മല്‍സ്യമേഖലയിലെ വിവിധ തലങ്ങളില്‍  ട്രേസബിലിറ്റി  വര്‍ദ്ധിപ്പിക്കണം

ഏഷ്യന്‍ ഫിഷറീസ് സൊസൈറ്റിയുടെ  ഇന്ത്യന്‍ ബ്രാഞ്ചുമായി സഹകരിച്ചാണ് സിഫ്റ്റ്  ഏകദിന ദേശീയ ശില്‍പ്പശാല  സംഘടിപ്പിച്ചത്.
കൊച്ചി: കേന്ദ്ര മല്‍സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആര്‍  സിഫ്റ്റില്‍ മത്സ്യമേഖലയിലെ  ട്രേസബിലിറ്റിയെക്കുറിച്ചുള്ള  ദേശീയ ശില്‍പ്പശാല  സംഘടിപ്പിച്ചു. ഏഷ്യന്‍ ഫിഷറീസ് സൊസൈറ്റിയുടെ  ഇന്ത്യന്‍ ബ്രാഞ്ചുമായി സഹകരിച്ചാണ് സിഫ്റ്റ്  ഏകദിന ദേശീയ ശില്‍പ്പശാല  സംഘടിപ്പിച്ചത്.കേന്ദ്ര ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറി  സാഗര്‍ മെഹ്‌റ ശില്‍പ്പശാല  ഉദ്ഘാടനം ചെയ്തു.  ആധുനിക ട്രേസബിലിറ്റി സംവിധാനങ്ങളിലൂടെ മല്‍സ്യ വിപണന ശൃംഖല ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം സാഗര്‍ മെഹ്‌റ ചൂണ്ടിക്കാട്ടി.  ഉല്‍പാദകര്‍, കയറ്റുമതിക്കാര്‍, ഇടനിലക്കാര്‍ തുടങ്ങി  വിവിധ തലങ്ങളിലുള്ള   ട്രേസബിലിറ്റി  രേഖകള്‍ വര്‍ദ്ധിപ്പിക്കണം.  അക്വാകള്‍ച്ചര്‍ മേഖലയിലെയും   മത്സ്യമേഖലയിലെയും  പ്രാഥമിക ഉല്‍പാദകരെ ഉള്‍പ്പെടുത്തി തടസ്സമില്ലാത്ത ട്രേസബിലിറ്റി ശൃംഖല സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതികളെ കുറിച്ചും  അദ്ദേഹം വിശദീകരിച്ചു. രാജ്യാന്തര കയറ്റുമതിക്ക് മാത്രമല്ല, ആഭ്യന്തര വിപണികള്‍ക്കും   ഗുണമേന്മ മാനദണ്ഡങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ എംപിഇഡിഎ ചെയര്‍മാന്‍  ദൊഡ്ഡ വെങ്കട സ്വാമി ഐ.എ.എസ് പറഞ്ഞു.

രാജ്യത്തിലെ മത്സ്യ ഉല്‍പ്പന്നങ്ങളുടെ ആഗോള മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉപഭോക്തൃ വിശ്വാസം വളര്‍ത്തുന്നതിനും ട്രേസബിലിറ്റി അനിവാര്യമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഐസിഎആറിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ഫിഷറീസ്) ഡോ. ജെ.കെ. ജെന പറഞ്ഞു. ട്രേസബിലിറ്റി പാക്കേജിംഗില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും ഉല്‍പ്പാദകര്‍, വിതരണക്കാര്‍, വ്യാപാരികള്‍, ഉപഭോക്താക്കള്‍ എന്നിവരുള്‍പ്പെടെയുള്ള  മല്‍സ്യ വിപണന  ശൃംഖലയുടെ എല്ലാ വശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.സിഫ്റ്റ്  ഡയറക്ടര്‍ ഡോ. ജോര്‍ജ്ജ് നൈനാന്‍,മൂല്യവര്‍ധിത മത്സ്യ ഉല്‍പ്പന്നങ്ങള്‍ക്കായി മത്സ്യ സംസ്‌കരണ യൂണിറ്റ് ഉത്തരാഖണ്ഡില്‍സ്ഥാപിക്കുന്നതിനായി ഉത്തരാഖണ്ഡിലെ ഫിഷറീസ് വകുപ്പും സിഫ്റ്റും തമ്മില്‍ ധാരണാപത്രം ചടങ്ങില്‍ കൈമാറി. ഉത്തരാഖണ്ഡിലെ ഫിഷറീസ് വകുപ്പ് സെക്രട്ടറി ഡോ. ബി.വി.ആര്‍.സി. പുരുഷോത്തം, ഐഎഎസ്, നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡ് (എന്‍എഫ്ഡിബി) ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ബിജയ് കുമാര്‍ ബെഹെറ, കോഡെക്‌സ് അലിമെന്റേറിയസ് കമ്മീഷന്റെ മുന്‍ ചെയര്‍പേഴ്‌സണും എപിഇഡിഎയുടെ മുന്‍ ഡയറക്ടറുമായ  സഞ്ജയ് ദേവ്, സിഫ്റ്റിലെ ക്വാളിറ്റി അഷ്വറന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് വിഭാഗം മേധാവി ഡോ.  എ.എ.സൈനുദീന്‍ എന്നിവര്‍  ഉദ്ഘാടന ചടങ്ങളില്‍  സംസാരിച്ചു.കേന്ദ്രസംസ്ഥാന ഫിഷറീസ് വകുപ്പുകള്‍, ഐസിഎആര്‍ ഗവേഷണ സ്ഥാപനങ്ങള്‍, എഫ്എസ്എസ്എഐ, എംപിഇഡിഎ, ഇഐസി, എന്‍ജിഒകള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, സമുദ്രോത്പന്ന വ്യവസായങ്ങള്‍ എന്നിവയില്‍ നിന്നുള്ള വിദഗ്ധര്‍ ശില്‍പ്പശാലയില്‍  പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു