കൊച്ചി: ആഗോളതലത്തില്‍ 100 ശതമാനം പരിസ്ഥിതി സൗഹൃദ പാദരക്ഷകള്‍ നിര്‍മിക്കുന്ന ആദ്യത്തെ പാദരക്ഷാ കമ്പനിയായ ഇന്ത്യാസ് വികെസി മലേഷ്യയില്‍ ആഗോള കോണ്‍ഫ്ളുവന്‍സ് സംഘടിപ്പിച്ചു. ഒരു ഇന്ത്യന്‍ പാദരക്ഷ ബ്രാന്‍ഡിന്റെ എക്കാലത്തെയും വലിയ അന്താരാഷ്ട്ര സമ്മേളനമെന്ന നിലയില്‍ ശ്രദ്ധേയമായ അഞ്ച് ദിവസം നീണ്ടുനിന്ന പരിപാടി മലേഷ്യന്‍ കണ്വെന്ഷന് ആന്‍ഡ് എക്സിബിഷന് ബ്യൂറോയുടെ പിന്തുണയോടെയാണ് സംഘടിപ്പിച്ചത്. കോണ്‍ഫ്ലുവന്‍സില്‍ ഇന്ത്യാസ് വികെസിയുടെ 1,000ത്തിലധികം പുതിയ പാദരക്ഷാ ഡിസൈനുകള്‍ പ്രദര്‍ശിപ്പിച്ചു. ഉല്‍പ്പന്ന പ്രദര്‍ശനം, പ്രഭാഷണങ്ങള്‍, സ്ട്രാറ്റജി സെഷനുകള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.
ഇന്ത്യാസ് വികെസിയുടെ ഉടമസ്ഥതയിലുള്ള ഡീബംഗോയുടെ ഗോ പ്ലാനറ്റിന്റെ കീഴിലാണ് പരിസ്ഥിതി സൗഹൃദ പാദരക്ഷകള്‍ നിര്‍മിക്കുന്നത്. ഉപയോഗശൂന്യമായ പാദരക്ഷകള്‍ ഉപഭോക്താക്കളില്‍ നിന്ന് തിരികെ വാങ്ങി റീസൈക്കിള്‍ ചെയ്താണ് ഗോ പ്ലാനറ്റ് പരിസ്ഥിതി സൗഹൃദ പാദരക്ഷകള്‍ നിര്‍മിക്കുന്നത്.1984ല്‍ ആരംഭിച്ച സ്വപ്നം തങ്ങള്‍ പ്രതീക്ഷിച്ചതിലും വളര്‍ന്ന് ആഗോളവേദി വരെ എത്തിയതായി ഇന്ത്യാസ് വികെസി സ്ഥാപകനും ചെയര്‍മാനുമായ വി കെ സി മമ്മദ് കോയ പറഞ്ഞു. ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് അഭിമാനത്തോടെയും ആധുനികമായും മുന്നേറാന്‍ കഴിയുമെന്ന കമ്പനിയുടെ വിശ്വാസത്തെ സ്ഥിരീകരിക്കുന്ന പ്രതികരണമാണ് കോണ്‍ഫ്ലുവന്‍സില്‍ നിന്ന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.