ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സി വെബ്‌സൈറ്റുകള്‍ വഴി റൂം ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പുകള്‍ നടക്കുന്നതെന്ന് കെ. ടി. എം പ്രസിഡന്റ് ജോസ് പ്രദീപ് ചൂണ്ടിക്കാട്ടി.
കൊച്ചി: കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കൊച്ചി, കുമരകം ഉള്‍പ്പെടെ മറ്റ് നഗരങ്ങളിലടക്കം വിനോദ സഞ്ചാരികളെ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ സജീവമായിരിക്കുന്നതായി കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി (കെ.ടി.എം.) മുന്നറിയിപ്പ് നല്‍കി. പ്രധാനമായും പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സി വെബ്‌സൈറ്റുകള്‍ വഴി റൂം ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പുകള്‍ നടക്കുന്നതെന്ന് കെ. ടി. എം പ്രസിഡന്റ് ജോസ് പ്രദീപ് ചൂണ്ടിക്കാട്ടി.
ടൂറിസം സീസണ്‍ ആരംഭിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കെ.ടി.എം അഭ്യര്‍ത്ഥിച്ചു. ബുക്കിംഗ് പൂര്‍ത്തിയാക്കിയ ശേഷം ഹോട്ടലിന്റെ റിസര്‍വേഷന്‍ വിഭാഗത്തില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് അതിഥികളെ ഫോണ്‍ വഴിയോ ഇ-മെയില്‍,വാട്സ്സാപ്പ് സന്ദേശങ്ങള്‍ വഴിയോ ബന്ധപ്പെട്ട് പണം തട്ടുന്നതാണ് ഇവരുടെ രീതി.
അഡ്വാന്‍സ് പേയ്‌മെന്റ് നല്‍കിയില്ലെങ്കില്‍ റൂം ബുക്കിംഗ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുക, ഉയര്‍ന്ന വിഭാഗത്തിലുള്ള മുറികള്‍ വാഗ്ദാനം ചെയ്യുക, ഇതിനായി അടിയന്തരമായി പണം അടയ്ക്കാന്‍ ആവശ്യപ്പെടുക എന്നിവയാണ് തട്ടിപ്പുകാരുടെ പ്രധാന തന്ത്രങ്ങള്‍.ഹോട്ടല്‍ ജീവനക്കാരന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ അയച്ചുനല്‍കി വിശ്വാസം നേടിയെടുത്ത ശേഷം ക്യു.ആര്‍. കോഡ് വഴിയോ പേയ്‌മെന്റ് ലിങ്കുകള്‍ വഴിയോ പണം കൈക്കലാക്കുന്ന രീതിയാണ് തട്ടിപ്പുകാര്‍ അവലംബിക്കുന്നത്. ഇതുവരെയായി പതിനായിരക്കണക്കിന് രൂപ നിരവധി സഞ്ചാരികള്‍ക്ക് നഷ്ടപ്പെട്ടതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്ത ശേഷം മുന്‍കൂര്‍ പേയ്മന്റ് ആവശ്യപ്പെട്ട് അപരിചിതരില്‍ നിന്ന് കോളുകളോ ഇമെയില്‍വാട്സ്സാപ്പ് സന്ദേശങ്ങളോ ലഭിച്ചാല്‍ ജാഗ്രതയോടെ പ്രതികരിക്കണമെന്ന് കെ.ടി.എം മുന്നറിയിപ്പ് നല്‍കി. .
ഏതെങ്കിലും പേയ്‌മെന്റ് നടത്തുന്നതിന് മുമ്പ്, ബുക്ക് ചെയ്ത ഹോട്ടലിന്റെ ഔദ്യോഗിക ഫോണ്‍ നമ്പറില്‍ നേരിട്ട് വിളിച്ച് വിവരങ്ങള്‍ സത്യമാണോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് കെ.ടി.എം. അംഗങ്ങളായ ഹോട്ടലുകള്‍ അവരുടെ വെബ്‌സൈറ്റുകളിലും വൗച്ചറുകളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ എല്ലാ വിനോദസഞ്ചാരികളും അതീവ ശ്രദ്ധയും മുന്‍കരുതലും എടുക്കണമെന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി അഭ്യര്‍ത്ഥിച്ചു.

