കേരളത്തില്‍ ആദ്യമായി ഓണം മെനുവുമായി ടാറ്റാ സ്റ്റാര്‍ബക്‌സ്

കൊച്ചി: പരമ്പരാഗത കേരളീയ രുചികള്‍ക്ക് പുതിയ മുഖം നല്‍കിക്കൊണ്ട് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സിന്റെയും സ്റ്റാര്‍ബക്‌സിന്റെയും സംയുക്ത സംരംഭമായ ടാറ്റ സ്റ്റാര്‍ബക്‌സ് സംസ്ഥാനത്ത് ആദ്യമായി ഓണം പ്രമേയമാക്കിയ പ്രത്യേക മെനു അവതരിപ്പിച്ചു.

ഓഗസ്റ്റ് 26 വരെ കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ഒമ്പത് സ്റ്റാര്‍ബക്‌സ് സ്റ്റോറുകളിലാണ് ഈ ലിമിറ്റഡ് എഡിഷന്‍ ഓണം മെനു ലഭ്യമാകുന്നത്. കേരളത്തിന്റെ പാചക പാരമ്പര്യത്തിലെ പരിചിതമായ രുചികള്‍ക്ക് സമകാലികമായ രൂപം നല്‍കുന്ന ഈ മെനുവില്‍ നേന്ത്രപ്പഴം, ചക്ക, അവിയല്‍, ഇഞ്ചിപ്പുളി, ശര്‍ക്കര തുടങ്ങിയ തനത് ചേരുവകളാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി മൂന്ന് പ്രധാന വിഭവങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സീസണല്‍ പച്ചക്കറികള്‍ ചേര്‍ത്ത അവിയലിനൊപ്പം മധുരവും പുളിയും കലര്‍ന്ന ഇഞ്ചിപ്പുളി സോസ് ചേര്‍ത്ത ‘അവിയല്‍ ഇഞ്ചിപ്പുളി റാപ്പ്’, കേരളശൈലിയില്‍ വറുത്തെടുത്ത കോഴിയിറച്ചി പച്ചിലകള്‍ക്കൊപ്പം പൊറോട്ടയില്‍ പൊതിഞ്ഞ ‘പൊരിച്ച കോഴി റാപ്പ്’, കേരളീയ സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്ത് വറുത്തെടുത്ത കോഴിയിറച്ചി നിറച്ച ‘നാടന്‍ കോഴി പഫ്’ എന്നിവയാണ് പ്രധാന ഭക്ഷണവിഭവങ്ങള്‍.

ഇതിനുപുറമെ, നേന്ത്രപ്പഴവും ശര്‍ക്കരയും ചക്കയും കൊണ്ടുള്ള മധുരപലഹാരങ്ങളും ഈ മെനുവിന്റെ പ്രത്യേകതയാണ്. നേന്ത്രപ്പഴം, നെയ്യ്, ശര്‍ക്കര എന്നിവ ചേര്‍ത്ത മിശ്രിതം പേസ്ട്രിയില്‍ നിറച്ച ‘നേന്ത്രപ്പഴം ശര്‍ക്കര തേങ്ങാ സ്ട്രൂഡല്‍’, പഴുത്ത നേന്ത്രപ്പഴവും ശര്‍ക്കരയും ചേര്‍ത്ത ‘നേന്ത്രപ്പഴം ശര്‍ക്കര ലോഫ് കേക്ക്’, സ്‌പോഞ്ച് കേക്കിനുള്ളില്‍ ചക്ക ക്രീം നിറച്ച ‘ചക്ക സ്വിസ് റോള്‍’ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

പഴുത്ത ചക്കയുടെ സ്വാഭാവിക തേന്‍ മധുരവും കറുവപ്പട്ടയുടെ സുഗന്ധവും ചേര്‍ന്ന ‘ചക്ക ഫ്‌ലാറ്റ് വൈറ്റ്’, സ്റ്റാര്‍ബക്‌സിന്റെ സിഗ്‌നേച്ചര്‍ കോള്‍ഡ് ബ്രൂവില്‍ ചക്കയുടെ രുചി ചേര്‍ത്ത ‘ചക്ക കോള്‍ഡ് ബ്രൂ’ എന്നീ രണ്ട് പ്രത്യേക പാനീയങ്ങളും ഈ ഓണം മെനുവിന് മാറ്റുകൂട്ടുന്നു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു