം, ട്യൂണര്‍ അഭി, മെക്കാനിക്ക് അയ്യപ്പ, പരിശീലകന്‍ സുരേഷ് സിവിഎസ്, ഫെസിലിറ്റേറ്റര്‍ ആനന്ദ് കുമാര്‍ എന്നിവരുടെ പിന്തുണയാണ് ഷോണാലിന്റെ വിജയങ്ങളുടെ പിന്നില്‍.


