സൗത്ത് ഇന്ത്യന്‍ ബാങ്കിന് 1303 കോടി രൂപയുടെ അറ്റാദായം

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 21.75 ശതമാനമാണ് വര്‍ധനവ്. മുന്‍വര്‍ഷം ഇത് 1070.08 കോടി രൂപയായിരുന്നു. ബാങ്ക് കൈകാര്യം ചെയ്യുന്ന ആകെ ബിസിനസ് 1,95,104.12 കോടി രൂപയായി
കൊച്ചി: 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 1303 കോടി രൂപയുടെ റെക്കോഡ് അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യന്‍ ബാങ്ക്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 21.75 ശതമാനമാണ് വര്‍ധനവ്. മുന്‍വര്‍ഷം ഇത് 1070.08 കോടി രൂപയായിരുന്നു. ബാങ്ക് കൈകാര്യം ചെയ്യുന്ന ആകെ ബിസിനസ് 1,95,104.12 കോടി രൂപയായി. ഓഹരി ഉടമകളുടെ അംഗീകാരത്തിനനുസൃതമായി 40 ശതമാനം ഡിവിഡന്റിന് ശുപാര്‍ശ ചെയ്തു. സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 342.19 കോടി രൂപയാണ് അറ്റാദായം. 18.99 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 287.56 കോടി രൂപയായിരുന്നു. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷത്തെ 1,867.67 കോടി രൂപയില്‍ നിന്ന് 2,270.08 കോടി രൂപയായും വര്‍ധിച്ചു. 21.55 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച.മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ മുന്‍ വര്‍ഷത്തെ 4.50 ശതമാനത്തില്‍ നിന്നും 130 പോയിന്റുകള്‍ കുറച്ച് 3.20 ശതമാനമാനത്തിലെത്തിച്ചു. അറ്റ നിഷ്‌ക്രിയ ആസ്തി 54 പോയിന്റുകള്‍ കുറച്ച് 1.46 ശതമാനത്തില്‍ നിന്നും 0.92 ശതമാനമാനത്തിലെത്തിക്കാനും ബാങ്കിനു കഴിഞ്ഞു. അറ്റ പലിശ വരുമാനം 4.61 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 3,485.64 കോടി രൂപയിലെത്തി. എഴുതിത്തള്ളല്‍ ഉള്‍പ്പെടുത്തിയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 593 പോയിന്റുകള്‍ വര്‍ധിച്ച് 85.03 ശതമാനമായി. ആസ്തി വരുമാന അനുപാതത്തില്‍ 1.05 ശതമാനത്തിന്റെയും ഓഹരി വരുമാന അനുപാതത്തില്‍ 12.90 ശതമാനത്തിന്റെയും വര്‍ധനവ് രേഖപ്പെടുത്തി. എഴുതിത്തള്ളലിനു പുറമെയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 310 പോയിന്റുകള്‍ വര്‍ധിച്ച് 71.77 ശതമാനമായി.റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 7.17 ശതമാനം വളര്‍ച്ചയോടെ 1,04,749.60 കോടി രൂപയിലെത്തി. പ്രവാസി (എന്‍.ആര്‍.ഐ) നിക്ഷേപം 6.42 ശതമാനം വര്‍ധിച്ച് 31,603 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഈ കാലയളവില്‍ 29,697 കോടി രൂപയായിരുന്നു. സേവിങ്‌സ് ബാങ്ക് നിക്ഷേപത്തില്‍ 4.06 ശതമാനത്തോടെ 27,699.31 കോടി രൂപയിലെത്തി.

 മൊത്ത വായ്പാ വിതരണം 8.89 ശതമാനം വളര്‍ച്ച കൈവരിച്ച് 80,426 കോടി രൂപയില്‍ നിന്നും 87,578.52 കോടി രൂപയായി. കോര്‍പറേറ്റ് വായ്പകള്‍ 12.82 ശതമാനം വാര്‍ഷിക വര്‍ധനയോടെ 32,084 കോടി രൂപയില്‍ നിന്നും 36,198 കോടി രൂപയിലെത്തി. വന്‍കിട കോര്‍പ്പറേറ്റ് വിഭാഗത്തില്‍ 99.70 ശതമാനവും ഉയര്‍ന്ന റേറ്റിങ് (എ അല്ലെങ്കില്‍ അതിനു മുകളില്‍) ഉള്ള അക്കൗണ്ടുകളാണ്. സ്വര്‍ണ വായ്പകള്‍ 15,513 കോടി രൂപയില്‍ നിന്ന് 16,982 കോടി രൂപയായി. 9.47 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ഭവനവായ്പ 54.97 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 7,877 കോടി രൂപയിലെത്തി. വാഹന വായ്പ 24.32 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,987 കോടി രൂപയിലെത്തി.’തുടര്‍ച്ചയായ ലാഭക്ഷമത, മികച്ച ആസ്തി ഗുണനിലവാരം, ഭദ്രമായ വായ്പാ പോര്‍ട്ട്‌ഫോളിയോ, ശക്തമായ റീട്ടെയില്‍ നിക്ഷേപ അടിത്തറ എന്നിവയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ബിസിനസ് വളര്‍ച്ചയുടെ അടിസ്ഥാനം. നൂതന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം ബാങ്കിന്റെ ഘടനാപരമായ പ്രവര്‍ത്തനങ്ങളെയും ശക്തമാക്കി ബിസിനസ് ലക്ഷ്യങ്ങള്‍ നേടിയെടുക്കും. കോര്‍പറേറ്റ് വായ്പ, ഭവന വായ്പ, വാഹന വായ്പ, സ്വര്‍ണ വായ്പ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആസ്തി ഗുണമേന്മയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞു. ഗുണമേന്മയുള്ള വായ്പാ വളര്‍ച്ചയിലൂടെ ലാഭക്ഷമത ഉറപ്പാക്കുക എന്ന തന്ത്രപ്രധാന ലക്ഷ്യത്തിലൂടെ നഷ്ടസാധ്യത കുറഞ്ഞ പുതിയ വായ്പകള്‍ വിതരണം ചെയ്യാനും കഴിഞ്ഞു’ സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി ആര്‍ ശേഷാദ്രി പറഞ്ഞു.ബാങ്കിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള എസ്‌ഐബിഒഎസ്എല്ലിന്റെ സാമ്പത്തിക ഫലങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ് ബാങ്കിന്റെ ഈ സാമ്പത്തിക ഫലങ്ങള്‍.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു