ഏലത്തിന്റെ അനധികൃത ലേലം: മുന്നറിയിപ്പുമായി സ്‌പൈസസ്‌ബോര്‍ഡ്

അംഗീകൃത ലൈസന്‍സ് ഇല്ലാത്ത ആളുകളും സ്ഥാപനങ്ങളും നടത്തുന്ന ഇത്തരം ലേലങ്ങള്‍ അനധികൃതമാണെന്നും ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും സ്പൈസസ് ബോര്‍ഡ് വ്യക്തമാക്കി.
കൊച്ചി: കേരളത്തിലും തമിഴ്‌നാട്ടിലുമായി നടക്കുന്ന അനധികൃത ഏലം ഇ-ലേലത്തിനെതിരെ മുന്നറിയിപ്പുമായി സ്പൈസസ് ബോര്‍ഡ്. അംഗീകൃത ലൈസന്‍സ് ഇല്ലാത്ത ആളുകളും സ്ഥാപനങ്ങളും നടത്തുന്ന ഇത്തരം ലേലങ്ങള്‍ അനധികൃതമാണെന്നും ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും സ്പൈസസ് ബോര്‍ഡ് വ്യക്തമാക്കി. ചില സ്ഥാപനങ്ങളും സംഘങ്ങളും ലൈസന്‍സുള്ള ചില വ്യാപാരികളും ഉള്‍പ്പെടെ അനധികൃത ലേലങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതായി സ്പൈസസ് ബോര്‍ഡ് അറിയിച്ചു. സി.എല്‍.എം. (കാര്‍ഡമം ലൈസന്‍സിങ് ആന്‍ഡ് മാര്‍ക്കറ്റിങ്) നിയമങ്ങള്‍ പ്രകാരം, സ്പൈസസ് ബോര്‍ഡിന്റെ  ലൈസന്‍സ് ഉള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമേ ലേലക്കാരായോ ഡീലര്‍മാരായോ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ലൈസന്‍സുള്ള ലേലക്കാരന് ബോര്‍ഡ് അംഗീകരിച്ച സ്ഥലങ്ങളിലും തീയതികളിലും സമയങ്ങളിലും മാത്രമേ ലേലം നടത്താന്‍ അധികാരമുള്ളുവെന്നും ബോര്‍ഡ് വ്യക്തമാക്കി.

അനധികൃത ലേലങ്ങള്‍ അധികൃത ലേലക്കാര്‍ക്കും ഏലം ഉല്‍പാദകര്‍ക്കും സാമ്പത്തിക നഷ്ടവും  വ്യാപാരത്തിലെ സുതാര്യതയ്ക്ക്  പ്രതിസന്ധിയും ഉണ്ടാക്കുന്നതായി ബോര്‍ഡ് ചൂണ്ടിക്കാട്ടി. ലൈസന്‍സുള്ള വ്യാപാരികള്‍ രജിസ്റ്റര്‍ ചെയ്ത എസ്റ്റേറ്റ് ഉടമകളില്‍ നിന്നോ കര്‍ഷകരില്‍ നിന്നോ ലൈസന്‍സുള്ള ലേലക്കാരില്‍ നിന്നോ മാത്രമേ ഏലം വാങ്ങാവൂ എന്നും ബോര്‍ഡ് നിര്‍ദേശിച്ചു.
ഏലം വ്യാപാരത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനായി 1987-ലെ ഏലം നിയമം (ലൈസന്‍സിങ് ആന്‍ഡ് മാര്‍ക്കറ്റിങ്) പ്രകാരം ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്ക് മാത്രമേ ലേല നടപടികള്‍ക്ക് അനുവാദമുള്ളൂ. ലൈസന്‍സ് ഉള്ളവര്‍ക്ക് ഇടുക്കിയിലെ പുറ്റടി, തമിഴ്‌നാട്ടിലെ ബോഡിനായ്ക്കനൂര്‍ എന്നിവിടങ്ങളിലെ ഇ-ലേലത്തിലും മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന ലേലത്തിലും പങ്കെടുക്കാം. ലേലം നടത്താന്‍ ലൈസന്‍സ് കരസ്ഥമാക്കിയവരുടെ വിവരങ്ങള്‍ സ്പൈസസ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.indianspices.com) ലഭ്യമാണെന്നും സ്പൈസസ് ബോര്‍ഡ് അറിയിച്ചു. ഏലം വ്യാപാരത്തില്‍ സുതാര്യത ഉറപ്പാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു